ഉപയോക്താക്കളുടെ വിവരങ്ങള്‍ യു.എസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പിന്‍വലിക്കേണ്ടി വരുമെന്ന് മെറ്റ പ്ലാറ്റ്ഫോംസ്. ഉപയോക്തൃ വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും വേണമെന്ന യൂറോപ്യന്‍ യൂണിയന്റെ പുതിയ അറ്റ്ലാന്റിക് ഡേറ്റാ ട്രാൻസ്ഫർ ഫ്രെയിംവർക്കാണ് മെറ്റയ്ക്ക് തലവേദനയായിരിക്കുന്നത്.
മെറ്റ അമേരിക്കയിലും യൂറോപ്പിലുമാണ് ഉപയോക്തൃ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ബിസിനസിനും പരസ്യ ടാർഗെറ്റിങ്ങിനും ഇത് അത്യന്താപേക്ഷിതമാണെന്നാണ് കമ്പനിയുടെ വാദം. പുതിയ ചട്ടത്തിലെ നിർദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പടെയുള്ള സുപ്രധാന സേവനങ്ങള്‍ യൂറോപ്പില്‍ നിന്ന് പിന്‍വലിക്കേണ്ടി വരുമെന്ന് മെറ്റ തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യൻ യൂണിയനിലെ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനെ ബന്ധപ്പെട്ടിരിക്കുകയാണ് മെറ്റയിപ്പോൾ.
പ്രതീക്ഷിച്ച വളർച്ച നേടിയെടുക്കാൻ കഴിയാതായതോടെ കഴിഞ്ഞയാഴ്ച മെറ്റയുടെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇതോടെ മാർക് സക്കർബർഗ് ആസ്തി വലിപ്പത്തിൽ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലേക്ക് പോവുകയും ചെയ്തു. ഇതിന് പരിഹാരം കാണാന്‍ ശ്രമങ്ങള്‍ നടക്കവെയാണ് യൂറോപ്യൻ യൂണിയന്റെ നിയമ നിർദേശങ്ങൾ കമ്പനിക്ക് വീണ്ടും തിരിച്ചടിയാകുന്നത്.