Cricket Sports

മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി വിരാട് കോഹ്‌ലി

ന്യൂസിലന്റിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയും സമ്പൂര്‍ണ്ണമായി അടിയറവെച്ച ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങളോട് തട്ടിക്കയറി വിരാട് കോഹ്‌ലി. രണ്ടാം ടെസ്റ്റിനിടെ നടന്ന ഒരു വിവാദ സംഭവത്തെ സൂചിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ അമിതാവേശം കുറക്കേണ്ടതുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ന്യൂസിലന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പുറത്തായപ്പോഴായിരുന്നു കോഹ്‌ലി അമിതാഘോഷം നടത്തിയത്. അത് ന്യൂസിലന്റിലെ പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. സംഭവത്തെ കുറിച്ച് ന്യൂസിലന്റ് ക്യാപ്റ്റനോടും നേരത്തെ മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ‘അത് കോഹ്‌ലിയല്ലേ, ക്രിക്കറ്റ് വലിയ ആവേശത്തോടെ കളിക്കുന്നയാളല്ലേ’ എന്നമട്ടില്‍ നിസാരവല്‍ക്കരിക്കുകയാണ് കെയ്ന്‍ ചെയ്തത്. അതോടെ മാച്ച് റഫറി രഞ്ജന്‍ മദുഗലെയും ഇക്കാര്യത്തില്‍ നടപടിയൊന്നും എടുത്തില്ല.

ഇക്കാര്യം ചൂണ്ടിക്കാണിച്ച് ആവേശം കുറച്ച് കുറക്കണോ എന്നായിരുന്നു ചോദ്യം. താങ്കള്‍ക്കെന്ത് തോന്നുന്നുവെന്ന മറുചോദ്യമാണ് കോഹ്‌ലി മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചത്. ഞാന്‍ താങ്കളോടാണ് ചോദിച്ചതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറുപടി. ഇതോടെ കൂടുതല്‍ പ്രകോപിതനായ കോഹ്‌ലി താങ്കള്‍ക്കുള്ള ഉത്തരമാണ് പറഞ്ഞതെന്ന് പറഞ്ഞു.

ഇതോടെ മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടല്ലോ എന്നായി മാധ്യമപ്രവര്‍ത്തകന്‍. ഇനി വരുമ്പോള്‍ മികച്ച ചോദ്യവുമായി വരണമെന്നും പാതി ചോദ്യങ്ങളും പാതി വിവരങ്ങളുമായി വരരുതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. വിവാദങ്ങളുണ്ടാക്കാനാണ് ശ്രമമെങ്കില്‍ നടക്കില്ലെന്നും മാച്ച് റഫറിയുമായി താന്‍ സംസാരിച്ചെന്നും അദ്ദേഹത്തിന് പ്രശ്‌നമില്ലെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.