Cricket Sports

ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയിലെ ആദ്യ മത്സരം ഇന്ന്

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്ബരയിലെ ആദ്യ മത്സരം ഇന്ന് ധരംശാലയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മത്സരം. ഏകദിന പരമ്ബരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. അതെ സമയം ഇന്നത്തെ മത്സരം നടക്കുന്ന ധരംശാലയില്‍ കനത്ത മഴ ഉണ്ടാവുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരം നടക്കുമോ എന്നതും സംശയമാണ്. കൂടാതെ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് മത്സരത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റൊഴിഞ്ഞ് പോയിട്ടുമില്ല.

ന്യൂസിലാന്‍ഡിനെതിരായ പരമ്ബരയിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍കൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാനാവും ഇന്ത്യയുടെ ശ്രമം. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്ബരയില്‍ ഫോമിലെത്താന്‍ കഴിയാതെ പോയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഫോമിലേക്ക് തിരിച്ചുവരാനുള്ള ഒരു അവസരം കൂടിയാണിത്. ന്യൂസിലാന്‍ഡില്‍ മൂന്ന് ഏകദിന മത്സരങ്ങള്‍ കളിച്ച വിരാട് കോഹ്‌ലി വെറും 75 റണ്‍സ് മാത്രമാണ് എടുത്തത്.

പരിക്ക് മാറി ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം കരുത്തരായ ഓസ്ട്രേലിയക്കെതിരെ പരമ്ബര ജയിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടാന്‍ ഇറങ്ങുന്നത്.