Association Pravasi

ഓണസമ്മാനമായി മൂന്ന് നിര്‍ദ്ധന കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകി സ്വിറ്റ്‌സർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ് .

സ്വിറ്റസർലണ്ടിലെ നിസ്വാർത്ഥസേവകരുമായ കുറച്ചു കുടുംബങ്ങളുടെ കൂട്ടായ്‌മയായ LIGHT IN LIFE, ചാരിറ്റി പ്രവർത്തന രംഗത്ത് വര്ഷങ്ങളായി അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് ..പ്രവാസലോകത്തു സാംസ്ക്കാരിക കൂട്ടായ്മായി നിലവിലുള്ള ചെറുതും വലുതുമായ ഒട്ടനവധി സംഘടനകളിൽ നിന്നും ചാരിറ്റി രംഗത്ത് തികച്ചും മികവാർന്ന പ്രവർത്തനങ്ങളാണ് ഇവർ നടത്തുന്നത് ..

ഈ വർഷത്തെ തിരുവോണം, നീലീശ്വരം മുണ്ടങ്ങാമറ്റത്തെ മൂന്നു് കുടുംബങ്ങൾക്ക് “കരുതലോണം” ആണ്. ഈ കുടുംബങ്ങൾക്ക് ഓണസമ്മാനമായി ലഭിച്ചത് ഓണപ്പുടവയും ഓണസദ്യയും മാത്രമല്ല, “സ്വന്തം വീട് ” എന്ന ഒരു വലിയ സ്വപ്നസാക്ഷാത്കാരം കൂടിയാണ്. കരുതലോടെ ഇവരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നതാവട്ടെ, സ്വിറ്റ്‌സർലണ്ടിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫും, മുണ്ടങ്ങാമറ്റം സഹൃദയാ കലാവേദി & ലൈബ്രറിയും.

വീടൊന്നിന് ഏഴരലക്ഷം രൂപചിലവിൽ മനോഹരമായി പണിതീർത്ത മൂന്നു വീടുകളുടെ താക്കോൽ ദാനം, 2020 ആഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 9 മണിക്ക് കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ശ്രീ ധർമ്മരാജ് അടാട്ട് നിർവഹിച്ചു. കോവിഡ് – 19 നിബന്ധനകൾ കർശനമായും പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങുകളിൽ മുണ്ടങ്ങാമറ്റം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആനി ജോസ് അദ്ധ്യക്ഷത വഹിച്ചു. പതിനഞ്ച് ലക്ഷം രൂപയാണ് ഈ മൂന്നു വീടുകൾക്കുവേണ്ടി ലൈറ്റ് ഇൻ ലൈഫ് ചിലവഴിച്ചത്. ഈവർഷം മെയ്മാസം കുട്ടികളുടെ വിദ്യാഭ്യാസപദ്ധതിയായ ലൈറ്റ് 4 ചൈൽഡിനുവേണ്ടി മുപ്പതുലക്ഷത്തി അറുപതിനായിരം രൂപയും, അരുണാചൽപ്രദേശിൽ നിർമ്മാണത്തിലിരിക്കുന്ന സ്കൂളിനായി രണ്ടാം ഗഡുവായ മുപ്പത്തിരണ്ടുലക്ഷം രൂപയും നൽകിയിരുന്നു. പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന കുട്ടികൾക്ക്, ഈ വർഷം ഇതുവരെ നൽകിയ നാലു ലക്ഷം രൂപക്ക് പുറമേയാണിത്.

കൊറോണക്കാലമായിരിന്നിട്ടുപോലും, ഈ വർഷം ഏതാണ്ട് എൺപത്തിയൊന്നുലക്ഷത്തി അറുപതിനായിരം രൂപ (CHF 104`000 .-) അർഹതപ്പെട്ടവർക്ക് നൽകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ലൈറ്റ് ഇൻ ലൈഫിന്റെ അംഗങ്ങൾ. ഈ കാരുണ്യപ്രവർത്തനങ്ങൾ പ്രാവർത്തികമാക്കാൻ ഇവരെ സഹായിച്ച എല്ലാ സഹൃദയർക്കും ലൈറ്റ് ഇൻ ലൈഫ് നന്ദിയർപ്പിക്കുന്നു.

എല്ലാ സുഹൃത്തുക്കൾക്കും ലൈറ്റ് ഇൻ ലൈഫിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.