2019-ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് അർഷ്ദീപ് സിംഗ്. 2022 സീസണിൽ മിന്നും പ്രകടനമാണ് ഈ ഇടംകൈയ്യൻ പേസർ കാഴ്ചവച്ചത്. ഇക്കൊല്ലം ജൂലൈയിൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അർഷ്ദീപ്, കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യക്കായി കളിച്ചെങ്കിലും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കാര്യവട്ടത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യിൽ യുവ പേസർ ശക്തമായ തിരിച്ചുവരവ് നടത്തി.
അർഷ്ദീപ് തന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി. തിരുവനന്തപുരത്തെ സ്വിംഗിംഗ് പിച്ചിൽ സിംഗിന് മുന്നിൽ ദക്ഷിണാഫ്രിക്കയുടെ ഗ്ലാമർ ബാറ്റ്സ്മാൻമാർ ഒന്നും മനസിലാകാതെ പകച്ചു നിൽക്കുന്നത് ആരാധകർ ആസ്വദിച്ചു. 32 റൺസിന് മൂന്ന് വിക്കറ്റ് എന്ന മികച്ച പ്രകടനത്തോടെയാണ് താരം സ്പെൽ പൂർത്തിയാക്കിയത്. ഇപ്പോൾ ഇതാ അർഷ്ദീപിന്റെ പ്രകടനത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുൻ പാക്ക് വിക്കറ്റ് കീപ്പർ-ബാറ്റർ കമ്രാൻ അക്മൽ. ഇന്ത്യ തങ്ങളുടെ പുതിയ സഹീർ ഖാനെ കണ്ടെത്തി എന്നായിരുന്നു അക്മലിൻ്റെ പ്രതികരണം.
“അവിശ്വസനീയമായ ബൗളറാണ് അർഷ്ദീപ് സിംഗ്. ഇന്ത്യ അവരുടെ പുതിയ സഹീർ ഖാനെ കണ്ടെത്തിയെന്ന് ഞാൻ കരുതുന്നു. കാര്യവട്ടത്തെ കളിയിൽ റിലീ റോസോവ്, ഡി കോക്ക്, ഡേവിഡ് മില്ലർ തുടങ്ങിയവരുടെ വിക്കറ്റുകൾ അർഷ്ദീപ് നേടി. ഇതിൽ മികച്ച വിക്കറ്റ് ഡേവിഡ് മില്ലറിന്റേതായിരുന്നു. അതിമനോഹരമായ ഒരു ഇൻസ്വിംഗർ പന്തായിരുന്നു അത്. അവൻ മിടുക്കനായി ബൗൾ ചെയ്യുന്നു, പക്വതയുള്ളവനും വേഗതയുള്ളവനുമാണ്. അർഷ്ദീപ് ഇപ്പോഴും ചെറുപ്പമാണ്. സഹീർ ഖാന് ശേഷം ഒരു ഇടംകൈയ്യൻ താരത്തെ ആവശ്യമായി വന്നതിനാൽ ടീം ഇന്ത്യക്ക് ഇത് ഒരു നല്ല സൂചനയാണ്” തന്റെ യൂട്യൂബ് ചാനലിൽ അക്മൽ പറഞ്ഞു.