Cricket Sports

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ തോറ്റാലും ഓസീസിന്‍റെ ഫൈനലില്‍ പ്രവേശനം തുലാസില്‍

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ തോറ്റാലും ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചേക്കും. നിലവിലെ ഐ.സി.സി വെബ്സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയമോ സമനിലയോ നേടിയാല്‍ മാത്രമേ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ സാധിക്കൂ. തോല്‍വി വഴങ്ങിയാല്‍ ന്യൂസിലാന്‍ഡ്-ഓസീസ് ഓസീസ് ഫൈനല്‍ കളിക്കും.

നിലവില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ വിജയമോ സമനിലയോ നേടിയാല്‍ ഒന്നാം സ്ഥാനക്കാരായി തന്നെ ഫൈനല്‍ ഉറപ്പിക്കും. അങ്ങനെയെങ്കില്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനലിന് ലോര്‍ഡ്സ് വേദിയാകും

ഇംഗ്ലണ്ടിനെതിരെ തോല്‍വിയാണ് വഴങ്ങുന്നതെങ്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെടും. യഥാക്രമം രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്തേക്കും മൂന്നാം സ്ഥാനത്തുള്ള ഓസീസ് രണ്ടാം സ്ഥാനത്തേക്ക് എത്തുകയും ചെയ്യും. അങ്ങനെ ന്യൂസിസാന്‍ഡ്-ഓസീസ് ഫൈനലിന് വേദിയൊരുങ്ങും.

ട്വിസ്റ്റ്…..!

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ തോറ്റാലും ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് കിട്ടും എന്നാണ് പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സിഡ്‌നി മോണിങ് ഹെറാള്‍ഡ് ആണ്.

ഇന്ത്യ തോറ്റാല്‍ ഫൈനല്‍ ബര്‍ത്ത് ലഭിക്കേണ്ടിയിരുന്ന ഓസീസിന് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫൈനല്‍ സാധ്യത നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയ-സൗത്ത് ആഫ്രിക്ക ടെസ്റ്റ് പരമ്പര നിശ്ചയിച്ചിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കയില്‍ കോവിഡ് പരക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഓസീസ് ടീം പരമ്പരയില്‍ നിന്നും പിന്മാറുകയാണെന്ന് അവസാന നിമിഷം അറിയിച്ചു. ഇതേത്തുടര്‍ന്ന് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സി മുന്‍പാകെ പരാതി സമര്‍പ്പിക്കുകയായിരുന്നു.

ഓസീസിന്‍റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് കുറയ്ക്കണമെന്നും പരമ്പരയില്‍ നിന്നും ഓസീസ് പിന്മാറിയതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ദക്ഷിണാഫ്രിക്കയുടെ പരാതി. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ദക്ഷിണാഫ്രിക്കയുടെ പരാതി ഐ.സി.സി സ്വീകരിച്ചിട്ടുണ്ട്. അങ്ങനെ വരികയാണെങ്കില്‍ ഓസീസിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്‍റുകളില്‍ കുറവ് സംഭവിക്കും. മാത്രവുമല്ല ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടപരിഹാരം നല്‍കേണ്ടിയും വരും.

ഈ സ്ഥിതി വന്നാല്‍ ഇംഗ്ലണ്ടിനെതിരായി നാളെ നടക്കാനിരിക്കുന്ന അവസാന ടെസ്റ്റില്‍ തോല്‍വി വഴങ്ങിയാല്‍പ്പോലും ഇന്ത്യക്ക് രണ്ടാം സ്ഥാനക്കാരായി ഫൈനലിന് യോഗ്യത നേടാം.