സ്വിറ്റസർലണ്ടിലെ പ്രശസ്ത സാംസ്‌കാരിക സംഘടനയായ കേളി സ്വിസ്സ് ഒരുക്കുന്ന പൊന്നോണം 2024 ഈ വര്ഷം സൂറിച്ചിലെ ബൂലാഹ് ഹാളിൽ വച്ച് സെപ്തംബര് 21 ആം തീയതി നടക്കുന്നതാണ്. വിശാലമായ പാർക്കിംഗ് സംവിധാനമാണ് 2400 ഓളം പേർക്കിരിക്കാവുന്ന ബൂലാഹ് ഹാളിൻറെ മറ്റൊരു പ്രത്യേകത.

കേളിയുടെ ഇരുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് വൈവിധ്യവും രുചികരവുമായ ഇരുപത്തിയാറിലധികം കേരള വിഭവങ്ങൾ ഉൾക്കൊള്ളുന്ന സദ്യയാണ് കേളി ഒരുക്കുന്നത്.
പോയ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ പ്രാവശ്യത്തെ പൊന്നോണത്തിൽ കേളി ” നാടൻ പാട്ടും നേരമ്പോക്കുകളും” ഒരുക്കുന്നു. സദ്യയ്ക്കായുള്ള കാത്തിരിപ്പിനിടയിലും , സദ്യ ആസ്വദിക്കുമ്പോഴും, വൈകുന്നേരത്തെ പരിപാടികൾ തുടങ്ങുന്നത് വരെയും ആളുകളെ ആനന്ദിപ്പിക്കാൻ മൂന്ന് അനുഗ്രഹീത കലാകാരൻമാരായ രാജേഷ് തംബുരു, മനോജ് ഗിന്നസ് , രാജേഷ് തിരുവമ്പാടി എന്നിവർ എത്തുന്നു.
പ്രശസ്ത കലാകാരൻ ബിജു സേവ്യർ സംവിധാനം ചെയ്ത്, സിനിമാ സ്റ്റോറിബോർഡ് ആർട്ടിസ്റ്റ് കലാഭവൻ സിനാജ് ചിട്ടപ്പെടുത്തി, നൂറിലധികം കലാകാരന്മാരും കലാകാരികളും മാറ്റുരയ്ക്കുന്ന ഗംഭീരമായ ഉൽഘാടന നൃത്ത പ്രദർശന പരമ്പര തീർച്ചയായും മറ്റൊരു വ്യത്യസ്തമായ അനുഭവമായിരിക്കും. ഈ അടുത്ത കാലത്ത് വൻ വിജയമായ ആട് ജീവിതവുമായി ബന്ധപ്പെട്ട് കലാഭവൻ സിനാജ് നടത്തിയ പ്രവർത്തനം വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.

ഉൽഘടനത്തിനു ശേഷം ദേശീയ അവാർഡ് ജേതാവ് നരേഷ് അയ്യരും തിനക് ദിൻ ബാൻഡും അവതരിപ്പിക്കുന്ന സംഗീത സായാഹ്നം ഉണ്ടായിരിക്കുന്നതാണ്. നരേഷ് അയ്യരോടൊപ്പം സിനിമ പിന്നണി ഗായകരായ സന മൊയ്തുട്ടിയും സൂരജ് സന്തോഷും ചേരുന്നു.
ഇത്തവണ സ്വിറ്റ്സർലൻഡ് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത , കേരളത്തിൽ നിന്നുള്ള പ്രമുഖ പാചക വിദഗ്ധൻ ഒരുക്കുന്നപഞ്ചനക്ഷത്ര പാചകവിഭങ്ങളടങ്ങിയ രാത്രി ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
കഴിഞ്ഞ കാലങ്ങളിൽ ജനങ്ങൾ നൽകിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച്, ശബ്ദത്തിനന്റെയും വെളിച്ചത്തിന്റെയും അമിത കോലാഹലങ്ങളില്ലാത്ത, തിക്കും തിരക്കുമൊഴിവാക്കിയുള്ള തീർത്തും കുറ്റമറ്റ ഉൽസവാന്തരീക്ഷം സൃഷടിക്കാൻ കേളിയുടെ ഒരു പറ്റം യുവ സന്നദ്ധ പ്രവർത്തകർ തയ്യാറെടുത്തു കഴിഞ്ഞു.

ആഘോഷ പരിപാടികളുടെ വിജയത്തിനായി പ്രസിഡന്റ് ദീപ മേനോൻ, സെക്രട്ടറി ജിജിൻ രാജഗോപാലൻ, ഖജാഞ്ചി അജയ് ചന്ദ്രൻ നായർ, പൊന്നോണം കൺവീനർ സേതുനാഥ് ഒതയോത്ത്, ആർട്സ് സെക്രട്ടറി റീന എബ്രഹാം, പ്രോഗ്രാം ഓർഗനൈസർ സിൻജോ നെല്ലിശ്ശേരി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.
