Cricket Sports

ഫെയ്സ്ബുക്കും ഐ.സി.സിയും ഇനി ഒരുമിച്ച് ക്രിക്കറ്റ് കളിക്കും!

ഇനി മുതല്‍ ഐ.സി.സി സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ സംപ്രേഷണാവകാശം ഫെയ്സ്ബുക്കിനും. ടൂര്‍ണമെന്‍റുകളുടെ ഡിജിറ്റല്‍ കണ്ടന്‍റുകള്‍ കൂടുതല്‍ ആരാധകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലൂടെയാണ് ഐ.സി.സിയും ഫെയ്സ്ബുക്കും കൈകോര്‍ക്കുന്നത്. 2019 ക്രിക്കറ്റ് ലോകകപ്പിന് നവമാധ്യമങ്ങളില്‍ ലഭിച്ച സ്വീകാര്യതയെ തുടര്‍ന്നാണ് തീരുമാനം.

അടുത്ത നാലു വര്‍ഷത്തേക്കാണ് ഫെയ്സ്ബുക്കും ഐ.സി.സിയും തമ്മിലുള്ള കരാര്‍. മത്സരത്തിന്‍റെ തത്സമയം പഴയപടി തുടരും. ഐ.സി.സി മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിന് മാത്രമേയുള്ളൂ. മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ ഫെയ്‌സ്ബുക്കിന് കഴിയില്ല. പകരം മത്സരങ്ങളുടെ ഹൈലൈറ്റുകള്‍, റീക്യാപ്പുകള്‍ മറ്റു ഡിജിറ്റല്‍ കണ്ടന്‍റുകള്‍ തുടങ്ങിയവ ഫെയ്സ്ബുക്കില്‍ ലഭ്യമാവും.

2020 ട്വന്റി-20 ലോകകപ്പ്, 2021 ട്വന്റി-20 ലോകകപ്പ്, 2023 ഏകദിന ലോകകപ്പ് ടൂര്‍ണമെന്റുകള്‍ നടക്കാനിരിക്കെ ക്രിക്കറ്റിന്റെ പ്രചാരം കൂട്ടാന്‍ ഫെയ്‌സ്ബുക്കുമായുള്ള കൂട്ടുകെട്ട് സഹായിക്കുമെന്ന് ഐ.സി.സി പ്രതീക്ഷിക്കുന്നു. ഐ.സി.സിയുടെ കണക്കുകള്‍ പ്രകാരം 4.6 ബില്യണ്‍ ആളുകളാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇംഗ്ലണ്ടില്‍ ലോകകപ്പ് കണ്ടത്. വരും വര്‍ഷങ്ങളില്‍ ഇതു കൂടുമെന്ന് ക്രിക്കറ്റ് കൗണ്‍സില്‍ വിശ്വസിക്കുന്നു

ഫെയ്സ്ബുക്കിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും ഐ.സി.സിയുടെ ഡിജിറ്റല്‍ കണ്ടന്‍റുകള്‍ ലഭ്യമാകും.