Sports

ക്വാർട്ടർ ശാപം തീർക്കാൻ ബ്രസീൽ; അധികസമയ തന്ത്രം തുടരാൻ ക്രൊയേഷ്യ: ആദ്യ ക്വാർട്ടർ ഇന്ന്

ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ഇന്ന് ക്രൊയേഷ്യക്കെതിരെ. ഇന്ത്യൻ സമയം രാത്രി 8.30ന് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ നാല് ലോകകപ്പുകളിൽ മൂന്ന് തവണയും ക്വാർട്ടറിൽ പുറത്തായ ബ്രസീൽ ആ പതിവ് തിരുത്താനിറങ്ങുമ്പോൾ നോക്കൗട്ട് മത്സരങ്ങളിൽ അധികസമയത്തേക്ക് കളി എത്തിച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുക എന്ന പതിവ് തുടരാനാവും ക്രൊയേഷ്യയുടെ ശ്രമം.

2002 കൊറിയ – ജപ്പാൻ ലോകകപ്പിൽ ജേതാക്കളായതിനു ശേഷമാണ് ബ്രസീലിനെ ക്വാർട്ടർ ശാപം പിടികൂടിയത്. ജർമനിക്കെതിരെ ഫൈനലിൽ ഇരട്ട ഗോളുകളടിച്ച് കളിയിലെ താരമായ റൊണാൾഡോയ്ക്ക് ശേഷം ബ്രസീലിന് ഒരു ക്ലിനിക്കൽ സ്ട്രൈക്കറെ ലഭിച്ചിട്ടില്ലെന്നത് ഇതിനൊപ്പം ചേർത്തുവായിക്കാം. പിന്നീട് റൊബീഞ്ഞോ, ഗബ്രിയേൽ ജെസൂസ് തുടങ്ങി വിവിധ സ്ട്രൈക്കർമാരെ പരീക്ഷിച്ചെങ്കിലും അവരൊന്നും റൊണാൾഡോയ്ക്ക് പകരക്കാരായില്ല. 2006ൽ റൊണാൾഡോയും റൊണാൾഡീഞ്ഞോയും കക്കയുമടക്കം താരങ്ങളുണ്ടായിരുന്നെങ്കിലും സിനദിൻ സിദാൻ്റെ ഫ്രാൻസിനെതിരെ ക്വാർട്ടറിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീൽ മുട്ടുമടക്കി. 2010ൽ നെതർലൻഡ്സ് ആണ് ബ്രസീലിൻ്റെ അന്നം മുടക്കിയത്. അന്ന് 10ആം മിനിട്ടിൽ റൊബീഞ്ഞോയിലൂടെ മുന്നിലെത്തിയ ബ്രസീലിനെ വെസ്ലി സ്നെയ്ഡർ നേടിയ ഇരട്ട ഗോളിൽ നെതർലൻഡ്സ് മുക്കി. 2014ൽ ബ്രസീൽ ക്വാർട്ടർ ശാപം മറികടന്നു. കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി സെമിയിലെത്തിയ ബ്രസീലിനെ പക്ഷേ കാത്തിരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുകളിൽ ഒന്നായിരുന്നു. സെമിയിൽ ജർമനി ബ്രസീലിനെ നാണം കെടുത്തിയത് ഒന്നിനെതിരെ 7 ഗോളുകൾക്ക്. റഷ്യൻ ലോകകപ്പിൽ ബെൽജിയത്തിൻ്റെ സുവർണനിരയാണ് ക്വാർട്ടറിൽ ബ്രസീലിനെ വീഴ്ത്തിയത്. ബെൽജിയത്തിൻ്റെ വിജയം 2-1ന്.

ക്രൊയേഷ്യയുടെ കാര്യമെടുത്താൽ അധികസമയത്തേക്ക് കളി നീട്ടി പെനാൽറ്റിയിലൂടെ ജയം നേടുക എന്നതാണ് രീതി. കഴിഞ്ഞ അഞ്ച് നോക്കൗട്ട് മത്സരങ്ങളിൽ നാലിലും ക്രൊയേഷ്യ കളി അധികസമയത്തേക്ക് നീട്ടി. ഇതിൽ മൂന്ന് തവണ പെനാൽറ്റിയിൽ വിജയം നേടാനും അവർക്ക് സാധിച്ചു. 2018 ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഡെന്മാർക്കിനെതിരെ നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന നിലയിൽ സമനില പാലിച്ച ക്രൊയേഷ്യ ഷൂട്ടൗട്ടിൽ 3-2നു വിജയിച്ചു. ക്വാർട്ടറിൽ റഷ്യ ആയിരുന്നു എതിരാളികൾ. ക്രൊയേഷ്യയെ 2-2 എന്ന സ്കോറിനു പിടിച്ചുനിർത്തിയെങ്കിലും ഷൂട്ടൗട്ടിൽ റഷ്യക്ക് പിഴച്ചു. ക്രൊയേഷ്യയുടെ വിജയം 4-3ന്. സെമിയിൽ ഇംഗ്ലണ്ടിനെ 2-1 എന്ന സ്കോറിന് അനായാസം മറികടന്ന ക്രൊയേഷ്യ ഫൈനലിൽ ഫ്രാൻസിനെതിരെ വീണു. സ്കോർ 4-2. ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ ജപ്പാനെതിരെ 1-1 എന്ന സ്കോറിൽ നിന്ന് കളി ഷൂട്ടൗട്ടിലെത്തി. ഷൂട്ടൗട്ടിൽ വീണ്ടും ക്രൊയേഷ്യ.

ഫോമും കളിമികവും പരിഗണിക്കുമ്പോൾ ബ്രസീൽ ഇന്ന് വിജയിച്ചേക്കും. റൊണാൾഡോയ്ക്ക് ശേഷം ഒരു പെർഫക്ട് നമ്പർ 9 എന്ന കുപ്പായത്തിലേക്ക് ഫിറ്റാവാൻ ശ്രമിക്കുന്ന റിച്ചാർലിസണിൻ്റെ ഗോളടി മികവ് ഇന്നാവും ബ്രസീലിന് ഏറെ ആവശ്യം വരിക. ഇതിഹാസ താരം പെലെയുടെ റെക്കോർഡിനൊപ്പമെത്താൻ ഒരു ഗോൾ കൂടി മാത്രം ആവശ്യമുള്ള നെയ്‌മർ ആ നേട്ടം കുറിയ്ക്കുമോ എന്നതും ബ്രസീൽ ആരാധകർക്ക് ആകാംക്ഷയാണ്.