Association Pravasi Switzerland

ലൈറ്റ് ഇൻ ലൈഫ് – സഹൃദയ – “സാന്ത്വനം മാനവസേവനപദ്ധതി” ഉത്‌ഘാടനം നടന്നു.പദ്ധതിയെ ഹൃദയത്തിലേറ്റി നീലീശ്വരം നിവാസികൾ

“മാനവസേവ” മാധവസേവയാക്കിമാറ്റിയ, സ്വിറ്റസർലന്റിലെ ജീവകാരുണ്യസംഘടനയായ ലൈറ്റ് ഇൻ ലൈഫ്, നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി & ലൈബ്രറി മുഖാന്തരം നടപ്പിലാക്കുന്ന “സാന്ത്വനം മാനവസേവനപദ്ധതി” 2020 ജനുവരി 28 ന്, മുൻ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റീസ് ശ്രീ കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

അതിരുകളില്ലാത്ത സ്നേഹത്തിന്റെയും കരുതലിന്റെയും അനുപമമായ പ്രവർത്തനങ്ങളാണ് ലൈറ്റ് ഇൻ ലൈഫിനെ വ്യത്യസ്തമാക്കുന്നത് എന്ന് ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ, നിർധനരായ 3 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നതിനായി 15 ലക്ഷം രൂപയും, ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള 11 വിദ്യാർഥികൾക്ക് 5 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പും വിതരണം ചെയ്തു.

കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ: ധർമ്മരാജ് അടാട്ട് മുഖ്യ അതിഥി ആയിരുന്നു.സ്‌കൂൾ വിദ്യാർത്ഥികൾക്കായി, ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വിദ്യാഭ്യാസപരിപോഷണ-വ്യക്തിത്വ വികസന പദ്ധതി “വെളിച്ചം” ലൈറ്റ് ഇൻ ലൈഫ് പ്രസിഡൻറ് ശ്രീ ഷാജി അടത്തല ഉത്‌ഘാടനം ചെയ്തു.

സഹൃദയയുടെ നവീകരിച്ച ഇ-വിഞ്ജാനകേന്ദ്രത്തിന്റെ ഉത്‌ഘാടനം മുൻമന്ത്രി ശ്രീ.ജോസ് തെറ്റയിൽ നിവഹിച്ചു. ശ്രീ.ടി.എൽ.പ്രദീപ് അധ്യക്ഷത വഹിച്ചു.പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ബിബി സെബി, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ശ്രീ.വി.കെ.ഷാജി, പഞ്ചായത്ത്‌ മെമ്പർമാരായ ആനി ജോസ്, ആതിര ദിലീപ്, ഷീബ ബാബു, വിജി രജി എന്നിവർ പ്രസംഗിച്ചു.ഷൈൻ P ജോസ് പദ്ധതികൾ വിശദീകരിച്ചു.സഹൃദയ സെക്രട്ടറി ലൈജു സ്വാഗതം ആശംസിച്ചു, വനിതാവേദി സെക്രട്ടറി അമ്പിളി നന്ദി പ്രകാശിപ്പിച്ചു. യോഗാനന്തരം, തൊടുപുഴ മ്യൂസിക് ഫിയസ്റ്റ അവതരിപ്പിച്ച ഗാനമേളയും നൃത്ത-കലാ പരിപാടികളും അരങ്ങേറി.

പ്രളയാനന്തര പുനരധിവാസ പദ്ധതിയുടെ ഭാഗമായി, ലൈറ്റ് ഇൻ ലൈഫിന്റെ മുഖ്യപങ്കാളിത്തത്തോടെ നിർമ്മിച്ച 7 “പുനർജ്ജനി” ഭവനങ്ങളുടെ താക്കോൽദാനം ഫെബ്രുവരി 4 നു കോട്ടയം ജില്ലയിലെ ളാക്കാട്ടൂർ – മൂങ്ങാക്കുഴിയിൽ നടക്കും.