Cricket Sports

നിയമം അനുസരിക്കാൻ പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരേണ്ട: നാലാം ടെസ്റ്റ് അനിശ്ചിതത്വത്തില്‍

ഇന്ത്യ–ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം നടക്കേണ്ട ബ്രിസ്ബേനിനെ ചൊല്ലി അനിശ്ചിതത്വം. ബ്രിസ്ബേൻ ഉൾപ്പെടുന്ന ക്വീൻസ്‌ലാൻഡിലെ ഭരണകൂടം അവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങളിൽ ഇന്ത്യൻ ടീം അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് അനിശ്ചിതത്വം. സിഡ്‌നി ടെസ്റ്റിന് ശേഷം താരങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. “നിയമങ്ങൾ അനുസരിക്കാൻ തയാറല്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇവിടേക്കു വരേണ്ടതില്ലെന്ന” ക്വീൻസ്‍ലാൻഡ് ആരോഗ്യമന്ത്രി റോസ് ബെയ്റ്റ്സിന്റെ പ്രസ്താവനയും ഇന്ത്യന്‍ ടീമിനെ പ്രകോപിപ്പിച്ചു.

നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ബ്രിസ്ബേനിലെത്തുമ്പോൾ ടീമുകൾ ഒരിക്കൽക്കൂടി 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈന് വിധേയരാകണം. ഇത് ഒഴിവാക്കണമെന്നാണ് ഇന്ത്യൻ ടീമിന്റെ ആവശ്യം. ജനുവരി 15നാണ് നാലാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങുന്നത്. സിഡ്നിയിലാണ് ഈ മാസം ഏഴു മുതല്‍ മൂന്നാം ടെസ്റ്റ് നടക്കുന്നത്.

എന്നാൽ, ആസ്ട്രേലിയൻ പര്യടനത്തിനു മുന്നോടിയായി ഇതിനകം 28 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്, ഇനിയും 14 ദിവസം ക്വാറന്റൈനിൽ കഴിയാൻ താൽപര്യമില്ല. ആസ്ട്രേലിയൻ പര്യടനത്തിനായി എത്തും മുൻപ് ഐ.പി.എല്ലിന് ശേഷം ടീമംഗങ്ങൾ 14 ദിവസം ദുബായിൽ ക്വാറന്റീനിലായിരുന്നു. സിഡ്നിയിലെത്തിയശേഷം വീണ്ടും അവർ 14 ദിവസം, ഇനിയും 14 ദിവസത്തെ ക്വാറന്റൈൻ അംഗീകരിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ചു താരങ്ങള്‍ മെല്‍ബണിലെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പ്രതിക്കൂട്ടിലായിരുന്നു. അതിന് പിന്നാലെയാണ് പരമ്പരയില്‍ മറ്റൊരു വിവാദം. ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, പൃഥ്വി ഷാ, നവ്ദീപ് സൈനി എന്നിരാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തുപോയി ഭക്ഷണം കഴിച്ചത്. ഇവര്‍ ഐസൊലേഷനില്‍ പോയിരുന്നു.