India

ശിവശങ്കറിന് ഡോളര്‍ കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നു; ജാമ്യം ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ചെന്ന് കോടതി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഡോളർ കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി. ശിവശങ്കറിനെതിരെ ശക്തമായ അന്വേഷണം ആവശ്യമാണ്. എന്നാല്‍ കസ്റ്റംസ് ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ഉന്നത ഉദ്യോഗസ്ഥനെന്ന നിലയില്‍ ശിവശങ്കർ ഡോളർ കടത്തിനെ കുറിച്ച് സർക്കാറിനെ അറിയാക്കാതിരുന്നത് ഗൗരവമായി കാണണം. ശിവശങ്കറിന് ജാമ്യം അനുവദിച്ചത് ആരോഗ്യ കാരണങ്ങളാലെന്നും ജാമ്യ ഉത്തരവിലുണ്ട്.

ഇന്ന് വൈകിട്ടോടെ ജയില്‍മോചനം

സ്വർണക്കടത്ത് കേസിലെ അതേ ജാമ്യവ്യവസ്ഥകളില്‍ തന്നെയാണ് ഡോളര്‍ക്കടത്ത് കേസിലും എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും രണ്ട് ആള്‍ജാമ്യവും എന്ന ഉപാധിയോടെയാണ് ജാമ്യം നല്‍കിയത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ഡോളർ കടത്തുമായി യാതൊരു പങ്കുമില്ലെന്നും ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു എം ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതികൾ നൽകിയ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശം ഉളളതെന്നും ശിവശങ്കർ കോടതിയിൽ വാദിച്ചു. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ ഇന്ന് വൈകിട്ടോടെ ശിവശങ്കറിന് പുറത്തിറങ്ങാന്‍ കഴിയും.

ഒക്ടോബർ 28നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. കളളപ്പണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർക്കടത്ത് കേസിലും കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തി. ഒന്നര കോടിയുടെ ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നായിരുന്നു കസ്റ്റംസിന്റെ വാദം. സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാലും കളളപ്പണ കേസില്‍ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയുമാണ് കോടതി ജാമ്യം അനുവദിച്ചത്.