ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക് ജയം. 7 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ലങ്ക ഉയർത്തിയ 263 റൺസ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ ഇന്ത്യ മറികടന്നു.
പൃഥ്വി ഷായും ഇഷാന്‍ കിഷനും നല്‍കിയ മിന്നും തുടക്കത്തിനൊപ്പം ക്യാപ്റ്റൻ ശിഖർ ധവാനും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ അനായാസം ലക്ഷ്യം മറികടന്നു. പൃഥ്വി ഷാ 24 പന്തിൽ 43 റൺസും ഇഷാന്‍ കിഷന്‍ തന്റെ അരങ്ങേറ്റ മത്സരത്തിൽ അര്‍ദ്ധ ശതകവും ( 42 പന്തിൽ 59 റൺസ്) എന്നിവര്‍ക്കൊപ്പം പുറത്താകാതെ 86 റൺസ് നേടി ശിഖര്‍ ധവാനും കളം നിറഞ്ഞു.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ചെറുതും വലുതുമായ സംഭാവനകളിലൂടെയാണ് പൊരുതാവുന്ന സ്കോറുയര്‍ത്തിയത്. ലങ്കന്‍ നിരയില്‍ ഒരാള്‍ക്കും അര്‍ധ സെഞ്ച്വറി പിന്നിടാനായില്ല. ദേഭപ്പെട്ട തുടക്കം കിട്ടിയവരെയെല്ലാം വലിയ സ്കോറിലേക്ക് പറക്കും മുമ്പേ ഇന്ത്യന്‍ ബൗളര്‍മാര്‍ ചിറകരിയുകയായിരുന്നു.
43 റണ്‍സെടുത്ത കരുണരത്നെയാണ് ലങ്കയുടെ ടോപ്പ് സ്കോറര്‍. ആവിഷ്ക ഫെര്‍ണാണ്ടോ (32), ബനുക (27), രാജപക്സ (24), അസലങ്ക (38), ഷനക (39) എന്നിങ്ങനെയാണ് മറ്റുപ്രധാനപ്പെട്ട സ്കോറുകള്‍. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 50ാം ഓവറില്‍ രണ്ട് സിക്സറുകളടക്കം കരുണരത്നെ അടിച്ചുകൂട്ടിയ 19 റണ്‍സാണ് ലങ്കന്‍ സ്കോര്‍ 262ലെത്തിച്ചത്.