Cricket

മൊയീൻ അലിയുടെ മാജിക് സ്പെൽ; സ്വന്തം തട്ടകത്തിൽ ചെന്നൈയ്ക്ക് ആവേശ ജയം

ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം. 12 റൺസിനാണ് ചെന്നൈയുടെ ജയം. ചെന്നൈ മുന്നോട്ടുവച്ച 218 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗവിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 205 റൺസ് നേടാനേ സാധിച്ചുള്ളൂ. 22 പന്തിൽ 53 റൺസ് നേടിയ കെയിൽ മയേഴ്സ് ആണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. ചെന്നൈക്കായി മൊയീൻ അലി 4 വിക്കറ്റ് വീഴ്ത്തി. 

കഴിഞ്ഞ കളി നിർത്തിയ ഇടത്തുനിന്ന് തുടങ്ങിയ മയേഴ്സ് ലക്നൗവിന് തകർപ്പൻ തുടക്കമാണ് നൽകിയത്. ആദ്യ പന്ത് മുതൽ ആക്രമിച്ചുകളിച്ച താരം വെറും 21 പന്തിൽ ഫിഫ്റ്റി തികച്ചു. മയേഴ്സിനൊപ്പമെത്തിയില്ലെങ്കിലും രാഹുലും തകർത്തടിച്ചു. പവർ പ്ലേയുടെ അവസാന ഓവറിൽ മൊയീൻ അലിയാണ് മയേഴ്സിനെ മടക്കിയത്. എങ്കിലും ചെന്നൈയുടെ പവർ പ്ലേ സ്കോറിനെ വെട്ടിച്ച് ലക്നൗ ആദ്യ 6 ഓവറിൽ 80 റൺസ് നേടി. മയേഴ്സിനു പിന്നാലെ ലക്നൗവിന് തുടരെ വിക്കറ്റുകൾ നഷ്ടമായി. ദീപക് ഹൂഡ (2) സാൻ്റ്നറിനു മുന്നിൽ വീണപ്പോൾ കെഎൽ രാഹുൽ (20), കൃണാൽ പാണ്ഡ്യ (9), മാർക്കസ് സ്റ്റോയിനിസ് (21) എന്നിവർ മൊയീൻ അലിയുടെ ഇരകളായി. 18 പന്തിൽ 32 റൺസെടുത്ത് നിക്കോളാസ് പൂരാൻ ജയത്തിനായി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പൂരാനെ തുഷാർ ദേശ്പാണ്ഡെ മടക്കി.

അവസാന ഓവറുകളിൽ കൃത്യമായ ഫീൽഡ് പ്ലേസ്‌മെൻ്റും ബൗളിംഗ് ചേഞ്ചുകളും കൊണ്ട് എംഎസ് ധോണി എന്ന ക്യാപ്റ്റൻ ലക്നൗവിനെ വരിഞ്ഞുമുറുക്കി. പൂരാൻ്റെ വിക്കറ്റ് അത്തരത്തിൽ ധോണിയുടെ ടാക്ടിക്കൽ വിജയമായിരുന്നു. ആയുഷ് ബദോനിയും കൃഷ്ണപ്പ ഗൗതവും ജയത്തിനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല. 18 പന്തിൽ 23 റൺസ് നേടിയ ബദോനി അവസാന ഓവറിൽ ദേശ്പാണ്ഡെയ്ക്ക് മുന്നിൽ വീണു. കൃഷ്ണപ്പ ഗൗതം (17), മാർക്ക് വുഡ് (10) എന്നിവർ നോട്ടൗട്ടാണ്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 217 റൺസ് നേടിയത്. 31 പന്തിൽ 57 റൺസ് നേടിയ ഋതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഡെവോൺ കോൺവേ 29 പന്തിൽ 47 റൺസെടുത്തു. ലക്നൗവിനായി രവി ബിഷ്ണോയും മാർക്ക് വുഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.