Cricket Sports

ജഡേജയും വാലറ്റവും പൊരുതിയെങ്കിലും ഇന്ത്യ തോറ്റു

ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്റ് 8ന് 273 റണ്‍സ് നേടി. പിന്തുടര്‍ന്ന ഇന്ത്യ 251ന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും കിവീസ് 2-0ത്തിന് സ്വന്തമാക്കി…

ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി. ഓക്‌ലന്റ് ഏകദിനത്തില്‍ 22 റണ്‍സിനാണ് ഇന്ത്യയെ ന്യൂസിലന്റ് തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്റ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് നേടി. പിന്തുടര്‍ന്ന ഇന്ത്യ 251ന് ഓള്‍ ഔട്ടാവുകയായിരുന്നു.

സ്‌കോര്‍

ന്യൂസിലന്റ് 8/273

ഇന്ത്യ 251(48.3)

ഇന്ത്യക്കുവേണ്ടി ബാറ്റിംങില്‍ അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരും(57 പന്തില്‍ 52) രവീന്ദ്ര ജഡേജയും(73 പന്തില്‍ 55) വാലറ്റത്ത് സെയ്നിയും(49 പന്തില്‍ 45) മാത്രമാണ് പൊരുതിയത്. മുന്‍ നിര തകര്‍ന്നപ്പോള്‍ വാലറ്റത്തെ കൂട്ടുപിടിച്ച് പൊരുതിയ ജഡേജയാണ് ഇന്ത്യയുടെ പരാജയഭാരം കുറച്ചത്.

മുന്‍നിരയില്‍ പൃഥ്വി ഷാ(19 പന്തില്‍ 24), മായങ്ക്(3), കോഹ്ലി(15), രാഹുല്‍(4) ജാദവ്(9) തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി. ശ്രേയസ് അയ്യര്‍ മാത്രമാണ് ഏഴ് ബൗണ്ടറിയും ഒരു സിക്‌സുമായി അല്‍പമെങ്കിലും പിടിച്ചു നിന്നത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ശ്രേയസിനെ ലാഥമിന്റെ കൈകളിലെത്തിച്ച് ബെന്നറ്റ് കിവീസിന് ബ്രേക്ക് നല്‍കി.

പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജ നടത്തിയ ധീരമായ ചെറുത്തു നില്‍പാണ് കണ്ടത്. ശാര്‍ദുല്‍(18) ഗ്രാന്റ്‌ഹോമിന് വിക്കറ്റ് നല്‍കിയതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചതാണ്. 49 പന്തില്‍ 45 റണ്‍സുമായി സെയ്‌നി ജഡേജക്കൊപ്പം ചേര്‍ന്നതോടെയാണ് ഇന്ത്യന്‍ ഇന്നിംങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്. 76 റണ്‍സാണ് ഇരുവരും എട്ടാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. സെയ്‌നിയുടെ വിക്കറ്റ് അരങ്ങേറ്റക്കാരന്‍ ജാമിസണ്‍ തെറിപ്പിക്കുകയും ചാഹല്‍(10) റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. അവസാനവിക്കറ്റായാണ് ജഡേജ പുറത്തായത്.

കിവീസ് നിരയില്‍ ബെന്നറ്റ്, സൗത്തി, ജാമിസണ്‍, ഗ്രാന്റ് ഹോം എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ ജാമിസണ്‍ ബാറ്റിംങിലും തിളങ്ങിയിരുന്നു. ഒമ്പതാം വിക്കറ്റില്‍ ജാമിസണും റോസ് ടെയ്‌ലറും ചേര്‍ന്ന് നേടിയ 76 റണ്‍സാണ് കളിയില്‍ നിര്‍ണ്ണായകമായത്. ജാമിസണ്‍ തന്നെയാണ് കളിയിലെ താരം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ കിവീസ് ബാറ്റ്‌സ്മാന്മാരെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വട്ടം കറക്കിയപ്പോള്‍ ന്യൂസിലന്റ് സ്‌കോര്‍ 273ല്‍ ഒതുങ്ങി. മാര്‍ട്ടിന്‍ ഗുപ്റ്റിലും(79) റോസ് ടെയ്‌ലറും(73*) ന്യൂസിലന്റിനായി അര്‍ധ സെഞ്ചുറികള്‍ നേടി. യുസ്‌വേന്ദ്ര ചഹാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഒരു ഘട്ടത്തില്‍ 8ന് 197 എന്ന നിലയിലേക്ക് തകര്‍ന്ന ന്യൂസിലന്റ് അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ 76 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്. അരങ്ങേറ്റക്കാരന്‍ ജാമിസണായിരുന്നു(24 പന്തില്‍ 25*) റോസ് ടെയ്‌ലര്‍ക്ക്(74 പന്തില്‍ 73) സ്വപ്‌ന തുല്യമായ ഇന്നിംങ്‌സിലൂടെ പിന്തുണ നല്‍കിയത്.

ഓപണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും(79 പന്തില്‍ 79) നിക്കോള്‍സും(59 പന്തില്‍ 41) ചേര്‍ന്ന് മികച്ച തുടക്കമാണ് ന്യൂസിലന്റിന് നല്‍കിയത്. നിക്കോള്‍സിനെ ചഹാല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ബ്ലണ്ടലിനെ(22) താക്കൂര്‍ മടക്കുകയും ചെയ്തതോടെ ന്യൂസിലന്റ് പതറി. ഗുപ്റ്റിലിനെ അപ്രതീക്ഷിതമായി റണ്ണൗട്ടാവുക കൂടി ചെയ്തതോടെ ന്യൂസിലന്റിന്റെ ബാറ്റിംങ് തകര്‍ച്ച തുടങ്ങി.

ലാഥം(7), നീഷാം(3), ഗ്രാന്റ്‌ഹോം(5), ചാപ്മാന്‍(1), സൗത്തി(3) തുടങ്ങിയവരെല്ലാം വന്നതുപോലെ പോയി. ആ തകര്‍ച്ചയില്‍ നിന്നാണ് ജാമിസണിന്റെ പിന്തുണ ഒരറ്റത്ത് ഉറച്ചു നിന്ന ടെയ്‌ലര്‍ക്ക് സഹായകരമായത്. ജാമിസണ്‍ ഒരു ഫോറും രണ്ട് സിക്‌സും നേടി.

ചഹാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിപ്പോള്‍ പത്ത് ഓവറില്‍ വെറും 35 റണ്‍ മാത്രം വിട്ടുകൊടുത്തായിരുന്നു ജഡേജ ഒരു വിക്കറ്റ് നേടിത്. ശാര്‍ദൂല്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.