Cricket

വംശീയ അധിക്ഷേപം; ആര്‍ച്ചറോട് മാപ്പു ചോദിച്ച് കെയ്ന്‍ വില്യംസണ്‍

വംശീയ അധിക്ഷേപത്തിനിരയായ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോഫ്ര ആര്‍ച്ചറോട് മാപ്പു ചോദിച്ച് ന്യൂസിലന്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ഇംഗ്ലണ്ട് ന്യൂസിലന്റ് മത്സരത്തിനിടെ കാണികളില്‍ ഒരാളില്‍ നിന്നും വംശീയ അധിക്ഷേപമുണ്ടായെന്ന് ജോഫ്ര ആര്‍ച്ചര്‍ തുറന്നു പറഞ്ഞിരുന്നു. തങ്ങളുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി കാണികളിലൊരാള്‍ പ്രതികരിച്ചതില്‍ മാപ്പു ചോദിച്ച് വൈകാതെ കെയ്ന്‍ വില്യംസണ്‍ രംഗത്തുവരികയായിരുന്നു.

തിങ്കളാഴ്ച്ച ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്റ് ജയിച്ചിരുന്നു. ഇന്നിംങ്‌സിനും 65 റണ്‍സിനുമായിരുന്നു കിവീസിന്റെ ജയം. ന്യൂസിലന്റ് ജയത്തിന്റെ നിറം കെടുത്തുന്ന വാര്‍ത്തയാണ് പിന്നീട് പുറത്തുവന്നത്. കളി നടന്ന മൗണ്ട് മൗന്‍ഗോയിയില്‍ വെച്ച് കാണികളിലൊരാള്‍ തനിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന് ജോഫ്ര ആര്‍ച്ചര്‍ വെളിപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ആര്‍ച്ചര്‍ പറഞ്ഞത്.

ആര്‍ച്ചറുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവത്തിലാണ് ന്യൂസിലന്റ് ടീമും ബോര്‍ഡും എടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ന്യൂസിലന്റ് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലന്റ് കാണിയില്‍ നിന്നുണ്ടായ വംശീയ അധിക്ഷേപത്തില്‍ വ്യക്തിപരമായും ടീമിനുവേണ്ടിയും താന്‍ മാപ്പു ചോദിക്കുന്നുവെന്നാണ് കെയ്ന്‍ വില്യംസണ്‍ പറഞ്ഞത്. ഇക്കാര്യം നേരിട്ട് പറയുന്നതിന് ആര്‍ച്ചറെ കാണാന്‍ ശ്രമിക്കുമെന്നും വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു.