Association Europe Pravasi Switzerland

ആവേശത്തിന്റെ അലയടികളോടെ കേരളാ സമാജം ബേൺ സ്വിറ്റസർലണ്ടിന്റെ ജൂബിലി ആഘോഷം ഒക്‌ടോബർ പതിനെട്ടിന് വിവിധ പരിപാടികളോടെ ബേണിൽ അരങ്ങേറി .

പൊതുയോഗം ,സംഗീത സന്ധ്യ ,നൃത്തനൃത്യങ്ങൾ ,വ്യക്തികൾക്ക് ആദരവ്

സ്വിറ്റസർലണ്ടിലെ ബേൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക ,സാംസ്കാരിക സംഘടനയായ കേരളാ സമാജം സ്വിറ്റ്സർലൻഡ് ഈ കഴിഞ്ഞ പതിനെട്ടാം  തിയതി ബേണിൽ വെച്ച് പിറവിയുടെ ഇരുപതാം വാർഷികം വിവിധപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു .

പിറവിയുടെ ഇരുപതുവർഷം എന്നത് ഏതൊരു സംഘടനെയെയും സംബന്ധിച്ചു നല്ലൊരു കാലയളവാണ് ..പ്രവാസമണ്ണിൽ സംഘടനാ അംഗങ്ങൾക്കും ,സമൂഹത്തിനും വേണ്ടി പ്രവർത്തനനിരതമായ ഇരുപതു വർഷങ്ങൾ.അതിനു ചുക്കാൻ പിടിച്ചവർ ,ഭാരവാഹികൾ ,അംഗങ്ങൾ എല്ലാവർക്കും അഭിമാനമേകുന്ന നിമിഷങ്ങൾ .

അസോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളിൽ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായി വളർന്ന കേരളം സമാജം സ്വിറ്റ്സർലൻഡ് അതിന്റെ പ്രവർത്തനപാതയിൽ ഇരുപതാണ്ട് പിന്നിട്ടപ്പോൾ ചാരിതാർഥ്യങ്ങൾ ഏറെയാണ് .

പൊതുയോഗത്തിനു മുന്നോടിയായി ശ്രീ വിൽ‌സൺ കോലഞ്ചേരിയും ശ്രീമതി അബീർ അബ്‌ദുൾ അസീസും മോഡറേറ്റേഴ്‌സായി സ്വതസിദ്ധമായ ശൈലിയോടെ പ്രോഗ്രാമിനെക്കുറിച്ചു ചെറുവിവരണങ്ങൾ നൽകി  സംഘടനാ പ്രസിഡന്റ് ശ്രീ ഡേവിസ് അരീക്കലിനേയും മറ്റു അഥിതികളെയും വേദിയിലേക്ക് ക്ഷണിച്ചു .ശ്രീമതി സോഫിയ അക്കരയുടെ പ്രാർത്ഥനാഗാനത്തോടെ യോഗനടപടികൾ ആരംഭിച്ചു .

സംഘടനയുടെ ആദ്യകാല പ്രസിഡന്റും ജൂബിലി വർഷത്തെ പ്രെസിഡന്റുമായ ശ്രീ ഡേവിസ് അരീക്കൽ തന്റെ അധ്യക്ഷപ്രേസംഗത്തിലൂടെ അതിഥികളായ ശ്രീ ബാബു പുല്ലേലിക്കും ,ശ്രീ ടോമി തൊണ്ടാംകുഴിക്കും ശ്രീ ഷാജി എടത്തലക്കും സദസ്സിനും സ്വാഗതമേകിയതിനോടൊപ്പം സംഘടനയുടെ കഴിഞ്ഞ ഇരുപതുവര്ഷത്തെ പ്രെവർത്തന പാരമ്പര്യത്തെക്കുറിച്ചു പ്രദിപാദിച്ചു . ഒത്തൊരുമയോടെ ,പരസ്പര ബഹുമാനത്തോടെ ഒരു കുടുംബം പോലെയുള്ള അംഗങ്ങളുടെ പ്രവർത്തനമികവാണ് സമാജത്തെ ഇരുപതിന്റെ  നിറവിൽ എത്തിച്ചതെന്നും അതിന്റെ അമരക്കാരനായി എല്ലാവരുടെയും സഹകരണത്തോടെ ഈ വേദിയിൽ ഇപ്പോൾ നിൽക്കുന്നതിൽ അഭിമാനവും ചാരിതാർഥ്യവുമുണ്ടെന്നു പ്രെസിഡെന്റ് അഭിപ്രായപ്പെട്ടു .അതുപോലെ സംഘടനയെ ഒത്തൊരുമയോടെ ഇതുവരെ നയിച്ച മുൻഭാരവാഹികളെ മനസ്സിൽ സ്മരിക്കുകയും ചെയ്തു .

തുടർന്ന് സംഘടനയുടെ സന്നിഹിതരായിരുന്ന മുൻ പ്രെസിഡന്റുമാരെ വേദിയിലേക്ക് ക്ഷണിക്കുകയും റോസാദളങ്ങൾ നൽകി സ്വീകരിക്കുകയും തുടർന്ന് എല്ലാവരുടെയും സാന്നിധ്യത്തിൽ മുഖ്യ അതിഥിയായ ശ്രീ ബാബു പുല്ലേലി നിലവിളക്കു കൊളുത്തി സമാജത്തിന്റെ ജൂബിലി വർഷാഘോഷങ്ങൾ ഉൽഘാടനം ചെയ്തു ..പ്രസിഡന്റ് ഡേവീസ് അരീക്കലും അഥിതികളായെത്തിയ ശ്രീ ടോമി തൊണ്ടാംകുഴിയും ,ശ്രീ ഷാജി എടത്തലയും സംഘടനാ ഭാരവാഹികളും തിരി തെളിയിച്ചു . സംഘടനയെ ഇതുവരെ മുന്നോട്ടു നയിച്ചവരായ ഡേവിസ് അരീക്കൽ ,കുഞ്ഞുമോൻ ചാരുവിള ,പീറ്റർ കണ്ണാടൻ ,ജോർജ് ഏഴുകാട്ടിൽ ,വിൽസൺ കോലഞ്ചേരി ,സണ്ണി ജോസഫ് ,പ്രേമ പപ്പൻ ഡോണി പടിക്കകുടി എന്നിവരെ പ്രേത്യേകം പരാമർശിച്ചു.

തുടർന്ന് സമൂഹത്തിനു ഉപകാരപ്രദമായി വിവിധമേഖലകളിൽ വര്ഷങ്ങളായി പ്രെവർത്തിക്കുന്ന ശ്രീ ബാബു പുല്ലേലിയെയും ,ശ്രീ ടോമി തൊണ്ടാംകുഴിയേയും,ശ്രീ ഷാജി എടത്തലയെയും സംഘടന പൊന്നാട നൽകി ആദരിച്ചു .ആദരവേറ്റുവാങ്ങി സംഘടനക്ക് ആശംസകൾ അർപ്പിച്ചും ആദരവിന്‌ നന്ദി അർപ്പിച്ചും മൂന്നുപേരും സംസാരിച്ചു . ശ്രീ പീറ്റർ കണ്ണാടൻറെ നന്ദി പ്രകാശിപ്പിക്കലിലൂടെ പൊതുയോഗത്തിനു തിരശീലവീണു .

ആഘോഷങ്ങളുടെ രഥഘോഷയാത്രകൾക്കായി  വേദിയെ സജ്ജമാക്കിക്കൊണ്ടാണ് വീണ്ടും തിരശ്ശീലയുയര്ന്നത്. ശ്രീ ബിജു പട്ടത്തുപറമ്പിൽ ശ്രീമതി ജിത്ത ജ്യോതിനാഥ് ,ശ്രീമതി മെലീസ ബോസ് എന്നിവരുടെ അവതരണത്തോടെ നൃത്തനൃത്യങ്ങൾക്കു തുടക്കമായി . അംഗോപാംഗചലന വിന്യാസത്തിന്റെ സൌന്ദര്യംകൊണ്ടും ഭാവാവിഷ്കാരത്തിന്റെ ഗരിമകൊണ്ടും മനോധര്മത്തിന്റെ സാധ്യതകളുപയോഗിച്ച് ആഴത്തിൽ ആസ്വാദകരുടെ ഹൃദയങ്ങളില് രസാനുഭൂതി ഉണർത്തി  പാട്ടിന്റെ വരികള്ക്കനുസൃതമായി അനുപമമായ ചുവടുകള്ക്ക് പിറവി നൽകി  പുതിയ കാലത്തിന്റെ ചലനങ്ങളെ കണ്ടറിഞ്ഞ് ഡാൻസ് കൊറിയോഗ്രാഫർ റ്റിൽജ ജെൻസ്, സ്വിസ്സിലെ അറുപത്തിയഞ്ചിൽപരം കലാപ്രതിഭകളെ അണിനിരത്തിയൊരുക്കിയ  നാട്യവിസ്മയം -Sanchari – A Dance Journey Through Movement – ആഘോഷരാവിനു മാറ്റുകൂട്ടി.  ശ്രീമതി ലിജി ചെത്തിപ്പുഴ ,ശ്രീമതി അലീന ചെത്തിപ്പുഴ എന്നിവർ ഡാൻസ് കോർഡിനേറ്റർസായി പ്രെവർത്തിച്ചു ,സംഘടനയുടെ ആർട്സ് കൺവീനർ ശ്രീമതി സോണിയ ചാരുവിള പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി .നല്ലൊരു ദൃശ്യവിരുന്നൊരുക്കിയ കൊറിയോഗ്രാഫർ റ്റിൽജ ജെൻസിന്  സംഘടന നന്ദിയുടെ പൂച്ചെണ്ടുകൾ നൽകി .തുടർന്ന് കയ്യും മെയ്യും മറന്ന് രാഗതാള വിസ്മയങ്ങൾ തീർത്തുകൊണ്ടു യുവതാരങ്ങൾ അണിയിച്ചൊരുക്കിയ സിനിമാറ്റിക് ഡാൻസ്  അവിസ്മരണീയമായ ഒരു ദൃശ്യവിരുന്നായിരുന്നു.

തുടർന്ന് സംഗീതപ്രേമികളെ പുളകം കൊള്ളിച്ച സംഗീത വിരുന്നിനായി വേദിയൊരുങ്ങി ..

കേരളസമാജം സ്വിറ്റ്സർലന്റിന്റെ   ഇരുപതാം വാർഷികആഘോഷങ്ങൾക്ക് ഇരട്ടിമധുരമായ്തീർന്ന ഒരു സംഗീത സന്ധ്യയായിരുന്നു  ശ്രീ ബാബു പുല്ലേലിയുടെ നേതൃത്വത്തിലുള്ള സ്വിസ്സ്ബാബു മ്യൂസിക്കൽ എന്റെർറ്റൈന്മെന്റ്സ് ബെർനിൽ കാഴ്ചവെച്ചത്.

ശ്രീ ബേബി കാക്കശ്ശേരി രചിച്ചു ശ്രീ ബാബു പുല്ലേലി സംഗീതം നൽകിയ നദി നിരവധി പാടുന്ന നാട് എന്ന് തുടങ്ങുന്ന , കേരളത്തിന്റെ ഹരിത ശോഭയാർന്ന പ്രകൃതി രമണീയതയെ കുറിച്ച് വർണിക്കുന്ന ഗാനത്തോടെ ആരംഭിച്ച സംഗീത വിരുന്ന് പിന്നീട് ഹൃദയഹാരിയായ ഗാനാലാപനങ്ങളാൽ ആസ്വാദകരെ അക്ഷരാർത്ഥത്തിൽ സംഗീത സാഗരത്തിൽ ആറാടിച്ചു.

പഴയതും പുതിയതുമായ മെലഡി ഗാനങ്ങളും തുടർന്ന് താളം പിടിക്കാനും നൃത്ത ചുവടുകൾ വെക്കാനും പറ്റിയ ഗാനങ്ങളും ആലപിച്ചുകൊണ്ട് സ്വിസ്സ്ബാബു മ്യൂസിക്കൽ എന്റെർറ്റൈന്മെന്റ്സ് കാണികളെ നൃത്തമാടിക്കുകയുമുണ്ടായി.

സ്വിറ്റ്സർലൻഡ് ലെ   അനുഗ്രഹീത ഗായകരായ ബാബു പുല്ലേലി, തോമസ് മുക്കോംതറയിൽ, സാബു പുല്ലേലി, മിനി മൂഞ്ഞേലിൽ, സോഫിയ അക്കര, സംഗീത പുല്ലേലി എന്നിവരെ കൂടാതെ ബാബു പുല്ലേലി സംഗീതാസ്വാദകർക്കായി പരിചയപ്പെടുത്തിയ പുതിയ യുവ ഗായകരായ ശ്രീ പ്രവീൺ ഗൗതം, കുമാരി ആര്യ മധു എന്നിവരും സംഗീതആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി.

കീബോർഡിൽ ജർമനിയിൽ നിന്നുള്ള ബ്രൂക്ക്സ്, ഗിറ്റാറിൽ ജർമനിയിൽ നിന്നുള്ള ബെൻ സാം ജോൺസ്, റിതം ഗിറ്റാറിൽ സ്വിറ്റസർലണ്ടിലെ ഡിക്ടോ മുണ്ടാടൻ, തബല, റിതം പാഡ് എന്നീ ഉപകരണങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് ജെയ്സൺ കരേടൻ എന്നിവർ അവരുടെ വൈദഗ്ത്യം തെളിയിച്ചു. ശബ്ദനിയന്ത്രണത്തിൽ ശാസ്ത്രീയമായി ശിക്ഷണം നേടിയിട്ടുള്ള, ജർമനിയിൽ നിന്നുള്ള ബിബിൻ ജോർജ് വളരെ ആസ്വാദ്യ കരമായ രീതിയിൽ ശബ്ദനിയന്ത്രണം നിർവഹിച്ചു.ഗാനസന്ധ്യക്കാവശ്യ മായ സൗണ്ട് സിസ്റ്റം നൽകിയത് ശ്രീ സദാശിവൻതമ്പിപിള്ളൈ ആയിരുന്നു.

മുറ്റത്തെ മുല്ലക്ക് മണമുണ്ട് എന്ന് തെളിയിച്ചുകൊണ്ട് കേരളം സമാജം സ്വിറ്റ്സർലൻഡ് ഇവിടത്തെ കലാകാരന്മാർക്ക് നൽകിയ വേദി ഇരുകയ്യും നീട്ടി സ്വിറ്റസർലണ്ടിലെ സംഗീതാസ്വാദകർ സ്വീകരിച്ചു.

പാചകം ഒരു കലയാണ്, ഒരു സംസ്ക്കാരമാണ്, ഒരു അനുഷ്ഠാനവും അചാരവുമാണ്. അതുപോലെ തന്നെ ഇതൊരു പരീക്ഷണവുമാണ്.  ഒരുമിച്ച് ഭക്ഷണം പാചകം ചെയ്യുകയും ഒരുമിച്ച് ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്നതു വഴി വ്യക്തികളും, കുടുംബങ്ങളൂം, ഒരു സമൂഹവും തന്നെ ഈ സ്നേഹചരടിൽ ബന്ധിപ്പിക്കപെടുന്നു. കേരളാ സമാജം ശ്രീ ലിബിയുടെ നേതൃത്വത്തിൽ വിപുലമായ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ സദസ്യർക്കായി ഒരുക്കിയിരുന്നു …

.

ശ്രീ ജോജി മൂഞ്ഞേലി ആഘോഷവേദിയിൽനിന്നും പകർത്തിയ ഫോട്ടോകൾ –

https://photos.app.goo.gl/L6zjHvpHcqQ3YuzGA