Cricket Sports

‘ദൈർഘ്യം കൂടുതൽ’; ഏകദിനം 40 ഓവറായി കുറയ്ക്കണമെന്ന് ആരോൺ ഫിഞ്ച്

ഏകദിന ക്രിക്കറ്റിൽ ഓവറുകൾ വെട്ടിച്ചുരുക്കണമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ODI മത്സരങ്ങളുടെ ദൈർഘ്യം കൂടുതലാണ്. കാണികളെ ആകർഷിക്കാനുള്ള സാധ്യത കുറവാണെന്നും 50 ഓവർ 40 ഓവറാക്കി ചുരുക്കണമെന്നും ഫിഞ്ച് അഭിപ്രായപ്പെട്ടു.

‘‘മത്സരം 40 ഓവറുകൾ വീതമാക്കി നടത്തണം. അത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇംഗ്ലണ്ടിൽ അവർ പ്രോ–40 മത്സരങ്ങളുമായെത്തിയപ്പോൾ അതു വലിയ വിജയമായി മാറി. ഏകദിന മത്സരങ്ങൾ വളരെ ദൈർഘ്യമേറിയതാണ്. എൻ്റെ അഭിപ്രായത്തിൽ, ടീമുകൾ അവരുടെ 50 ഓവറുകൾ ബൗൾ ചെയ്യുന്ന വേഗത വളരെ കുറവാണ്. 50 ഓവർ ക്രിക്കറ്റിൽ ഒരു മണിക്കൂറിൽ 11–12 ഓവറുകളൊക്കെയാണ് എറിയുന്നത്. ഇത് അസ്വീകാര്യമാണ്. ആരാധകരെ പരിഗണിച്ചാണു മത്സരം നടത്തേണ്ടത്’’- ESPNCricinfo യുടെ ഒരു വീഡിയോയിൽ ഫിഞ്ച് പറഞ്ഞു.

അതേസമയം, വലിയ ടീമുകളുടെ മത്സരങ്ങൾ 50 ഓവർ ആയി തന്നെ നടത്തണമെന്നും ഫിഞ്ച് കൂട്ടിച്ചേത്തു. ‘ചെറിയ ടീമുകൾക്ക്, പ്രത്യേകിച്ച് വെസ്റ്റ് ഇൻഡീസിനെ പോലെയുള്ള ടീമുകൾക്ക് ഈ ആശയം അനുയോജ്യമാകുമെന്ന് ഞാൻ കരുതുന്നു’- ഫിഞ്ച് പറഞ്ഞു. ഐസിസി ടി20 ലോകകപ്പ് വരാനിരിക്കെ, ഈ വർഷം വളരെ കുറച്ച് ഏകദിനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.