Cricket Sports

ലോകകപ്പ് ഫൈനലില്‍ 97 ല്‍ വീഴാന്‍ കാരണക്കാരന്‍ ധോണിയെന്ന് ഗംഭീര്‍

ഗൗതം ഗംഭീറിന്റെ പക്വതയാര്‍ന്ന ഇന്നിങ്സ് മികവിലാണ് 2011 ല്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയത്. 1983 ന് ശേഷം ടീം ഇന്ത്യയുടെ ആദ്യ ലോക കിരീടം. 122 പന്തില്‍ 97 റണ്‍സാണ് ഗംഭീര്‍ അടിച്ചുകൂട്ടിയത്. പക്ഷേ അര്‍ഹിച്ച സെഞ്ച്വറി മാത്രം ഗംഭീറിന് നഷ്ടമായി. അതും മൂന്നു റണ്‍സ് അകലെ വെച്ച്. ലോകകപ്പ് കലാശപ്പോരില്‍ തനിക്ക് അര്‍ഹതപ്പെട്ട സെഞ്ച്വറി നഷ്ടപ്പെടാന്‍ കാരണക്കാരനായത് അന്നത്തെ നായകന്‍ എം.എസ് ധോണിയായിരുന്നുവെന്നാണ് ഗംഭീറിന്റെ വെളിപ്പെടുത്തല്‍.

ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് അടുത്തടുത്ത് ശ്രീലങ്ക രണ്ടു വന്‍ പ്രഹരമേല്‍പ്പിച്ചു. സെവാഗിനെയും സച്ചിനെയും മടക്കി. പിന്നീട് വിരാട് കൊഹ്‍ലി കൂടി കളം വിട്ടതോടെ പന്ത് ധോണിയുടെയും ഗംഭീറിന്റെയും കോര്‍ട്ടില്‍. 114 ന് മൂന്നു വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ധോണിയും ഗംഭീറും കൂട്ടുകെട്ട് തുടങ്ങിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കെട്ടിപ്പൊക്കിയ 109 റണ്‍സാണ് ഇന്ത്യയുടെ ഗംഭീര വിജയത്തില്‍ നിര്‍ണായകമായത്. 2018 ഡിസംബറിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച ഗംഭീര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത് അനുസരിച്ച് ധോണിയാണ് ആ സെഞ്ച്വറി നഷ്ടമാകാന്‍ കാരണക്കാരനായത്. അതുവരെ ടീമിന്റെ വിജയത്തെ കുറിച്ച് മാത്രം ചിന്തിച്ചിരുന്ന തന്റെ ശ്രദ്ധ, സെഞ്ച്വറി എന്ന വ്യക്തിഗത സ്കോറിലേക്ക് തിരിച്ചത് ധോണിയാണെന്ന് ഗംഭീര്‍ പറയുന്നു.

”97 റണ്‍സില്‍ എത്തുന്നതിനുമുമ്പ് ഞാൻ ഒരിക്കലും എന്റെ വ്യക്തിഗത സ്കോറിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ശ്രീലങ്ക നിശ്ചയിച്ച വിജയ ലക്ഷ്യത്തിലേക്ക് മാത്രമായിരുന്നു എന്റെ ശ്രദ്ധ,” ഗംഭീർ പറഞ്ഞു. നായകനിൽ നിന്നുള്ള ഈ വാക്കുകൾക്ക് ശേഷം തന്റെ വ്യക്തിഗത സ്‌കോറിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയെന്ന് ഗംഭീർ പറഞ്ഞു. “നിങ്ങളുടെ മനസ്സ് പെട്ടെന്ന് നിങ്ങളുടെ വ്യക്തിഗത പ്രകടനത്തിലേക്കും വ്യക്തിഗത സ്കോറിലേക്കും തിരിയുമ്പോൾ, അത് ‘രക്തയോട്ടം’ വര്‍ധിപ്പിക്കും. ആ നിമിഷത്തിന് മുമ്പ്, എന്റെ ശ്രദ്ധ ശ്രീലങ്കയുടെ ലക്ഷ്യത്തെ പിന്തുടരുക മാത്രമായിരുന്നു. ആ ലക്ഷ്യം എന്റെ മനസ്സിൽ നിലനിൽക്കുകയായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ സെഞ്ച്വറി തികയ്ക്കുമായിരുന്നു. ധോണിയുടെ വാക്ക് കേട്ട് സെഞ്ച്വറി നേടാനുള്ള അമിതാവേശമാണ് എന്റെ വിക്കറ്റില്‍ കലാശിച്ചതെന്നും” ഗംഭീര്‍ പറഞ്ഞു.