അവസാന മത്സരത്തിൽ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ തകർത്തെറിഞ്ഞ് ആധികാരിക വിജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്.
154 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 9 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സീസണിലെ അവസാന മത്സരത്തിൽ നേടിയത്.
തോൽവിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു. ചെന്നൈ നേരത്തെ തന്നെ പുറത്തായിരുന്നു.
ഗെയ്ക്വാദും ഡുപ്ലെസിയും ചേർന്ന് നൽകിയ മികച്ച തുടക്കമാണ് ചെന്നൈ വിജയം എളുപ്പമാക്കിയത്. 48 റൺസ് നേടി ഡുപ്ലെസി പുറത്തായെങ്കിലും പിന്നീട് വന്ന റായിഡു ഗെയ്ക്വാദിനൊപ്പം വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ കരക്കെത്തിച്ചു. ഗെയ്ക്വാദ് 62 റൺസും റായിഡു 30 റൺസും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു.
മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാൻ പഞ്ചാബിന്റെ മധ്യനിരയ്ക്ക് സാധിക്കാതെ പോയതാണ് വലിയ സ്കോറിലേക്ക് എത്തുന്നതിൽ നിന്ന് ടീമിനെ തടഞ്ഞത്.
മായങ്ക് അഗർവാളും ക്യാപ്റ്റൻ കെ.എൽ രാഹുലും ചേർന്ന് ആദ്യ വിക്കറ്റിൽ തകർത്തടിച്ചെങ്കിലും, ടീം സ്കോർ 48ഇൽ നിൽക്കെ അഗർവാൾ പുറത്തായി. അതോടെ ഒരുവശത്തു നിന്ന് റൺറേറ്റ് താഴനും മറുവശത്ത് വിക്കറ്റുകൾ വീഴാനും തുടങ്ങി.
കഴിഞ്ഞ കളിയിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ക്രിസ് ഗെയ്ലിന് 12 റൺസ് എടുക്കാനേ ഇത്തവണ കഴിഞ്ഞുള്ളു. പൂരനും നിരാശപ്പെടുത്തി. ആറു പന്തിൽ രണ്ട് റൺസ് നേടിയ പൂരനെ താക്കൂറിന്റെ പന്തിൽ ധോണി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
പിന്നീടെത്തിയ ദീപക് ഹൂഡ തകർത്തടിച്ചതോടെയാണ് പഞ്ചാബ് ഇന്നിങ്സിന് വീണ്ടും ജീവൻ വെച്ചത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹൂഡയുടെ മികവിലാണ് ടീം സ്കോർ 150 കടക്കുന്നത്. 30 പന്തിൽ 62 റൺസ് നേടി ദീപക് ഹൂഡ പുറത്താകാതെ നിന്നു.