Cricket Sports

ക്രിക്കറ്റ് വേള്‍ഡ് കപ്പിന് നാളെ തുടക്കം

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 3ന് ഓവലിലാണ് മത്സരം.

ഇംഗ്ലണ്ടിലേയും വെയില്‍സിലേയും 11 വേദികളിലായാണ് മത്സരങ്ങള്‍. അഞ്ചാം തവണയാണ് ക്രിക്കറ്റ് ലോകകപ്പിന് ഇംഗ്ലണ്ട് വേദിയാകുന്നത്. ഐ.സി.സി റാങ്കിങ്ങില്‍ ആദ്യ പത്ത് സ്ഥാനക്കാര്‍ മാത്രം പങ്കെടുക്കുന്നു എന്നതും, പങ്കെടുക്കുന്ന എല്ലാ ടീമുകളും പരസ്പരം മത്സരിക്കുന്ന ‘റൗണ്ട് റോബിന്‍ ലീഗ്’ 1992ന് ശേഷം നടക്കുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

മെയ് 30 ന് ആരംഭിച്ച് 6 ആഴ്ച പിന്നിട്ട് ജൂലൈ 14 ന് അവസാനിക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍, ഫൈനല്‍ അടക്കം 48 ഏകദിന മത്സരങ്ങള്‍ നടക്കും. ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യന്‍. ഓസ്ട്രേലിയ അടക്കം 5 മുന്‍ ചാമ്പ്യന്‍മാര്‍ കിരീട പോരാട്ടത്തിനുണ്ട്.

ഇതുവരെ ലോകകപ്പ് നേടിയിട്ടില്ലാത്ത ആതിഥേയരായ ഇംഗ്ലണ്ടിനാണ് ക്രിക്കറ്റ് നീരീക്ഷകരില്‍ ഏറെപ്പേരും ഇത്തവണ സാധ്യത കല്‍പ്പിക്കുന്നത്. ഇന്ത്യ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളെ പിന്തുണയിക്കുന്നവരും ഏറെയാണ്.

പരിശീലന മത്സരങ്ങളില്‍ മഴ പ്രതിബന്ധം സൃഷ്ടിച്ചെങ്കിലും ലോകകപ്പ് മത്സരങ്ങള്‍ സുഗമമായി പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വേദികള്‍ക്കും പരിസരങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.