മൂന്നാം ഘട്ട വിമാന ഷെഡ്യൂളില്‍ കേരളത്തിലേക്ക് ഒരു സര്‍വ്വീസ് പോലും അനുവദിച്ചില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നും ഭിന്നമായാണ് സൗദിയിലേക്കുള്ള സര്‍വ്വീസുകള്‍ പ്രഖ്യാപിക്കുന്നതെന്നും പ്രവാസികള്‍.
നിരവധി സമ്മര്‍ദ്ധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് കൊണ്ടുപോകുവാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറായത്. വന്ദേ ഭാരത് മിഷന് പദ്ധതി നടപ്പിലാക്കുന്നതില്‍ തികച്ചും വിവേചനപരമായ നിലപാടാണ് സൗദിയിലെ മലയാളികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയരുന്നു. പദ്ധതിയുടെ പുതിയ ഘട്ടത്തില്‍ ഈ മാസം 16ാം തിയതി മുതല്‍ 22 വരെയുള്ള കാലയളവില്‍ സൗദിയില്‍ നിന്ന് 12 വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഒരെണ്ണംപോലും കേരളത്തിലേക്കില്ല.
സൗദിയിലുള്ള 26 ലക്ഷത്തില്‍പരം വരുന്ന ഇന്ത്യക്കാരില്‍ 14 ലക്ഷത്തിലധികം മലയാളികളാണ്. കോവിഡ് പശ്ചാതലത്തില്‍ നാട്ടിലേക്ക് പോകാനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികള്‍ തന്നെയാണ്. എന്നിട്ടും വിവിധ ഘട്ടങ്ങളിലായി ഇത് വരെ സൗദിയില്‍ നിന്ന് കേരളത്തിലേക്ക് അനുവദിച്ചത് വെറും 21 വിമാനങ്ങള്‍ മാത്രം. അതേ സമയം യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് അനുവദിച്ചത് 130ഓളം വിമാനങ്ങളാണ്. ഇരു രാജ്യങ്ങളിലുമുളള മലയാളികളുടെ എണ്ണം ഏകദേശം സമാനമാണെന്നിരിക്കെ, വിമാനങ്ങളനുവദിക്കുന്നതിലെ ഈ വ്യത്യാസം ചെറുതായി കാണാനാവില്ലെന്നും പ്രവാസി സമൂഹം പറയുന്നു. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടുമെന്നാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്.