Cricket Sports

രോഹിതും ഹാർദിക്കും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തോ?

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) പുതിയ സീസൺ ആരംഭിക്കാനിരിക്കെ, ക്യാപ്റ്റൻസി മാറ്റം മുംബൈ ഇന്ത്യൻസിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. മെൻ ഇൻ ബ്ലൂസിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പകരം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനും മുൻ എംഐ താരവുമായ ഹാർദിക് പാണ്ഡ്യയ്ക്ക് ടീമിൻ്റെ ചുമതല ഏൽപ്പിച്ചത് വലിയ ആരാധക രോഷത്തിന് കാരണമായി.

തലമുറമാറ്റ പ്രഖ്യാപനത്തിന് പിന്നാലെ, മുംബൈ ഇന്ത്യൻസിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂട്ടത്തോടെ അൺഫോളോ ചെയ്തുകൊണ്ടാണ് ആരാധകർ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചത്. രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിൻ്റെ കാരണം വെളിപ്പെടുത്തി മുംബൈ കോച്ച് മാർക്ക് ബൗച്ചർ തന്നെ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ ക്യാപ്റ്റനായ രോഹിത് ശർമ്മയുടെ ജോലിഭാരം കുറയ്ക്കാനാണ് ഇത്തരമൊരു തീരുമാനമെന്നും, ക്യാപ്റ്റനെന്ന സമ്മർദമില്ലാതെ കളി ആസ്വദിക്കാനും മികച്ച പ്രകടനം നടത്താനും തീരുമാനത്തിലൂടെ രോഹിതിന് കഴിയുമെന്നായിരുന്നു ബൗച്ചറുടെ വാദം.

‘ഇത് തികച്ചും ഒരു ക്രിക്കറ്റ് തീരുമാനമായിരുന്നു. ഹാര്‍ദിക്കിനെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു, ഞങ്ങള്‍ അത് മുതലാക്കി. ക്യാപ്റ്റന്‍സിയെ സംബന്ധിച്ചിടത്തോളം മുംബൈ ഇന്ത്യന്‍സ് ഒരു പരിവര്‍ത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയില്‍ ഒരുപാട് ആരാധകര്‍ക്ക് അത് മനസ്സിലാകുന്നില്ല, മാത്രമല്ല വികാരാധീനരാവുകയും ചെയ്യുന്നു’- ബൗച്ചർ പറഞ്ഞു. തൊട്ടു പിന്നാലെ പ്രതികരണവുമായി രോഹിത്തിന്റെ ഭാര്യ തന്നെ രംഗത്തെത്തി. ബൗച്ചർ പറഞ്ഞ കാര്യങ്ങൾ പലതും തെറ്റാണെന്നായിരുന്നു റിതികയുടെ പ്രതികരണം.

എന്തായാലും ഹാർദ്ദിക്കിന്റെ മടങ്ങിവരുവോടെ എംഐ ക്യാമ്പിൽ ഉൾപ്പോര് നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദേശീയ ടീമിലെ സഹതാരങ്ങളായ ഇരുവരും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതായാണ് നെറ്റിസൺമാരുടെ ഇപ്പോഴത്തെ അവകാശവാദം. പ്രചരിക്കുന്ന അവകാശവാദങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ഇൻ്റർനെറ്റ് ഉപയോക്താക്കൾക്ക് ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇരുവരും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തിട്ടില്ലെന്നാണ് ഒരു വിഭാഗത്തിൻ്റെ അവകാശവാദം. എന്നാൽ രോഹിത്തിനെ ആദ്യം അൺഫോളോ ചെയ്തത് ഹാർദിക്കാണെന്ന് മറ്റ് ചിലർ.