Cricket Sports

‘ആ ആറ് റണ്‍സിന്‍റെ പേരില്‍ എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഖേദിക്കും’

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ അവസാന ഓവറിലെ നാലാം പന്ത്. ട്രെന്‍റ് ബോള്‍ടിന്‍റെ യോര്‍ക്കര്‍ ലെങ്ത്ത് ഡെലിവറി ഓണ്‍ സൈഡിലേക്ക് പായിച്ച് സ്റ്റോക്സ് രണ്ട് റണ്‍സ് നേടുന്നു. ബൌണ്ടറി ലൈനില്‍ നിന്നും ഗപ്ടില്‍ നല്‍കിയ ത്രോ റണ്‍ ഔട്ടില്‍ നിന്നും രക്ഷപ്പെടാനായി ഡൈവ് ചെയ്ത സ്റ്റോക്സിന്‍റെ ബാറ്റില്‍ തട്ടി ഓവര്‍ ത്രോയായി ബൌണ്ടറിയിലെത്തുന്നു. രണ്ട് റണ്‍സ് ലഭിക്കേണ്ടയിടത്ത് ഇംഗ്ലണ്ടിന് ലഭിച്ചത് ആറ് റണ്‍സ്. ഇംഗ്ലണ്ട് ന്യൂസിലാന്‍റ് ലോകകപ്പ് ഫൈനലിലെ ഏറ്റവും നിര്‍ണ്ണായക നിമിഷം ഇതായിരുന്നിരിക്കണം. അതിന് കാരണക്കാരനോ, ന്യൂസിലാന്‍റില്‍ ജനിച്ച ഇംഗ്ലണ്ട് ആള്‍റൌണ്ടര്‍ ബെന്‍ സ്റ്റോക്സ്. സ്റ്റോക്സിന്റെ 84 റണ്‍സിന്റെ മികവിലാണ് ഇംഗ്ലണ്ട് കിവീസിന്റെ 241 എന്ന സ്കോറിനൊപ്പം എത്തിയത്.

ലോകകപ്പ് ഫൈനലില്‍ സ്റ്റോക്സ് തന്നെയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. സൂപ്പര്‍ ഓവറിലും രണ്ട് ടീമുകളും സമനില പാലിച്ചെങ്കിലും കൂടുതല്‍ ബൗണ്ടറി നേടിയെന്ന ആനുകൂല്യത്തിലാണ് ഇംഗ്ലണ്ടിനെ വിജയികളായി തിരഞ്ഞെടുത്തത്.

എന്നാല്‍ മത്സരത്തിന് ശേഷം കിവീസ് നായകന്‍ കെയിന്‍ വില്യംസണോട് മാപ്പ് ചോദിച്ചിരിക്കുകയാണ് ബെന്‍ സ്റ്റോക്സ്. ‘ആ ആറ് റണ്‍സിന്‍റെ പേരില്‍ എന്റെ ജീവിതകാലം മുഴുവന്‍ ഖേദിക്കുമെന്ന് കെയിന്‍ വില്യംസണോട് ഞാന്‍ പറഞ്ഞു. അങ്ങനെയായിരുന്നില്ല എനിക്ക് സ്കോര്‍ ചെയ്യേണ്ടിയിരുന്നത്. വില്യംസണോട് ഞാന്‍ ക്ഷമാപണം നടത്തി.’ സ്റ്റോക്സ് വ്യക്തമാക്കി.