Cricket Sports

ഐ.പി.എല്ലിനും കൊറോണ ഭീഷണി

ഐ.പി.എല്ലില്‍ വിദേശ താരങ്ങളെ ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഐ.പി.എല്ലിന്റെ ഭാവി സംബന്ധിച്ച് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്…

ലോകത്തെ ഏറ്റവും ആഢംബരമുള്ള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റായ ഐ.പി.എല്ലിനേയും കൊറോണ ബാധിക്കുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട മൈതാനത്ത് മത്സരങ്ങള്‍ നടക്കാനാണ് കൂടുതല്‍ സാധ്യതയെന്ന് ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ടു ചെയ്തു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രതികരണത്തിന്റെ ചുവടുപിടിച്ചാണ് ഐ.പി.എല്ലിനേയും കൊറോണ പിടികൂടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ബുധനാഴ്ച്ച ലോകാരോഗ്യ സംഘടന കോവിഡ് 19നെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ലോകത്താകെ 118 രാജ്യങ്ങളില്‍ 1.20 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 4300ലേറെ മരണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ 73 കോവിഡ് 19 സ്ഥിരീകരിച്ചെങ്കിലും ഒരു മരണം പോലും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നാണ് കേന്ദ്ര കായിക മന്ത്രി റിജിജു പാര്‍ലമെന്റിന് പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് മാത്രമേ മത്സരങ്ങള്‍ നടത്താനൂ. മറ്റെന്തിനെക്കാളും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനാണ് മുന്‍ഗണനയെന്നും റിജിജു പറഞ്ഞു. കളികള്‍ നിര്‍ത്തണമെന്നല്ലെന്നും ആവശ്യമായ മുന്‍കരുതല്‍ എടുത്ത ശേഷമേ മത്സരങ്ങള്‍ നടത്താനാകൂ എന്നും റിജിജു കൂട്ടിച്ചേര്‍ത്തു.

പതിനായിരക്കണക്കിന് കാണികളാണ് ഓരോ ഐ.പി.എല്‍ മത്സരത്തിനും എത്തുക. ഇവര്‍ക്കുവേണ്ടി സ്‌ക്രീനിംങ് മെഷീനുകള്‍ അടക്കമുള്ളവ സ്റ്റേഡിയത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരും. കൊറോണ വൈറസ് പകരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ട് ഇത്തരം മത്സരങ്ങള്‍ നടത്തുക പ്രായോഗികമല്ല. ഇതോടെ ശനിയാഴ്ച്ച നടക്കുന്ന ഐ.പി.എല്‍ ഗവേണിംങ് കൗണ്‍സില്‍ യോഗം നിര്‍ണ്ണായകമായി.

ഐ.പി.എല്ലില്‍ വിദേശകളിക്കാരെ ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയുടെ ഭാവിയും കൊറോണയുടെ പശ്ചാത്തലത്തില്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ബി.സി.സി.ഐ ഇന്ന് ആദ്യമായി കൊറോണ അകറ്റിനിര്‍ത്താന്‍ കളിക്കാര്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.