Cricket Sports

ഡബിള്‍ അടിക്കാതെ രോഹിത് വീണു, പിന്നാലെ രഹാനെയും; ആദ്യ ദിനം മുന്നൂറ് കടന്ന് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ 300ന് ആറ് എന്ന നിലയിലാണ്. 33 റണ്‍സുമായി ഋഷഭ് പന്തും അഞ്ച് റണ്‍സുമായി അക്സര്‍ പട്ടേലുമാണ് ക്രീസില്‍.

നേരത്തെ മികച്ച പാര്‍ട്ണര്‍ഷിപ്പുമായി മുന്നേറിയ രോഹിത്തിന്‍റെയും രഹാനെയുടേയും വിക്കറ്റുകള്‍ ഇന്ത്യക്ക് തുടരെ നഷ്ടമായിരുന്നു. 161 റണ്‍സ് എടുത്ത് നില്‍ക്കെയാണ് രോഹിത് പുറത്താകുന്നത്. തൊട്ടുപിന്നാലെ രഹാനെയും മടങ്ങി. 60 റണ്‍സുമായാണ് രഹാനെ കൂടാരം കയറിയത്. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യക്ക് രണ്ട് വിക്കറ്റുകളും നഷ്ടമായത്. മോയിന്‍ അലിയാണ് രണ്ട് പേരെയും മടക്കിയത്.

രോഹിത്തിനും രഹാനെക്കും പിന്നാലെ 13 റണ്‍സെടുത്ത അശ്വിന്‍റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായിരുന്നു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് അശ്വിനെ പുറത്താക്കിയത്. മൂന്ന് വിക്കറ്റ് നേട്ടത്തോടെ മോയിന്‍ അലിയാണ് ഇംഗ്ലണ്ട് നിരയില്‍ മികച്ചുനിന്നത്.

വിരാട് കോഹ്‍ലിയെ ബൌള്‍ഡ് ആക്കിയതിന് സമാനമായ പന്തിലാണ് രഹാനെയെയും മോയിന്‍ അലി പുറത്താക്കിയത്. ഓഫ് സൈഡില്‍ പിച്ച് ചെയ്ത പന്തില്‍ രഹാനെ സ്വീപ്പിന് ശ്രമിച്ചത് മാത്രമായിരുന്നു ആകെ വ്യത്യാസം. കുത്തിത്തിരിഞ്ഞ് അകത്തേക്ക് കയറിയ പന്ത് രഹാനെയുടെ സ്റ്റമ്പിളക്കുകയായിരുന്നു. നേരത്തെ ഓഫ് സൈഡില്‍ കുത്തിത്തിരിഞ്ഞ പന്തില്‍ ഡ്രൈവിന് ശ്രമിച്ച കോഹ്‍ലിയെ ഞെട്ടിച്ച് കൊണ്ട് മോയിന്‍ അലിയുടെ പന്ത് വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.

നേരത്തെ സ്‌കോർ ബോർഡ് തുറക്കും മുമ്പെ ഓപണർ ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ട് പതർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. ഒല്ലി സ്‌റ്റോൺ ഗില്ലിനെ വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാൻ ചേതേശ്വർ പുജരായ്ക്കും നിലയുറപ്പിക്കാനായില്ല. 58 പന്തിൽ നിന്ന് രണ്ട് ബൗണ്ടറികളോടെ 21 റൺസെടുത്ത പുജാരയെ ജാക്ക് ലീച്ച് സ്റ്റോക്‌സിന്‍റെ കൈകളിലെത്തിച്ചു. പിന്നീട് വന്ന കോഹ്‍ലിയാകട്ടെ അക്കൌണ്ട് തുറക്കുന്നതിന് മുന്നേ തന്നെ മടങ്ങി. തുടര്‍ന്ന് ഒരുമിച്ച രോഹിത്-രഹാനെ സഖ്യമാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. 162 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.