ചെയർമാൻ ജോണി ചിറ്റക്കാട്ട്, പ്രസിഡന്റ് സുനിൽ ജോസഫ്, സെക്രട്ടറി മിനി ബോസ്, ട്രഷറർ ജിജി ആന്റണി.
സൂറിച് : ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ നെറ്റ് വര്‍ക്ക് ശൃംഖലയായി അമേരിക്കയിൽ ആരംഭിച്ച വേൾഡ് മലയാളീ കൗൺസിലിൻറെ സ്വിറ്റ്സർലാന്റ് പ്രോവിന്‍സിന്റെ 2020-2021 വർഷത്തെ ഭാരവാഹികളായി ചെയർമാൻ ജോണി ചിറ്റക്കാട്ട്, പ്രസിഡന്റ് സുനിൽ ജോസഫ്, സെക്രട്ടറി മിനി ബോസ്, ട്രഷറർ ജിജി ആന്റണി എന്നിവരെ തെരെഞ്ഞെടുത്തു.
2019 ഡിസംബർ 14നു സൂറിച്ചിലെ എഗ്ഗിൽ വച്ചു നടത്തിയ ജനറൽ ബോഡി മീറ്റിംഗിൽ സീനിയർ ക്യാബിനറ്റ് മെമ്പറും ചീഫ് ഇലക്ഷന്‍ ഒഫീസറുമായി നിയമിക്കപെട്ട ജോർജ്കുട്ടി നമ്പുശ്ശേരിൽ തെരെഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. 2020-2021വർഷങ്ങളിലേക്കുള്ള എക്സിക്യൂട്ടീവ്,ക്യാബിനറ്റ് മെമ്പർമാരെ തെരഞ്ഞെടുക്കാൻ പുതുതായി തെരഞ്ഞെടുക്കപെട്ട കോർ കമ്മറ്റിയെ യോഗം ചുമതലപ്പെടുത്തി.
2018-2019 വർഷത്തെ WMC യുടെ പ്രവർത്തനങ്ങൾ ചർച്ചചെയ്യുവാൻ പ്രസിഡന്റ് ജോഷി പന്നരാകുന്നേലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ചെയർമാൻ ജോബിൻസൺ കൊറ്റത്തിൽ ഏവർക്കും സ്വാഗതം ആശംസിക്കുകയും സെക്രട്ടറി ജോഷി താഴത്തുകുന്നേൽ റിപ്പോർട്ട് അവതരിപ്പിക്കുകയും തുടർന്ന് പ്രസിഡന്റ് ജോഷി പന്നാരകുന്നേൽ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വിശദികരിക്കുകയും ട്രഷറർ വിജയ് ഓലിക്കര കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.
തുടർന്ന് നടന്ന ചർച്ചയിൽ കഴിഞ്ഞ രണ്ടു വർഷം വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ് നടത്തിയ വിവിധ പ്രോഗ്രാമുകൾ യോഗം വിലയിരുത്തുകയും,മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഇക്കാലയളവിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച വിമൻസ്‌ഫോറം അംഗങ്ങളെയും ഭാരവാഹികളെയും പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
2019 നവംബർ 2നു റാഫ്‌സിൽ വച്ച് നടത്തിയ കേരളപിറവി ആഘോഷങ്ങൾ വൻവിജയം ആക്കി തീർത്ത എല്ലാവർക്കും പ്രത്യേകം അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചകൊണ്ട് സ്നേഹവിരുന്നിനു ശേഷം യോഗം സമംഗളം പര്യവസാനിച്ചു.