Cricket Sports

മൂന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി, ഓസീസ് ജയം 21 റൺസിന്

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം വനിതാ ടി20യിൽ ഇന്ത്യക്ക് തോൽവി. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ 21 റൺസിനായിരുന്നു പരാജയം. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്‌ട്രേലിയ 2-1ന് മുന്നിലെത്തി.

ഓസ്‌ട്രേലിയയുടെ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ വനിതകൾക്ക് മികച്ച തുടക്കമായിരുന്നില്ല. മൂന്നാം ഓവറിൽ 10 പന്തിൽ ഒരു റൺ നേടിയ ശേഷം സ്മൃതി മന്ദാന പുറത്തായി. മന്ദാനയ്ക്ക് പിന്നാലെ അഞ്ചാം ഓവറിൽ ജെമീമ റോഡ്രിഗസ് പവലിയനിലേക്ക് മടങ്ങി. 11 പന്തിൽ 16 റൺസെടുത്ത ശേഷമാണ് ജെമീമ പുറത്തായത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ഷെഫാലി വർമയും അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി ടീമിനായി പൊരുതി.

ഇരുവരും 73 റൺസിന്റെ കൂട്ടുകെട്ട് പങ്കിട്ടു. ഹർമൻപ്രീത് 27 പന്തിൽ 37 റൺസെടുത്തു പുറത്തായി. തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ച ഓപ്പണർ ഷെഫാലി അർധസെഞ്ചുറി നേടി. 41 പന്തിൽ 52 റൺസ് നേടിയ ശേഷമാണ് അവർ പുറത്തായത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയ 20 ഓവറിൽ എട്ട് വിക്കറ്റിന് 172 റൺസെടുത്തു. ആലിസ് പാരി 47 പന്തിൽ 75 റൺസ് നേടിയപ്പോൾ ഗ്രേസ് ഹാരിസ് 18 പന്തിൽ 41 റൺസ് നേടി. നാലാം മത്സരം ഡിസംബർ 17ന് ഇതേ ഗ്രൗണ്ടിൽ നടക്കും.