Cricket Sports

ഐപിഎല്ലിലേക്ക് അസ്ഹർ; കണ്ണുവച്ച് റോയൽസും മുംബൈയും

കാസർക്കോട്: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ കേരളത്തിനായി തകർപ്പൻ പ്രകടനം നടത്തിയ മുഹമ്മദ് അസ്ഹറുദ്ദീനെ തേടി ഐപിഎൽ ടീമുകൾ. കേരള ടീമിലെ സഹതാരം കൂടിയായ സഞ്ജു വി സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസുമാണ് അസ്ഹറിനു വേണ്ടി രംഗത്തുള്ളത്.

മുംബൈ ഇന്ത്യൻസിനു വേണ്ടിയുള്ള രണ്ടു ദിവസത്തെ ട്രയൽ അസ്ഹർ പൂർത്തിയാക്കി. ഇന്നലെയും ഇന്നുമായാണ് രാജസ്ഥാൻ റോയൽസിനു വേണ്ടിയുള്ള ട്രയൽസ്. ഫിറ്റ്‌നസും സ്‌കില്ലുമാണ് ട്രയൽസിൽ പരിശോധിക്കുക.

ട്രയൽസിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടിയുള്ള കേരള ടീമിനൊപ്പം അസ്ഹർ ചേരും. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് കേരള ടീമിന്റെ ക്യാമ്പ്.

ഈ മാസം 13നാണ് ഐപിഎൽ താരങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 18-നാണ് ലേലം. മുഷ്താഖ് അലി ട്രോഫിയിൽ 37 പന്തിൽ നിന്ന് സെഞ്ച്വറി നേടിയതോടെയാണ് അസ്ഹർ ശ്രദ്ധിക്കപ്പെട്ടത്. നിരവധി മുൻ ഇന്ത്യൻ താരങ്ങളാണ് അസ്ഹറിന്റെ പ്രകടനത്തെ വാഴ്ത്തി രംഗത്തെത്തിയിരുന്നത്.