Cricket Sports

‘താരങ്ങളെ പരിശീലിപ്പിക്കാന്‍ സൗകര്യങ്ങളില്ല; സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഇന്ത്യ സഹായിക്കണം’; ഇറാന്‍ പരിശീലകന്‍


താരങ്ങളെ പരശീലിപ്പിക്കാന്‍ മതിയായ സൗകര്യങ്ങളില്ലെന്നും സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഇന്ത്യ സഹായിക്കണമെന്നും ഇറാന്‍ അണ്ടര്‍ 19 ടീം പരിശീലകന്‍ അസ്ഗര്‍ അലി റെയ്‌സി. ഇറാന്‍ താരങ്ങളെ പരിശീലിപ്പിക്കുന്നതിനും അമ്പയറിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബിസിസിഐ സഹായിക്കണമെന്നും ഇറാന്‍ പരിശീലകന്‍ അഭ്യര്‍ഥിച്ചു.

ഐപിഎല്ലില്‍ ഇറാന്‍ താരങ്ങള്‍ക്ക് അവസരം കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും താരങ്ങള്‍ ധോണിയുടെയും കോഹ്ലിയുടെയും ആരാധകരാണെന്നും അസ്ഗര്‍ അലി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.

ചബാഹറില്‍ 4000 പേര്‍ക്ക് ഇരിക്കാനുള്ള സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഇറാന്‍ പദ്ധതിയുണ്ട്. എന്നാല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം കാരണം സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണം തടസ്സപ്പെട്ടു. 2018ല്‍ ഇറാന് ടി20യില്‍ ഐസിസി അംഗീകാരം ലഭിച്ചിരുന്നു.

ദേശീയ താരങ്ങളെ പരിശീലിപ്പിക്കാന്‍ ബിസിസിഐ മുന്നോട്ടുവരണമെന്ന് അസ്ഗര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ക്ക് ഇന്ത്യ സഹായം നല്‍കിയിരുന്നു. താരങ്ങളുടെ പരിശീലനത്തിനായി ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം ബിസിസിഐ വിട്ടുനല്‍കിയിരുന്നു. ഇതാണ് ഇറാനെയും സഹായം അഭ്യാര്‍ഥിക്കാന്‍ പ്രേരണയായത്.