2019 ഒക്ടോബർ 20 ന് സ്വിറ്റ്സർലൻഡ് പാർലമെന്റിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പിൽ സൂറിച്ച് കൺടോണിൽ നിന്നും നിക് ഗുഗ്ഗർ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടതിൽ മലയാളികളും ആഹ്ളാദത്തിലാണ്. സ്വിസ്സ് പൗരത്വം നേടിയശേഷം മലയാളികളിൽ ചിലരെങ്കിലും ആദ്യമായി വോട്ടുചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയതെന്ന് പറഞ്ഞാൽ അതിശയോക്തി ഉണ്ടാവില്ല. അതിനു പ്രേരകശക്തിയായത് മലയാളത്തിന്റെ വേരുകളുള്ള നിക് ഗുഗ്ഗറുടെ സ്ഥാനാർഥിത്വം ആയിരുന്നു.
ഉടുപ്പിയിലെ ആശുപത്രിയിൽ ജനിച്ചപ്പോൾ തന്നെ അനാഥനായ നിക് അക്കാലത്ത് കേരളത്തിൽ ജോലി ചെയ്തിരുന്ന സ്വിസ്സ് ദമ്പതികളുടെ മകനായി മാറി. നാല് വയസ്സ് വരെ തലശ്ശേരിയിൽ വളർന്നശേഷം നിക് മാതാപിതാക്കളോടൊപ്പം സ്വിറ്റ്സർലന്റിലേക്ക് എത്തിയത് വലിയൊരു നിയോഗവുമായിട്ടായിരുന്നു.. ഉന്നത വിദ്യാഭ്യാസത്തിനുശേഷം രാഷ്ട്രിയത്തിൽ ശ്രദ്ധ കൊടുത്ത അദ്ദേഹം ഘട്ടം ഘട്ടമായി വളരുകയായിരുന്നു.
പഞ്ചായത്ത് അംഗം, നിയമസഭാംഗം എന്നീ തലങ്ങളിൽ ഇവാഞ്ചലിക്കൽ പീപ്പിൾസ് പാർട്ടിയെ പ്രതിനിധികരിച്ച നിക് ഗുഗ്ഗർ 2017 മുതൽ പാർലമെന്റ് അംഗം ആയി പ്രവർത്തിക്കുന്നു. കൂടാതെ സ്വിസ്സ് ഇന്ത്യൻ പാർലമെന്ററി സമിതിയുടെ പ്രസിഡന്റ് കൂടിയാണ് നിക്. കഴിഞ്ഞ വർഷം ഇന്ത്യൻ പ്രധാനമന്ത്രിയുടെ ക്ഷണം സ്വികരിച്ച് ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ക്ഷണപ്രകാരം സംസ്ഥാനത്തിന്റെ അതിഥിയായി അദ്ദേഹം കേരളം സന്ദർശനവും നടത്തുകയുണ്ടായി. സ്വിറ്റ്സർലന്റുമായി സഹകരിച്ച് പല പദ്ധതികളും സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് ആവശ്യമായാ എല്ലാ സഹായവും നിക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
സ്വിറ്റ്സർലന്റിലെ മലയാളി കമ്യുണിറ്റിയുമായി വളരെ നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ നിക് ഗുഗ്ഗർ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നുണ്ട്. വിവിധ സംഘടനകൾ നടത്തുന്ന പ്രോഗ്രാമുകളിൽ അതിഥിയായി പങ്കെടുക്കുന്നതിൽ അദ്ദേഹം ഒരു മടിയും കാണിക്കാറില്ല. എളിമയും വിനയവും നിറഞ്ഞ അദ്ദേഹത്തിന്റെ പെരുമാറ്റവും പുഞ്ചിരിയും വഴി എല്ലാ മലയാളികളെയും തന്നിലേക്ക് ആകർഷിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്.
2019 ലെ തെരഞ്ഞെടുപ്പിൽ പരമ്പരാകത ഇടത് വലത് പാർട്ടികൾക്ക് ജനപിന്തുണയിൽ ഇടിവ് സംഭവിച്ചതാണ് ഈ ആഴ്ചയിലെ പ്രധാന മാധ്യമ ചർച്ചാവിഷയം. അവിചാരിതമായി ഗ്രിൻ നപാർട്ടികൾ കൂടുതൽ പാർലമെന്റ് സീറ്റുകളിൽ വിജയിച്ചു. 1979 ൽ ഒരു സീറ്റ് മാത്രം ഉണ്ടായിരുന്ന ഗ്രിൻ പാർട്ടി പടി പടിയായി വളർന്ന് 2015 ൽ 11 സീറ്റ് കരസ്ഥമാക്കി. 2019 ൽ 28 സീറ്റ് എന്ന നിലയിലേക്ക് കുതിച്ചെത്തിയതിനു പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ട്. കാലാവസ്ഥാവ്യതിയാനം , പ്രകൃതി സംരക്ഷണം എന്നീ വിഷയങ്ങളിലേക്ക് കുടുതലായി ജനശ്രദ്ധ തിരിച്ചുവിടുവാൻ ഗ്രിൻ പാർട്ടിക്ക് കഴിഞ്ഞതുതന്നെയാണ് അവരുടെ നേട്ടത്തിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത്.
1919 ൽ രൂപീകൃതമായ ഇവാഞ്ചലിക് പീപ്പിൾസ് പാർട്ടിയെ പ്രതിനിധികരിച്ചാണ് നിക് ഗുഗ്ഗർ വിജയിച്ചിരിക്കുന്നത്. ഈ പാർട്ടി ഇലക്ഷൻ സമയത്ത് ജനങ്ങൾക്ക് മുൻപാകെ ഉന്നയിച്ച പ്രധാന വിഷയങ്ങൾ ഇവയാണ് :
1 . ധാർമ്മികതയിൽ അധിഷ്ഠിതമായി വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം ഉറപ്പാക്കുക.
2 . മനുഷ്യനെ പ്രത്യേകിച്ച് സ്ത്രീകളെ കച്ചവട വസ്തുവാക്കുന്ന വ്യവസ്ഥിതിയെ ഇല്ലായ്മ ചെയ്യുക.
3 . മുതിർന്ന തലമുറകൾക്കും ചെറുപ്പക്കാർക്കും കുട്ടികൾക്കും നീതിയുക്തമായ ജീവിതസാഹചര്യം സൃഷ്ടിക്കുക.
4 . പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക. കാലാവസ്ഥാവ്യതിയാനം മനസ്സിലാക്കി കാലത്തിനനുസരിച്ച് നിയമങ്ങൾ പരിഷ്കരിക്കുക.
5 . മതങ്ങൾക്കിടയിൽ സമാധാനം സാധ്യമാക്കുന്നതോടൊപ്പം സ്വിസ് സംസ്കാരവുമായി വരും തലമുറകൾ ഇഴുകിച്ചെർന്ന് ജീവിക്കുന്നതിന് സാഹചര്യമൊരുക്കുക.
6 . ഒരു കുട്ടി ജനിക്കുമ്പോൾ പിതാവിനും ശമ്പളത്തോടുകൂടി മിനിമം 20 ദിവസമെങ്കിലും അവധി നൽകുക.
ഈ ഭരിച്ച ഉത്തരവാദിത്വങ്ങളുമായിട്ടാണ് നിക് ഗുഗ്ഗറും കൂടെ ജയിച്ച അദ്ദേഹത്തിന്റെ പാർട്ടിക്കാരും പാർലമെന്റിലേക്ക് പോകുന്നത്. ഒരു ക്ഷേമരാഷ്ട്രത്തിലെ രാഷ്ട്രീയപാർട്ടികൾ ജനങ്ങൾക്ക് മുൻപാകെ അവതരിപ്പിക്കുന്ന വിഷയങ്ങളും ഇന്ത്യയിലെ പാർട്ടികൾ ജനങ്ങൾക്ക് മുൻപാകെ അവതരിപ്പിക്കുന്ന വിഷയങ്ങളും താരതമ്യം ചെയ്യപ്പെടേണ്ടതാണ്.
അയോദ്ധ്യ ക്ഷേത്രം, ബാബറിമസ്ജിത്, ഗോ സംരക്ഷണം ഇത്രയും വിഷയങ്ങളുണ്ടെങ്കിൽ ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പ് പൂർണ്ണം. കേരളത്തിൽ ശബരിമല, പള്ളിത്തർക്കം, പീഡനം, ജാതി നേതാക്കളുടെ ജല്പനം ഇത്രയുമുണ്ടങ്കിൽ ഒരുമാസം ഇലക്ഷൻ പ്രചാരണം കേമമായി നടക്കും. കാർഷിക മേഖലയുടെ തകർച്ച, പ്രളയം തകർത്ത മനുഷ്യർ, റോഡുകളുടെ അവസ്ഥ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്ക് കോടതി ശരണം. ഉത്ഘാടനം നടത്താനായി മാത്രം ജീവിക്കുന്ന ജനപ്രതിനിധികൾ.
നിക് ഗുഗ്ഗറിന് നല്ലൊരു വിജയം ലഭിച്ചതിൽ മലയാളിയുടെ വോട്ടുകളും നിമിത്തമായി എന്ന് അദ്ദേഹം മനസ്സിലാക്കുകയും അത് അദ്ദേഹത്തിന് ഏറെ സന്തോഷം നൽകിയെന്ന് പറയുകയും ചെയ്തു. തുടർന്നും എല്ലാവിധ സഹകരണവും പിന്തുണയും മലയാളി സമൂഹത്തിൽ നിന്നും അദ്ദേഹം പ്രതീക്ഷിക്കുണ്ട് . അദ്ദേഹത്തിന്റെ കർമ്മ മേഖലയിൽ എല്ലാ വിജയാശംസകളും നേരുന്നു.