Cricket Sports

ഐപിഎൽ; അവസാന ഓവറിൽ തകർത്തടിച്ച് ധോണി: ഡൽഹിയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ ഫൈനലിൽ

ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലിൽ. ഐപിഎല്‍ പതിനാലാം സീസണില്‍ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 173 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ നേടി. അവസാന ഓവറില്‍ എം എസ് ധോണിയുടെ തകർപ്പൻ ഫിനിഷിംഗിലായിരുന്നു ചെന്നൈയുടെ ജയം.

മറുപടി ബാറ്റിംഗില്‍ ആദ്യ ഓവറിലെ നാലാം പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത ഫാഫ് ഡുപ്ലസി നോര്‍ജെയുടെ പേസിന് മുന്നില്‍ ബൗള്‍ഡായി. എന്നാല്‍ റുതുരാജ് ഗെയ്‌ക്‌വാദ്-റോബിന്‍ ഉത്തപ്പ സഖ്യം 59 റണ്‍സിലെത്തിച്ചു. ഉത്തപ്പ 35 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. 13-ാം ഓവറില്‍ ചെന്നൈ 100 തികച്ചു. എന്നാല്‍ 110 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് 14-ാം ഓവറില്‍ ടോം കറന്‍റെ മൂന്നാം പന്തില്‍ ബൗണ്ടറിലൈന്‍ ക്യാച്ചുമായി ശ്രേയസ് തകർത്തു. 44 പന്തില്‍ 63 റണ്‍സെടുത്ത ഉത്തപ്പ പുറത്തായി. പിന്നാലെ 37 പന്തില്‍ നിന്ന് ഗെയ്‌ക്‌വാദ് ഫിഫ്റ്റി പൂര്‍ത്തിയാക്കി. അടുത്ത ഓവറില്‍ അമ്പാട്ടി റായുഡു(1) രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ റണ്ണൗട്ടായി. അവസാന മൂന്ന് ഓവറില്‍ 35 റണ്‍സായി ചെന്നൈയുടെ ലക്ഷ്യം. ഗെയ്‌ക്‌വാദ്(50 പന്തില്‍ 70) ആവേഷിന്‍റെ 19-ാം ഓവറിലെ ആദ്യ പന്തില്‍ അക്‌സറിന്‍റെ ക്യാച്ചില്‍ പുറത്തായി. മൊയീന്‍ അലി(12 പന്തില്‍ 16) മടങ്ങി. എന്നാല്‍ മൂന്ന് ബൗണ്ടറികളോടെ 13 റണ്‍സ് അടിച്ചെടുത്ത് ധോണി ടീമിനെ ജയിപ്പിച്ചു. ധോണിയും 6 പന്തില്‍ 18 റൺസെടുത്തു. രവീന്ദ്ര ജഡേജയും (0) പുറത്താകാതെ നിന്നു. ആദ്യ ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 172 റണ്‍സെടുത്തു. പൃഥ്വി ഷാ, റിഷഭ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ചുറിയിലും ഷിമ്രോന്‍ ഹെറ്റ്‌മയറുടെ അതിവേഗ സ്‌കോറിംഗിലുമാണ് ഡല്‍ഹിയുടെ നേട്ടം. തോറ്റെങ്കിലും ഡല്‍ഹിക്ക് ഫൈനലിലെത്താന്‍ ഒരു അവസരം കൂടിയുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എലിമിനേറ്ററിലെ വിജയികളെ രണ്ടാം ക്വാളിഫയറിൽ ഡല്‍ഹി നേരിടും.