“റിവേഴ്സ് സ്വിങ് ലഭിക്കുന്നത് കണ്ടപ്പോൾ ബുംറ പന്ത് ചോദിച്ചുവാങ്ങി. ആ സ്പെൽ എറിഞ്ഞ് രണ്ട് വിക്കറ്റ് വീഴ്ത്തി.”- വിരാട് കോലി (india test victory england)
“ബുംറയുടെ സ്പെൽ ആണ് മത്സരത്തിൽ നിർണായകമായത്. അയാൾ ലോകോത്തര ബൗളറാണ്.’- ജോ റൂട്ട്
മത്സരത്തിനു ശേഷം രണ്ട് ക്യാപ്റ്റന്മാരുടെയും വാക്കുകൾ. 6 ഓവറിൽ മൂന്ന് മെയ്ഡൻ അടക്കം 6 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ ആ സ്പെൽ ആണ് രണ്ട് പേരും പറയുന്നത്. റിവേഴ്സ് സ്വിങ് എല്ലാവർക്കും വഴങ്ങുന്ന കലയല്ല. ഇന്ത്യൻ പേസ് ബാറ്ററിയിൽ റിവേഴ്സ് സ്വിങ് എറിയാൻ കഴിയുന്നത് ഷമിക്കായിരുന്നു. ഈ കളി സാക്ഷാൽ ജെയിംസ് ആൻഡേഴ്സണു പോലും പേസ് ബൗളിംഗിലെ ആ മാജിക്കൽ ആർട്ട് പുറത്തെടുക്കാനായില്ല. പക്ഷേ, ബുംറയ്ക്ക് കഴിഞ്ഞു. വെറും അര മണിക്കൂറിനുള്ളിൽ അയാൾ ഇന്ത്യയെ ഡ്രൈവിങ് സീറ്റിലിരുത്തി. വസീം അക്രമിന്റെ റിവേഴ്സ് സ്വിങ് കണ്ട് കോരിത്തരിച്ച ക്രിക്കറ്റ് ലോകത്തിനു പാടിനടക്കാൻ ഒരു ആറോവർ സ്പെൽ. ഒരു മാച്ചും, അല്പം കൂടി കടന്ന് ചിന്തിച്ചാൽ ഒരു പരമ്പരയും ഡിസൈഡ് ചെയ്ത അര ഡസൻ ഓവറുകൾ. വെറും ആറ് ഓവറുകൾ. അതിൽ രണ്ട് വിക്കറ്റ്. രണ്ടും ബൗൾഡ്. ഒലി പോപ്പും ജോണി ബെയർസ്റ്റോയും പുറത്തായത് ഒരു ഫാസ്റ്റ് ബൗളർക്ക് ഏറ്റവും സംതൃപ്തി നൽകുന്ന രീതിയിലായിരുന്നു. ബീറ്റൺ ബൈ ദ പേസ്, ബൗൺസ്, സ്വിങ്. ടിംബർ. എല്ലാ രീതിയിലും ബൗളറുടെ വിക്കറ്റുകൾ.
100 ശതമാനം ബാറ്റിംഗ് പിച്ചിലായിരുന്നു അവസാന ദിവസത്തെ കളി. ചത്ത പിച്ചിൽ റഫ് പാച്ച് കണ്ടെത്തി അവിടെ നിരന്തരം എറിഞ്ഞുകൊണ്ടിരുന്ന ജഡേജ രണ്ട് കാര്യങ്ങളാണ് ഇന്ത്യക്ക് നൽകിയത്. ഒന്ന്, റിവേഴ്സ് സ്വിങ്. രണ്ട്, രണ്ട് വിക്കറ്റുകൾ. ഒരേയൊരു സ്പോട്ടാണ് സ്പിൻ അസിസ്റ്റ് ചെയ്യുന്നതായി പിച്ചിലുണ്ടായിരുന്നത്. ഒരൊറ്റ റഫ് പാച്ച്. അവിടെയാണ് ജഡേജ പന്തെറിയുന്നതെന്ന് മനസ്സിലാക്കിയ ജോ റൂട്ട് ജഡേജക്കെതിരെ റിവേഴ്സ് സ്വീപ് കളിച്ചത് തന്ത്രം മാറ്റിപ്പരീക്ഷിക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പക്ഷേ, ഹസീബ് ഹമീദിന് അത്രത്തോളം ഇന്നൊവേറ്റിവ് ആവാനായില്ല. റഫ് പാച്ചിൽ ലാൻഡ് ചെയ്ത് ഹസീബിൻ്റെ ദുർബലമായ പ്രതിരോധം കീറിമുറിച്ച് സ്റ്റമ്പ് പിഴുത പന്ത് ജഡേജയുടെ കഠിനാധ്വാനത്തിൻ്റെ വിലയായിരുന്നു. ഇതേ റഫ് പാച്ചിൽ നിന്ന് മൊയീൻ അലിയെ സൂര്യകുമാർ യാദവിൻ്റെ കൈകളിലെത്തിച്ച ജഡേജ ഒരിക്കൽ കൂടി പ്രവചനങ്ങളെ വെല്ലുവിളിച്ചു. ഈ ഏറൊക്കെക്കൊണ്ട് തന്നെ പന്തിൻ്റെ ഒരു വശം റഫ് ആവുകയും അങ്ങനെ ബുംറ റിവേഴ്സ് സ്വിങ് കണ്ടെത്തുകയുമായിരുന്നു.
ന്യൂ ബോൾ ലഭ്യമാവുമ്പോൾ ഉടൻ എടുക്കുക എന്നതാണ് പരമ്പരാഗത രീതി. സ്വിങ്, ക്യാരി, ബൗൺസ്. ന്യൂ ബോളിൽ ഒരു മണിക്കൂർ നേരം കൃത്യതയോടെ പന്തെറിഞ്ഞാൽ വിക്കറ്റുകൾ വീഴും. എന്നാൽ, കോലി ന്യൂ ബോൾ അവൈലബിളായിട്ടും അത് എടുത്തില്ല. റിവേഴ്സ് സ്വിങിൻ്റെ സാധ്യത മനസ്സിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ പഴയ പന്തിൽ തുടർന്നു. ഈ തുടർച്ചയുടെ ഘട്ടത്തിലാണ് ബുംറയുടെ ഔട്ട്ബസ്റ്റ്. ആ രണ്ട് വിക്കറ്റുകൾ. കളി ഇന്ത്യയുടെ പോക്കറ്റിലായത് ക്യാപ്റ്റൻ്റെ ഈ തീരുമാനം കൊണ്ടാണെന്ന് പറയാം. ലെഗ് സൈഡ് തന്ത്രം, ബൗളിംഗ് ചേഞ്ചുകൾ, ഫീൽഡ് പ്ലേസ്മെൻ്റ് എന്നിങ്ങനെ വിരാട് കോലി എന്ന ടെസ്റ്റ് ക്യാപ്റ്റൻ പൂർണമായും നിറഞ്ഞാടിയ ഒരു ദിവസം. അശ്വിനെ പുറത്തിരുത്തിയതിനെച്ചൊല്ലിയുള്ള രൂക്ഷ വിമർശനങ്ങളൊക്കെ റിസൽട്ട് കൊണ്ട് നിശബ്ദമാക്കിയ കോലി ബ്രെയിൻ.
രണ്ടാം ഇന്നിംഗ്സിൽ കേവലം 8 ഓവറുകളാണ് ശർദ്ദുൽ താക്കൂർ എറിഞ്ഞത്. അതിൽ രണ്ട് വിക്കറ്റ്. ആദ്യത്തേത് ഓപ്പണിംഗ് വിക്കറ്റിൽ ഹസീബ് ഹമീദുമായി അപകടം നിറഞ്ഞ കൂട്ടുകെട്ടുയർത്തിയ റോറി ബേൺസ്. രണ്ടാമത്തേത്, കളി തന്നെ നിർണയിച്ച ജോ റൂട്ട്. പരമ്പരയിൽ ഇന്ത്യയ്ക്കും ജയത്തിനുമിടയിൽ എല്ലായ്പ്പോഴും തടസ്സമായി നിന്ന ജോ റൂട്ട് ആയിരുന്നു. റൂട്ടിനെ പിഴുതെറിഞ്ഞ താക്കൂർ ഇന്ത്യക്ക് അക്ഷരാർത്ഥത്തിൽ ജയം തന്നെയാണ് സമ്മാനിച്ചത്. രണ്ട് ഇന്നിംഗ്സിലും നേടിയ ഫിഫ്റ്റികൾ മറക്കുന്നില്ല. സാഹചര്യം മനസ്സിലാക്കി നേടിയ അരസെഞ്ചുറികൾ. ഇന്ത്യയ്ക്ക് മാനസിക മുൻതൂക്കം നൽകിയ രണ്ട് ഇന്നിംഗ്സുകൾ.
ഓപ്പണിംഗ് ഓവറുകളും ഇംഗ്ലണ്ടിലെ കണ്ടീഷനുകളും നേരിട്ട് വിദേശ മണ്ണിലെ ആദ്യ സെഞ്ചുറി നേടിയ രോഹിത് ശർമ്മ, രണ്ട് ഇന്നിംഗ്സുകളിലും മികച്ച സ്കോർ കണ്ടെത്തിയ വിരാട് കോലി, രണ്ടാം ഇന്നിംഗ്സിലെ നിർണായക ഇന്നിംഗ്സ് കളിച്ച ചേതേശ്വർ പൂജാര, ലോകേഷ് രാഹുൽ, സാഹചര്യം മനസ്സിലാക്കി പക്വതയുള്ള കളി കെട്ടഴിച്ച ഋഷഭ് പന്ത്, ആദ്യ ഇന്നിംഗ്സിൽ റൂട്ടും മലനും അടക്കം മൂന്ന് വിക്കറ്റുകളും രണ്ടാം ഇന്നിംഗ്സിൽ 25 റൺസും മൂന്ന് വിക്കറ്റും വീഴ്ത്തിയ ഉമേഷ് യാദവ് എന്നിങ്ങനെ എല്ലാവരും വിജയത്തിലേക്ക് സംഭാവന ചെയ്ത മത്സരം.