ബംഗ്ലാദേശിനെതിരായ ട്വന്റി-ട്വന്റി പരമ്പര ഇന്ത്യക്ക്. നാഗ്പൂരില്‍ ബംഗ്ലാദേശിനെ 30 റണ്‍സിന് തോല്‍പ്പിച്ചു. ട്വന്റി-ട്വന്റിയിലെ ഏറ്റവും മികച്ച ബൌളിങ് പ്രകടനം കാഴ്ചവെച്ച ദീപക് ചഹാറാണ് മത്സരത്തിലെയും പരമ്പരയിലെയും താരം.
ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 30 റണ്‍സ് അകലെ കൂടാരം കയറി. നാല് പന്ത് ബാക്കിനില്‍ക്കെ 144ന് ഓള്‍ ഔട്ട്. ഹാട്രിക് അടക്കം ആറ് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറാണ് കടുവകളെ തകര്‍ത്തത്. വെറും 7 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ചഹാറിന്റെ 6 വിക്കറ്റ് നേട്ടം. ട്വന്റി-ട്വന്റിയിലെ ഏറ്റവും മികച്ച ബൌളിങ് പ്രകടനമാണിത്. ഒപ്പം ട്വന്റി-ട്വന്റിയില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ചഹാര്‍ സ്വന്തമാക്കി. ശിവം ഡുബെ മൂന്ന് വിക്കറ്റ് വീഴ്ത്തി. 9 പേര്‍ രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ മുഹമ്മദ് നയീമിന്റെ ഒറ്റയാള്‍ പ്രകടനമാണ് ബംഗ്ലാദേശിന് അല്‍പമെങ്കിലും പ്രതീക്ഷ നല്‍കിയത്. നയീം 48 പന്തില്‍ 81 റണ്‍സെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സെടുത്തത്. 2 റണ്‍സ് മാത്രമെടുത്ത് പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിരാശപ്പെടുത്തിയെങ്കിലും ശ്രേയസ് അയ്യരുടെയും ലോകേഷ് രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിങ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ശ്രേയസ് അയ്യര്‍ 33 പന്തില്‍ 5 സിക്സ് അടക്കം 62 റണ്‍സെടുത്തു. പന്ത് ഏഴ് തവണ ബൌണ്ടറി കടത്തിയ ലോകേഷ് രാഹുല്‍ 35 പന്തില്‍ നേടിയത് 52 റണ്‍സ്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ബംഗ്ലാദേശും രണ്ടാം മത്സരം ഇന്ത്യയും ജയിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണിന് അവസാന മത്സരത്തിലും അവസരം ലഭിച്ചില്ല.