India National

സഖ്യചര്‍ച്ചക്കും കുതിരക്കച്ചവടത്തിനുമിടയില്‍ വിയര്‍ത്തൊഴുകി ശിവസേന

രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ആറുമാസത്തെ സമയം നല്‍കുന്നതിന് തുല്യമാണ് മഹാരാഷ്ട്രയില്‍ ധൃതിപിടിച്ച് നടപ്പിലാക്കിയ രാഷ്ട്രപതി ഭരണം. ഇതോടെ സഖ്യചര്‍ച്ചക്കും കുതിരക്കച്ചവടത്തിനുമിടയില്‍ ശിവസേന വിയര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക.

തുടക്കം മുതല്‍ തന്നെ ബി.ജെ.പിക്ക് അനുകൂലമായിരുന്നു ഗവര്‍ണറുടെ നീക്കങ്ങള്‍. എന്‍.സി.പിയുടെ സമയം അവസാനിക്കുന്നതിനു മുമ്പെ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ അയച്ചത് ഇതിലെ നിര്‍ണായക നീക്കമായി മാറി. കോണ്‍ഗ്രസും ശിവസേനയും തമ്മില്‍ സഖ്യമുണ്ടാവില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ കണക്കുകൂട്ടലിന് പിഴക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് ഗവര്‍ണറുടെ ഈ അപ്രതീക്ഷിത നീക്കം. ഇതോടെ ചര്‍ച്ചകള്‍ക്കും സഖ്യരൂപീകരണത്തിനും എല്ലാവര്‍ക്കും ആറുമാസക്കാലം ലഭിക്കുകയാണുണ്ടായത്. ആറുമാസക്കാലം തന്നതിനെ പുറമെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഒന്നുകില്‍ പൊതുമിനിമം പരിപാടി അംഗീകരിച്ച് കോണ്‍ഗ്രസിനൊപ്പം പോവുകയോ അല്ലെങ്കില്‍ മുഖ്യമന്ത്രി പദവിയില്‍ വിട്ടുവീഴ്ച ചെയ്ത് ബി.ജെ.പി മുന്നണിയില്‍ തിരിച്ചു പോവുകയോ ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ് ശിവസേന.

അവസരം കൊടുക്കാതിരുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ച് എത്രയും പെട്ടെന്ന് അനുകൂല വിധി സമ്പാദിക്കുന്നില്ലെങ്കില്‍ ശിവസേനയുടെ വിലപേശല്‍ ശക്തി പൂര്‍ണമായും ഇല്ലാതാകുന്ന ചിത്രമായിരിക്കും മഹാരാഷ്ട്രയില്‍ രൂപപ്പെടുന്നത്. തെരഞ്ഞെടുപ്പിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെങ്കില്‍ പാര്‍ട്ടിയെ കാത്തിരിക്കുന്നതാകട്ടെ വന്‍തിരിച്ചടിയായിരിക്കും.