Cricket Sports

ലിച്ച്ഫീൽഡിന് സെഞ്ച്വറി; ഇന്ത്യക്കെതിരെ ഓസീസ് വനിതകള്‍ക്ക് കൂറ്റന്‍ സ്‌കോര്‍

ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസീസ് വനിതകള്‍ക്ക് കൂറ്റന്‍ സ്‌കോര്‍. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തു. ഓസീസിനായി ഓപ്പണർ ഫോബ് ലിച്ച്ഫീൽഡ് 119 റൺസ് നേടി. ഓസ്‌ട്രേലിയയോട്‌ ഇന്ത്യന്‍ വനിതകള്‍ വഴങ്ങുന്ന ഏറ്റവും വലിയ സ്‌കോറാണിത്.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തീരുമാനം തെറ്റിയില്ല, ഓപ്പണര്‍മാരായ ലിച്ച്ഫീല്‍ഡും ക്യാപ്റ്റന്‍ അലിസ്സ ഹീലിയും മികച്ച അടിത്തറയാണ് പാകിയത്. ഇരുവരും ചേര്‍ന്ന് ഒന്നാംവിക്കറ്റില്‍ 189 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അലിസ്സ ഹീലിയെയാണ് (82) ഓസ്‌ട്രേലിയക്ക് ആദ്യം നഷ്ടമായത്. എലിസ് പെറി(16), അന്നബെല്ലെ സതർലാൻഡ്(23), ബെത്ത് മൂണി(3), താലിയ മഗ്രാത്ത്(0), ആഷ്‌ലി ഗാർഡ്(30) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.

സെഞ്ചുറി നേടിയ ലിച്ച്ഫീൽഡിനെ ദീപ്തി ശര്‍മയാണ് പുറത്താക്കിയത്. ദീപ്തിയുടെ ഏകദിന ക്രിക്കറ്റിലെ നൂറാംവിക്കറ്റ് നേട്ടമാണിത്. 125 പന്തിൽ 16 ഫോറും 1 സിക്സും അടങ്ങുന്നതാണ് ലിച്ച്ഫീൽഡിൻ്റെ ഇന്നിംഗ്സ്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ പരമ്പര ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. അവസാന മത്സരത്തിൽ ആശ്വാസ വിജയത്തിനാണ് ഇന്ത്യൻ വനിതകളുടെ ശ്രമം.