അബൂദബിയിൽ കുടുങ്ങിയ മലയാളികൾക്ക് മൂന്നാം ദിവസമായ ഇന്ന് വൈകീട്ടാണ് നാട്ടിലേക്ക് മടങ്ങാനായത്
യു.എ.ഇ ഫെഡറൽ അതോറിറ്റിയായ ഐ.സി.എ അനുമതിയില്ലാതെ എത്തിയ കൂടുതൽ പേരെ അബൂദബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നെത്തി അബൂദബി വിമാനത്താവളത്തിൽ കുടുങ്ങിയ നാലു മലയാളികളും ഇവരിൽ ഉൾപ്പെടും. ലക്നോവിൽ നിന്നെത്തിയ 18 ഉത്തർപ്രദേശ് സ്വദേശികളാണ് ഷാർജ വിമാനത്താവളത്തിൽ നിന്ന് മടങ്ങേണ്ടി വന്നത്.
അബൂദബിയിൽ കുടുങ്ങിയ മലയാളികൾക്ക് മൂന്നാം ദിവസമായ ഇന്ന് വൈകീട്ടാണ് നാട്ടിലേക്ക് മടങ്ങാനായത്. ദുബൈ വിമാനത്താവളം മുഖേനയായിരുന്നു ഇവരുടെ മടക്കയാത്ര. ശനിയാഴ്ച പുലർച്ചെ 4.30ന് കൊച്ചിയിൽ നിന്നു പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിലാണ് മലയാളികളായ ബാബു, രമേശ് കുന്നംകുളം, മിഥുൻ, സാലിഹ് ചങ്ങരംകുളം, അബൂബക്കർ എന്നിവർ എത്തിയത്. ഇതിൽ അബൂബക്കറിന് പുറത്തിറങ്ങാൻ അനുമതി ലഭിച്ചു. ടിക്കറ്റ് ചെലവ് ഇത്തിഹാദ് എയർവേസ് നൽകി.
റസിഡൻ്റ് വിസക്കാർക്ക് യു.എ.ഇയിലേക്ക് യാത്ര ചെയ്യാൻ ഐ.സി.എ അനുമതി ആവശ്യമില്ല എന്ന വാർത്തകളെ തുടർന്നാണ് വന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ഉൾപെടെയുള്ള എയർലൈൻ കമ്പനികൾ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി തേടാതെ യാത്രക്കാർ യു.എ.ഇയിലേക്ക് തിരിച്ചത്. കറാച്ചിയിൽ നിന്നെത്തിയ പാകിസ്താൻ സ്വദേശികളെയും തിരിച്ചയച്ചതായി ഇവർ പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്കാണ് ലക്നോ സ്വദേശികളായ തൊഴിലാളികൾ ഷാർജ വിമാത്താവളത്തിൽ എത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെ ഇവരെ തിരിച്ചയച്ചു. അതേസമയം, ബംഗ്ലാദേശിൽ നിന്നെത്തിയ 127 തൊഴിലാളികളെയും അബൂദബി വിമാനത്താവളത്തിൽ നിന്ന് മടക്കി. ഇവർക്ക് അടുത്ത ദിവസം തന്നെ തിരിച്ചുവരാൻ അവസരം നൽകുമെന്ന് അധികൃതർ അറിയിച്ചു.