Cricket Entertainment Sports

ഐപിഎല്‍; പതിമൂന്നാം സീസണിന്റെ ഷെഡ്യൂല്‍ ബി.സി.സി.ഐ ഔദ്യോഗികമായി പുറത്ത് വിട്ടു

ഐപിഎല്‍ പതിമൂന്നാം സീസണിന്റെ ഷെഡ്യൂല്‍ ബി.സി.സി.ഐ ഔദ്യോഗികമായി പുറത്ത് വിട്ടു. മാര്‍ച്ച് 29ന് നിലവിലെ ചാമ്പ്യന്മാരായാ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മെയ് 24നാണ് ഫൈനല്‍. ആറു മത്സരങ്ങള്‍ മാത്രമാണ് നാല് മണിക്ക് ആരംഭിക്കുന്നത്. ബാക്കി മത്സരങ്ങള്‍ രാത്രി എട്ട് മണിക്കാണ്.

മിക്ക ടീമുകളും തങ്ങളുടെ ഷെഡ്യൂള്‍ പുറത്തു വിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ബി.സി.സി.ഐ ഔദ്യോഗികമായി ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നത്. സണ്‍ റൈസേഴ്സ് ഹൈദരാബാദാണ് ആദ്യം ടീമിന്‍റെ ഷെഡ്യൂള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത്. പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നീ ടീമുകളും ഷെഡ്യൂള്‍ പങ്കുവെച്ചു. മാര്‍ച്ച് 29ന് ഐപിഎല്‍ ആരംഭിക്കുമെങ്കിലും വിദേശ കളിക്കാരില്‍ പലരും ഏതാനും ദിവസത്തിന് ശേഷം മാത്രമേ ടീമിനൊപ്പം ചേരുകയുള്ളു.

ആസ്‌ട്രേലിയ-ന്യൂസലാന്‍ഡ് ട്വന്റി20 പരമ്പര മാര്‍ച്ച് 29നാണ് അവസാനിക്കുക. ഷെഫീല്‍ഡ് ഷീല്‍ഡ് ഫൈനല്‍ കളിക്കാന്‍ ഏതാനും ആസ്‌ട്രേലിയന്‍ താരങ്ങള്‍ പോവും. ഐപിഎല്‍ തുടങ്ങുമ്പോള്‍ ഇംഗ്ലണ്ട് കളിക്കാര്‍ ശ്രീലങ്കയിലായിരിക്കും. മാര്‍ച്ച് 31നാണ് ഇവരുടെ പര്യടനം അവസാനിക്കുന്നത്.