Cricket Sports

ഗാംഗുലി പൊളിച്ചടുക്കുകയാണോ?… ഐ.പി.എല്‍ ഉദ്ഘാടന ആഘോഷം പാഴ്‍ചെലവ്, ഒഴിവാക്കും

ഒരോ തവണയും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌.പി.‌എൽ) ഉദ്ഘാടന ചടങ്ങിന് ബി.സി.സി.ഐ പൊടിക്കുന്നത് ഏകദേശം 30 കോടി രൂപയോളമാണ്. 2008 ൽ ലീഗ് ആരംഭിച്ചതുമുതൽ, ഐ‌.പി.‌എല്ലിന്റെ എല്ലാ പതിപ്പുകളിലും ഉദ്ഘാടന ചടങ്ങ് അത്യാഢംബരമായി നടത്തിയിട്ടുണ്ട്. സിനിമ അടക്കം വിനോദ ലോകത്തെ നിരവധി താരങ്ങളാണ് ഓരോ ഉദ്ഘാടന ആഘോഷങ്ങള്‍ക്കും എത്താറുള്ളത്. എന്നാല്‍ ഈ ആഢംബര ആഘോഷം വെറും പാഴ്‍ചെലവ് ആണെന്നാണ് പുതിയ ബി.സി.സി.ഐ സമിതിയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇങ്ങനെ വെറുതെ പണം പാഴാക്കാനുള്ള ഈ ചടങ്ങ് ഒഴിവാക്കാനാണ് ബി.സി.സി.ഐ തീരുമാനം. അടുത്തിടെ നടന്ന ഐ‌.പി.‌എൽ ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് തീരുമാനം എടുത്തത്.

വരാനിരിക്കുന്ന സീസൺ സംബന്ധിച്ച് നിരവധി തീരുമാനങ്ങൾ യോഗത്തില്‍ എടുത്തിരുന്നു. ഒരു പ്രത്യേക ‘നോ-ബോൾ അമ്പയറെ’ കൊണ്ടു വരാനുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഉദ്ഘാടനച്ചടങ്ങിനോട് ക്രിക്കറ്റ് ആരാധകർക്ക് വലിയ താൽപ്പര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും താരങ്ങളെയും അഭിനേതാക്കളെയും ചടങ്ങിലേക്ക് കൊണ്ടുവരാന്‍ ബോർഡിന് ധാരാളം പണം ചെലവഴിക്കേണ്ടതുണ്ടെന്നും ബി.സി.സി.ഐ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. മൊത്തത്തിൽ, ഈ ചടങ്ങിന് വേണ്ടി പൊടിക്കുന്ന പണവും വരുമാനവും താരതമ്യം ചെയ്യുമ്പോള്‍ അത്ര സുഖകരമല്ല കണക്കുകളെന്നും ബി.സി.സി.ഐ പറയുന്നു. നോ-ബോളുകള്‍ നിരീക്ഷിക്കാന്‍ വേണ്ടി ഒരു അമ്പയർ വേണമെന്ന തീരുമാനം ഈ സീസണ്‍ മുതലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണിൽ നിരവധി ബാറ്റ്സ്മാന്‍മാര്‍ പുറത്തായ ശേഷം പിന്നീട് റീപ്ലേയിൽ ബോളറുടെ ഓവര്‍ സ്റ്റെപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു. പിശകുകളും വിവാദങ്ങളും കുറയ്ക്കുക എന്നതാണ് പുതിയ അമ്പയറെ കൊണ്ട് ഉദ്ദേശിക്കുന്നത്.