Cultural Pravasi Switzerland

സാറാസ് എന്ന സിനിമക്കെതിരെ സദാചാര വാദികൾ കല്ലെറിയുമ്പോൾ. നിരൂപണം – ബാബു വേതാനി

BABU VETHANI

വിവാദങ്ങൾ വിടാതെ പിന്തുടരുന്ന  സമീപകാല റിലീസ് ആയ സാറാസ് എന്ന മലയാള ചലച്ചിത്രം ഞാനും കണ്ടിരുന്നു.

സ്ത്രീപക്ഷ സിനിമകളിലൂടെ സിനിമാപ്രേമികളുടെ കൈയ്യടികൾ ധാരാളമായി വാങ്ങിക്കൂട്ടിയ ജൂഡ് അന്തോണി എന്ന യുവ സംവിധായകന് ഇക്കുറി വിമർശനങ്ങളുടെ കൂരമ്പുകളാണ് പൊതുസമൂഹത്തിൽ നിന്നും ഏറ്റു കൊണ്ടിരിക്കുന്നത് .കല ജീവിതഗന്ധിയായിരിക്കണം എന്ന ക്ളീഷേ പ്രയോഗം നമ്മൾ കൂടെ കൂടെ എടുത്തുപയോഗിക്കാറുണ്ടെങ്കിലും, തനിക്കു നല്ലതല്ല എന്ന് തോന്നുന്നതൊന്നും ഇവിടെയാരും എഴുതുകയോ ചിത്രീകരിക്കുകയോ വേണ്ട എന്ന സങ്കുചിത ചിന്താഗതിയിലേക്കു മലയാളി ചുരുങ്ങുന്നു എന്നെ കരുതാൻ കഴിയൂ ,ഏതെങ്കിലും ഒരു സംവിധായകന്റെ രണ്ടു ചിത്രങ്ങളിൽ സവർണ്ണ കഥാപാത്രം നായകനായി വന്നാൽ അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രത്യേക മതക്കാരൻ വില്ലനായി വന്നാൽ പോലും അസഹിഷ്ണുത പ്രകടിപ്പിക്കുകയും അത് വിവാദമാക്കി  മാറ്റുകയും ചെയ്യുന്നവരാണ് മലയാള സിനിമാസ്വാദകർ .

എന്തിനേറെപ്പറയുന്നു ,സവര്ണനായ ഒരു നായകനാടന്റെ ഇടി വാങ്ങാൻ തനിക്കു താല്പര്യമില്ലാത്തതിനാൽ ഒരു സിനിമാ വേണ്ടെന്നു വെച്ചു എന്ന് പത്രക്കാരോട് പരസ്യമായി പറഞ്ഞ ഒരു യുവ നടന്റെ ഇന്റർവ്യൂ പോലും നാം ഈയിടെ കണ്ടു ,

വർഗീയതയും വൈകാരികതയും അത്രമേൽ ആഴത്തിൽ വേരൂന്നിയ ഒരു സമൂഹത്തിലേക്കാണ് പുരോഗമനവാദിയും പിടിവാശിക്കാരിയുമായ സാറാ എന്ന പെൺകുട്ടിയുടെ ജീവിതം സംവിധായകൻ തുറന്നു വെക്കുന്നത്..  വിമര്ശനങ്ങളുടെ കുത്തൊഴുക്ക് ഉണ്ടായില്ലെങ്കിലെ അത്ഭുതമുള്ളു .

വ്യക്തിസ്വാതന്ത്രത്തിലേക്ക് സമൂഹം കൈകടത്തുകയും അതിർവരമ്പുകൾ നിശ്ചയിക്കുകയും ചെയ്യുന്നിടത്താണ് നാം എത്രമാത്രം പക്വമായ പുരോഗമന ചിന്താഗതികൾ വച്ചുപുലർത്തുന്നുണ്ട് എന്ന സംശയം ജനിക്കുന്നത് .

ഭ്രൂണഹത്യ അത്യന്തം ഹീനമായ ഒരു കർമമാണ് എന്ന യാഥാർഥ്യം നിലനിൽക്കുമ്പോൾത്തന്നെ, ഒരു കുഞ്ഞു ജനിച്ചാൽ തന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ സാറയെ എത്രമേൽ അസ്വസ്ഥയും പരിഭ്രാന്തയും ആക്കു ന്നുണ്ടാകാം   എന്ന യാഥാർഥ്യം കൂടി കണക്കിലെടുത്തുവേണം ഇങ്ങനെയൊരു കഠിനമായ തീരുമാനത്തിൽ അവൾ എത്തിച്ചേർന്നതിനെ നാം കാണേണ്ടത്.കരയുന്ന ഒരു കുഞ്ഞിനെ കൈയിലെടുത്തു ഒന്ന് ആശ്വസിപ്പിക്കാൻ പോലും തയ്യാറാകാത്ത സാറയുടെ കുഞ്ഞുങ്ങളോടുള്ള താൽപര്യക്കുറവ് ആദ്യ സീനുകളിൽ തന്നെ സംവിധായകൻ നമുക്ക് കാണിച്ചു തരുന്നുണ്ട് .

പൊക്കിൾകൊടി ബന്ധം വേർപെട്ട ഉടനെ തന്നെ സ്വന്തം കുഞ്ഞിനെ ചവറുകൂനയിലെ ഉറുമ്പരിക്കാൻ എറിഞ്ഞുകൊടുത്ത ഒരമ്മയുടെ കഥ നാം ഈയിടെ കേട്ടിരുന്നു . അതുപോലെതന്നെ ചോരനിറം മാറാത്ത സ്വന്തം കുഞ്ഞിനെ ഒരമ്മ കല്ലിൽ അടിച്ചുകൊന്ന കഥയും നാം അറിഞ്ഞു .ഏതു മനോവികാരത്തിന്റെ പുറത്താണോ ആ അമ്മമാർ അതിനിഷ്ടൂരമായ ആ കൃത്യങ്ങൾ നടത്തിയതെങ്കിലും അങ്ങിനെയൊരു അവസ്ഥയിലേക്ക് അവർ എത്തിച്ചേരുന്നതിലും അഭി കാമ്യമല്ലെ സാറ എടുത്ത  തീരുമാനം . ടീവീ ഓണാക്കിയാൽ, പത്രങ്ങൾ നിവർത്തിയാൽ, രക്തം മരവിക്കുന്ന പകയുടെയും ക്രൂരതയുടെയും കഥകളാണ് ദിവസേന വാർത്തകളായി നമുക്ക് മുന്നിൽ എത്തുന്നത് .

ജീവിതത്തിന്റെ പരിച്ഛേദങ്ങളാണ് കഥകളായും സിനിമകളായും പിറക്കുന്നത് .നല്ലതെന്നു നാം കരുതുന്നത് മാത്രമേ കലാരൂപങ്ങളായി  അവതരിപ്പിക്കപ്പെടാൻ അനുവദിക്കൂ എന്ന് വാശിപിടിച്ചാൽ സൽഗുണസമ്പന്നന്മാരായ കഥാപാത്രങ്ങളുടെ വേഷപ്പകർച്ചയായിമാത്രം കല പരിമിതപ്പെടില്ലേ?

സെൻസറിങ് പോലും സിനിമയുടെ സ്വാതന്ത്രത്തിനു കൂച്ചുവിലങ്ങാണ് എന്ന് പരാതിപ്പെടുന്നവരാണ് നല്ല സംവിധായകരിൽ ഏറിയ പങ്കും.സിനിമയിലെ കഥാപാത്രങ്ങളുടെ സല്ഗുണങ്ങളെല്ലാം മലയാളി ജീവിതത്തിൽ പകർത്തിയിരുന്നെങ്കിൽ മേലേടത്തു രാഘവൻനായർ മാരെകൊണ്ടു കേരളം നിറഞ്ഞിരുന്നേനെ .അത്തരം സർവ്വസംഗപരിത്യാഗികളായ സൽകഥാപാത്രങ്ങളാണല്ലോ നമ്മുടെ സിനിമകളിൽ കൂടുതലായും പ്രതിഷ്ഠിക്കപ്പെടുന്നത് .

 മതപുരോഹിതന്മാരാൽ പീഡിപ്പിക്കപ്പെട്ടു ഗര്ഭിണികളായി പ്രസവിക്കുകയോ ഭ്രൂണഹത്യനടത്തപ്പെടുകയോ ചെയ്ത പ്രായപൂർത്തിയാകാത്തവരുൾപ്പെടെയുള്ള  നൂറുകണക്കിന് പെൺകുട്ടികളുടെ നിസ്സഹായാവസ്ഥയെക്കുറിച്ചു ലവലേശം ഉത്ക്കണ്ഠ പ്രകടിപ്പിക്കാതെ, ഒരു പെൺകുട്ടി, തന്റെ ഉറച്ച തീരുമാനതാൽ  വേണ്ടെന്നുവെച്ച ഒരു ഗര്ഭത്തെയോർത്തു വിലപിക്കുന്ന ഒരു യുവ പുരോഹിതന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയി പ്രചരിക്കപ്പെടുമ്പോൾ  സഭയിലെ മേല്പറഞ്ഞ അനീതികൾക്കെതിരെ അദ്ദേഹത്തിന്റെ പ്രതികരണങ്ങളൊന്നും ഇതുവരെ കണ്ടിട്ടില്ലല്ലോ  എന്നതും ശ്രദ്ധേയമാണ് .

തന്റെ സമുദായത്തിൽ പെട്ടവർ തന്നെ ഈ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നതാണ് അദ്ദേഹത്തെ അലോസരപ്പെടുത്തുന്ന മറ്റൊരു കാര്യം.

സാറ ഇന്നത്തെ തലമുറയുടെ ഒരു പ്രധിനിധിയാണ് . അവളുടെ തീരുമാനങ്ങൾ അവൾക്കു ശരിയും മറ്റുള്ളവർക്ക് തെറ്റുമായിരിക്കാം .നിയമപരമായി അവൾക്കു , നാം തെറ്റെന്നു വിവക്ഷിക്കുന്ന ആ കൃത്യം ചെയ്യാനുള്ള സ്വാതന്ത്രം ഉണ്ടായിരിക്കുന്നിടത്തോളംകാലം , അവളെയോ ആ കഥാപാത്രത്തിന്റെ സൃഷ്ടികര്താക്കളെയോ കുറ്റപ്പെടുത്താൻ നാ അർഹരല്ല,

ഇങ്ങനെയൊരു സംവാദത്തിനു വഴിമരുന്നിടുക വഴി ഭ്രൂണഹത്യ അപലപിക്കപ്പെടേണ്ടതാണ് എന്ന പൊതുബോധം രൂപപ്പെടുത്തുന്നതിൽ സാറാസ് എന്ന ചിത്രം കാരണമാകുന്നെങ്കിൽ ജൂഡ് അന്തോണി എന്ന സംവിധായകന്റെ വിജയം കൂടിയല്ലേയിത് .

സാറാസ്  ഒരു സിനിമ മാത്രമാണ് …പക്ഷെ ഇന്നത്തെ യുവതലമുറയുടെ ചിന്തകളുടെയും തീരുമാനങ്ങളുടെയും ഒരു നേർചിത്രം കൂടിയാണ് .