Association Europe Pravasi Switzerland

വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ് “ഇന്ത്യ കോവിഡ് റിലീഫ് ഫണ്ട്” കാമ്പയിൻ ആരംഭിച്ചു ..നിങ്ങൾക്കും നൽകാം ഒരു ചെറു കൈസഹായം

കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം ഇന്ത്യയിലെ ജനങ്ങൾ ഏറെ ഭീതിയിലായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായ ജനങ്ങൾക്ക് കൈത്താങ്ങാകാൻ വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഇന്ത്യ കോവിഡ് റിലീഫ് ഫണ്ട് ആരംഭിച്ചു .കോവിഡ് മൂലം അതിജീവനത്തിനായി പോരാടുന്ന വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തി അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് WMC സ്വിസ്സ് പ്രൊവിൻസ് ഈ ധനസമാഹാരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഈ മാസം ഒൻപതിന് നടന്ന കാബിനറ്റ് സൂം മീറ്റിങ്ങിൽ പ്രൊവിൻസ് ചെയർമാൻ ശ്രീ ജോണി ചിറ്റക്കാട്ട് കോവിഡ് മഹാമാരിയിൽ പെട്ടുഴലുന്ന ജന്മനാട്ടിലെ അശരണർക്കും ആലംബഹീനർക്കും വേണ്ടുന്ന സഹായത്തിന്റെ ആവശ്യകതയും , വേൾഡ് മലയാളീ കൗൺസിലിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും കാബിനറ്റിൽ സംസാരിച്ചു . വേൾഡ് മലയാളീ കൗൺസിൽ ഇതുവരെ നടത്തിയിട്ടുള്ള എല്ലാ ചാരിറ്റി പ്രവർത്തങ്ങൾക്കും വേണ്ടി ഒത്തൊരുമയോടെ പ്രവർത്തിച്ചിട്ടുള്ള എല്ലാ അംഗങ്ങളും ,സ്വിസ് മലയാളീ സമൂഹവും സംഘടനയുടെ ഈ ഉദ്യമത്തിലും കൂടെയുണ്ടാകും എന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ സുനിൽ ജോസഫ് പ്രൊവിൻസ് ട്രഷറർ ശ്രീ ജിജി ആന്റണിക്ക് റിലീഫ് ഫണ്ടിലേക്കുള്ള തന്റെ ആദ്യ സംഭാവന നൽകിക്കൊണ്ട് ധനസമാഹരണത്തിനു തുടക്കം കുറിച്ചു .ധനസമാഹരണം പത്തുദിവസം പിന്നിട്ടപ്പോൾ അംഗങ്ങളും ,സ്വിസ്സ് മലയാളികളും നല്ല സഹകരമാണ് നൽകുന്നതെന്ന് പ്രൊവിൻസ് സെക്രെട്ടറി ശ്രീമതി മിനി ബോസ് അറിയിച്ചു .

ഇന്ത്യയിൽ ക്രമാതീതമായി വർധിച്ചു വരുന്ന കോവിഡിന്റെ രണ്ടാം തരംഗം കേരളത്തെയും അതി ഭയാനകമായ വിധത്തിൽ ബാധിച്ചിരിക്കുകയാണ്. ഇന്ത്യയിൽ പ്രതിദിന മരണനിരക്ക് ക്രേമാതീതമായി തുടരുമ്പോൾ കോവിഡിനെ തുടക്കം മുതൽ പിടിച്ചുകെട്ടാൻ ഭഗീരഥപ്രയത്നം നടത്തിയ കേരളത്തിൽ രണ്ടാം തരംഗത്തിൽ കൈവിട്ടുപോയേക്കുമെന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരളത്തിൽ ഇതിനകം കോവിഡ് രോഗികളുടെ എണ്ണം 3 ലക്ഷത്തിലധികമായി.

ഇന്ത്യ മുഴുവനും പ്രതിസന്ധിയിലാക്കിയ ഓക്സിജൻ ക്ഷാമത്തെ മറികടക്കാൻ പ്രതിസന്ധി കാലഘട്ടത്തിൽ കേരളത്തിന് കഴിഞ്ഞുവെങ്കിലും ഏതാനും ദിവസങ്ങളായി തുടരുന്ന കോവിഡ് മഹാമാരിയുടെ അതിവ്യാപനം മൂലം ഹോസ്പിറ്റലുകൾ നിറഞ്ഞു കവിയുകയാണ്. ഐ.സി.യു. വെൻറ്റിലേറ്ററുകൾ എന്നിവ പൂർണമായും നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ് ഏതാനും ദിവസങ്ങളായി കണ്ടു വരുന്നത്. കോവിഡ് മരണനിരക്കും വർധിച്ചു വരുന്നു. കേരളത്തിലും ഓക്സിജൻ ക്ഷാമം ഏതു സമയത്തും ഉടലെടുത്തേക്കാം.

അന്ധവിശ്വാസങ്ങളിലൂടെയും ,പാട്ടകൊട്ടിയും ,ലൈറ്റ് തെളിച്ചും കൊറോണയെ അകറ്റിവിടാമെന്നുള്ള ഭരണാധികാരികളുടെ മൂഢചിന്തകളും ,ഒഴിവാക്കേണ്ടിയിരുന്ന രാഷ്ട്രീയ മാമാങ്കങ്ങളും ,കുംഭമേളകളുമാണ് നാടിനെ ഇന്നീ നിലയിലെത്തിച്ചതെന്നു വിദേശമാധ്യമങ്ങൾ വരെ അടക്കം പറയുന്നുണ്ടെങ്കിലും ലോകം മുഴുവനും ആശങ്കയോടെ നോക്കിക്കാണുന്ന ഇന്ത്യയിലേക്ക് ഒരുപാട് വിദേശ സഹായങ്ങൾ ഒഴുകുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അവയൊന്നും മതിയാകുമെന്നു തോന്നുന്നില്ല. അതിനിടെയാണ് സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്സിന് അമിത വില ഈടാക്കിക്കൊണ്ട് കേന്ദ്ര സർക്കാരിന്റെ തീരുമാനമുണ്ടായത്. ഈ സഹസാഹര്യത്തിലാണ് നിലവിലുള്ള പ്രതിസന്ധിയെ തരണം ചെയ്യാനായി മുഴുവൻ ആളുകൾക്കും സൗജന്യമായി വാക്സീൻ നൽകുന്നതിനുള്ള സംസ്ഥാന സർക്കാരുകൾ കോവിഡ് വാക്സീൻ ചലഞ്ച് എന്ന യജ്ജത്തിന് തുടക്കം കുറിച്ചത്. ലോകം മുഴുവനുമുള്ള രാജ്യങ്ങളിൽ താമസിക്കുന്ന വിദേശ ഇന്ത്യക്കാരിൽനിന്നും നിന്ന് വൻ തോതിലുള്ള പിന്തുണയാണ് അതാതു സംസ്ഥാനങ്ങളിലെ ഈ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രകൃതി ദുരന്തമോ മഹാമാരിയോ എന്തുതുമാകട്ടെ കേരളത്തിന്റെ ഏതു പ്രതിസന്ധിഘട്ടങ്ങളിലും ജന്മ നാടിനെ അകമഴിഞ്ഞ് സഹായിച്ചിട്ടുള്ള പാരമ്പര്യമാണ് വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസിനുള്ളത് . മഹാപ്രളയങ്ങൾ, നിപ്പ വൈറസ് തുടങ്ങിയ എല്ലാ ദുരന്തങ്ങൾക്കും കേരളത്തിലേക്ക് സഹായമെത്തിക്കുവാൻ വേൾഡ് മലയാളീ കൗൺസിലിന് സാധിച്ചു .മറ്റെല്ലാ ദുരന്തങ്ങളും കേരളത്തിലെ ഭാഗീകമായി പ്രദേശങ്ങളിൽ മാത്രമാണ് സംഭവിച്ചതെങ്കിൽ കോവിഡ് മഹാമാരി കേരളമൊട്ടാകെയും പടർന്നു പിടിച്ചിരിക്കുകയാണ്. നമ്മുടെ ജന്മനാട്ടിലെ സഹോദരങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യം വേണ്ടി വരുന്ന സാഹചര്യമാണിത്.

ഇന്ത്യയിലെ വർധിച്ചു വരുന്ന കോവിഡ് മഹാമാരി മൂലം നമ്മുടെ സഹോദരീ സഹോദരങ്ങൾ പ്രാണവായൂ കിട്ടാതെ പിടഞ്ഞു മരിക്കുന്നതു കാണുന്നത് ഏറെ വേദനയുളവാക്കിയെന്ന് ധനസമാഹാര പദ്ധതി ഉദ്ഘാടനം ചെയ്ത പ്രൊവിൻസ് പ്രസിഡന്റ് ശ്രീ സുനിൽ ജോസഫ് സൂചിപ്പിച്ചു .കേരളത്തിനൊപ്പം എക്കാലവും നിലകൊണ്ടിട്ടുള്ള WMC ഇക്കുറിയും ലക്ഷ്യം നിറവേറ്റുമെന്നും . വേൾഡ് മലയാളീ കൗൺസിലിന്റെ ഈ യജ്ഞത്തിൽ പങ്കാളികളാകാൻ എല്ലാ സ്വിസ്സ്‌ മലയാളികളും മുന്നോട്ടു വരണമെന്നും കാബിനറ്റ് കമ്മിറ്റി അഭ്യർത്ഥിച്ചു.

നിങ്ങളുടെ സംഭാവനകൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ ,താഴെക്കൊടുത്തിരിക്കുന്ന ബാങ്ക് അകൗണ്ടിലൂടെയോ, കാബിനറ്റ് അംഗങ്ങളിലൂടെയോ നൽകാവുന്നതാണ് ..

https://www.there-for-you.com/en/donations/dringende-covid-19-hilfe-fuer-indien/