സ്നേഹം കൊണ്ടും, കരുതൽ കൊണ്ടും ഒരു ജനതയുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്o നേടിയ വ്യക്തിയാണ് കെ. എം. മാണിസാർ. ഒരു രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം വരും തലമുറ പഠന വിഷയമാക്കേണ്ട ഒരു തുറന്ന പുസ്തകമായിരുന്നു അദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. പല വൻ വൃക്ഷങ്ങളെയും ബാലറ്റ് എന്ന വജ്രായുധം കൊണ്ട് ജനം മര്യാദ പഠിപ്പിച്ച ഇൻഡ്യാ മഹാരാജ്യത്ത് ഒരു നിയോജക മണ്ഡലം രുപം കൊണ്ട അന്നു മുതൽ നീണ്ട അമ്പത്തിനാല് വർഷം പ്രതിനിധീകരിക്കാൻ കഴിയുക എന്നു പറഞ്ഞാൽ അതൊരു ലോക ചരിത്രം ആണ്.മാണിസാറിന്റെ ജീവിതം പoന വിധേയമാക്കുമ്പോൾ എറ്റവും ആദ്യം നാം എത്തിച്ചേരേണ്ടത്, പ്രതിസന്ധികളിൽ അടിപതറാത്ത അദേഹത്തിന്റെ ആത്മധൈര്യം ആണ്. മാണിസാറിന്റെ ഭാഷയിൽ പറഞ്ഞാൽ വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരാളാ കോൺഗ്രസിന്റെ എല്ലാ പിളർപ്പുകളിലും പ്രധാന പങ്ക് അദേഹത്തോടൊപ്പം ആയിരുന്നു.
മരങ്ങാട്ടുപിള്ളിയിൽ 1933 ജനുവരി 30-ന് കർഷക ദമ്പതികളായ മാണിയുടെയും ഏലിയാമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്ക്കൂളിൽ ഹൈസ്കൂൾ ക്ലാസുകളിൽ വിദ്യാഭ്യാസം നടത്തി. 1946-’48 കാലഘട്ടത്തിൽ 8, 9 ക്ലാസ്സുകളിലാണ് അദ്ദേഹം കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്ക്കൂളിൽ പഠിച്ചിരുന്നത്. തുടർന്ന് പാലായിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് തൃശിനാപ്പള്ളി സെന്റ് ജോസഫ് കോളജ്, മദ്രാസ് ലോ കോളജ് എന്നിവടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കെ എം മാണി 1955-ൽ അഭിഭാഷക ജോലിയിൽ പ്രവേശിച്ചു. പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 1959-ൽ കെപിസിസിയിൽ അംഗമായി. കോട്ടയം ഡിസിസി സെക്രട്ടറിയായിരിക്കുമ്പോഴാണ് 1964-ൽ കേരള കോണ്ഗ്രസ് രൂപീകൃതമാകുന്നത്. പിന്നീട് കേരള കോണ്ഗ്രസ് നേതൃനിരയിലേക്കും കേരള രാഷ്ട്രീയത്തിലെ അതികായൻ എന്ന നിലയിലേക്കും പാലാക്കാരുടെ സ്വന്തം മാണിസാർ വളരുകയായിരുന്നു.
1964-ൽ കേരള കോൺഗ്രസ് രൂപീകൃതമായപ്പോൾ മുതൽ കരിങ്ങോഴയ്ക്കൽ മാണി മകൻ മാണി, അഥവാ കെ.എം.മാണിക്ക് കേരള രാഷ്ട്രീയത്തിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1965-ലെ തെരഞ്ഞെടുപ്പിൽ പാലായിൽ നിന്നും ആദ്യമായി വിജയം നേടിയ മാണിസാർ പിന്നെ മരണം വരെ എംഎൽഎയായി തുടർന്നുവെന്നത് അത്യപൂർവമായ റിക്കാർഡാണ്. തുടർച്ചയായി 13 തവണയാണ് മാണിസാർ പാലായിൽ നിന്നും നിയമസഭാംഗമായത്. നിയമസഭാ സാമാജികൻ എന്ന നിലയിൽ 50 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തെ 2017-ൽ നിയമസഭ ആദരിക്കുകയും ചെയ്തിരുന്നു.
1965-ൽ ആണ് മാണിസാർ ആദ്യ വിജയം നേടിയതെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സഭ ചേർന്നില്ല. പിന്നീട് 67-ലെ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച മാണിസാർ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് മരണംവരെ അദ്ദേഹം എംഎൽഎ എന്ന പദവിയിലല്ലാതെ ജീവിച്ചിട്ടില്ല.
ഏറ്റവും കൂടുതൽ കാലം മന്ത്രിസ്ഥാനം വഹിച്ചയാൾ, കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13), ഏറ്റവും അധികം മന്ത്രിസഭകളിൽ അംഗം (12), ഏറ്റവും അധികം കാലം ധന-നിയമ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ റിക്കാർഡുകളെല്ലാം അദ്ദേഹം സ്വന്തം പേരിൽ ചേർത്തു.
മാണിസാർ എന്ന ഓമനപ്പേര് ഭരണപ്രതിപക്ഷമില്ലാതെ അംഗീകാരത്തിന്റെ ആമുഖവാക്കാണ്. വിനയാന്വിതനായി നിന്നാണ് മാണി സാർ കേരളരാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. എതിരാളികളെപ്പോലും മോശമായ പദങ്ങൾകൊണ്ട് വിമർശിച്ചിട്ടില്ല. കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്ഥാപനം മുതൽ തലങ്ങും വിലങ്ങും വന്ന രാഷ്ട്രീയ സുനാമികളെ പ്രതിരോധിച്ചു പ്രസ്ഥാനത്തെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്ത നേതാവാണ് മാണിസാർ. ഭരണപക്ഷത്താണെങ്കിൽ പ്രഗത്ഭനായ ഭരണാധികാരിയെന്നും പ്രതിപക്ഷത്തെങ്കിൽ പ്രതിരോധ നിരയിലെ പ്രധാനിയെന്നും വിലയിരുത്തപ്പെട്ടു. കണക്കും കാര്യങ്ങളും ലോപോയിന്റുകളും നിരത്തി മാണി സഭയിലും സമൂഹത്തിലും ഒരു ഇതിഹാസമായി മാറുകയാണുണ്ടായത്.
കേരള കോൺഗ്രസുകാരനല്ലാതെ ദേശീയ കോൺഗ്രസിലെ നേതാവായിരുന്നു കെ എം മാണിയെങ്കിൽ മുഖ്യമന്ത്രിക്കും കേന്ദ്ര കാബിനറ്റ് മന്ത്രിക്കും മുകളിൽ എത്രയോ വലിയ പദവിയിലെത്താനുള്ള കരുത്തും കാര്യശേഷിയും അദ്ദേഹത്തിനുണ്ടെന്ന് ആദ്യ കാലം മുതലേ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. നിയമസഭാംഗം, മന്ത്രി എന്നീ നിലകളിൽ തകർക്കാനാവാത്ത റിക്കാർഡുകൾക്കും ഉടമയാണ് അദ്ദേഹം. അധ്വാനവർഗ സിദ്ധാന്തവും ആലുവ സാമ്പത്തിക പ്രമേയവും കേരള വികസന മാസ്റ്റർപ്ലാനും കേരളത്തിനു സമ്മാനിച്ച നേതാവുമാണ്.
തൊഴിലാളിവർഗ്ഗ സർവാധിപത്യത്തിലല്ല, അധ്വാനവർഗ്ഗ മേധാവിത്തത്തിലാണ് ലോകത്തിന്റെ ഭാവിയെന്നു പ്രവചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു കെ.എം മാണി. മാക്സിന്റെയും ഏംഗൽസിന്റെയും തൊഴിലാളിവർഗ്ഗ സർവാധിപത്യ സിദ്ധാന്തത്തിനു മലയാളത്തിൽനിന്നുള്ള സാമ്പത്തിക ശാസ്ത്ര മറുപടിയായിരുന്നു കെ.എം മാണി അവതരിപ്പിച്ച അധ്വാനവർഗ്ഗ സിദ്ധാന്തം. കാലഹരണപ്പെട്ട കമ്യൂണിസത്തിനും മുതലാളിത്ത വ്യവസ്ഥിതിക്കും പകരം അവതരിപ്പിക്കപ്പെടുന്ന ഒരു രാഷ്ട്രീയ സാമ്പത്തിക ദർശനമാണ് അധ്വാനവർഗ്ഗ സിദ്ധാന്തം അഥവാ ജനകീയ സോഷ്യലിസം എന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. ജനാധിപത്യ സംവിധാനത്തിനുള്ളിലെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയായ ജനകീയ സോഷ്യലിസം യാഥാർഥ്യമാക്കാനുള്ള മാർഗം കൂടിയാണെന്ന് അദ്ദേഹം പറയുന്നു.
കമ്യൂണിസത്തിന്റെയും കാപ്പിറ്റലിസത്തിന്റെയും ദോഷവശങ്ങൾ നിരാകരിച്ച് സാമൂഹ്യ സാമ്പത്തിക സംവിധാനങ്ങളെ ഏകീഭവിപ്പിക്കുന്ന രാഷ്ട്രീയ സാമ്പത്തിക സിദ്ധാന്തം എന്നതാണ് അധ്വാനവർഗ്ഗ സിദ്ധാന്തത്തിന്റെ പ്രസക്തി. എല്ലാ മാനവപ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലി എന്നനിലയിൽ കമ്യൂണിസത്തെ കണ്ട എല്ലാ രാഷ്ട്രങ്ങളും മുക്കാൽ നൂറ്റാണ്ടുതികയുന്നതിനു മുമ്പതന്നെ അതു തള്ളിക്കളഞ്ഞു. ജനാധിപത്യമില്ലാത്ത സോഷ്യലിസം സർവാധിപത്യത്തിലേക്കു വഴുതിവീഴും. സോഷ്യലിസമില്ലാത്ത ജനാധിപത്യം, രാഷ്ട്രസമ്പത്ത് ചുരുക്കം ചിലരുടെ കൈകളിൽ കേന്ദ്രീകരിച്ചുകൊണ്ട് ഒരു അസന്തുലിത സമൂഹത്തിന്റെ സൃഷ്ടിക്കു കാരണമാകും. എന്നാൽ ജനാധിപത്യവ്യവസ്ഥിതിക്കുള്ളിൽ ഒരു സോഷ്യലിസ്റ്റ് സാമൂഹ്യക്രമായിരുന്നു കെ.എം മാണി മുന്നോട്ടുവച്ച സാമ്പത്തിക സിദ്ധാന്തത്തിന്റെ കാതൽ. വികസനമേഖലകളുടെ വസ്തുനിഷ്ഠമായ മുൻഗണനാക്രമം നിർണയിക്കുന്നതിനും അധ്വാനവർഗ്ഗത്തിന്റെ മേൽക്കോയ്മ ഉറപ്പിക്കുന്നതിനും കമ്യൂണിസത്തിനപ്പുറമുള്ള ഒരു സമ്പദ്ക്രമമാണ് അദ്ദേഹം ഇതിലൂടെ തേടിയത്. ഇനിയും ആഴത്തിൽ പഠിക്കേണ്ട ദർശനങ്ങളാണ് അധ്വാനവർഗ്ഗ സിദ്ധാന്തത്തിലൂടെ മാണിസാർ മലയാളിക്ക് നൽകിയത്.
രാഷ്ട്രീയ തന്ത്രങ്ങളുടെ കളിത്തോഴൻ ആയിരുന്നപ്പോഴും കർഷകരെയും ,കർഷക തൊഴിലാളികളെയും എന്നും തന്നോട് അടുപ്പിച്ച് നിർത്താൻ മാണിസാറിന് കഴിഞ്ഞിരുന്നു. ഇതാകട്ടെ വെറും ചെപ്പടി വിദ്യകൾ കൊണ്ടല്ല മറിച്ച് അവർക്ക് അർഹതപ്പെട്ടത് അർഹതപ്പെട്ട സമയത്ത് നൽകികൊണ്ട് തന്നെയാണ്.കർഷകർക്ക് പെൻഷൻ പ്രഖ്യാപിച്ച മാണിസാർ ക്യാൻസർ രോഗികൾക്കായി ലോട്ടറി വകുപ്പുമായി ചേർന്ന് ക്യാൻസർ ചികിൽസാ പദ്ധതി പ്രഖ്യാപിച്ചപ്പോൾ കേരള ചരിത്രത്തിൽ അതൊരു പുതിയ അദ്ധ്യായമാകുകയായിരുന്നു.
റബ്ബറിന്റെ വിലയിടിവുകൊണ്ട് നട്ടം തിരിയുന്ന കർഷകർക്ക് ആശ്വാസമായി റബ്ബർ വില സ്ഥിരതാ ഫണ്ടും ,സബ്സിഡിയും നൽകിയ കെ. എം. മാണി ഒരു യഥാർത്ഥ കർഷക സ്നേഹിയായി മാറി. ഇതൊക്കെയാണു കെ. എം. മാണിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോകുന്ന വഴികളിലൊക്കെ പാതിരാത്രിയിലും സ്ത്രീകളും ,കുട്ടികളും ഉൾപ്പെടെയുള്ളവർ വാഹനം തടഞ്ഞ് നിർത്തി പ്രിയ നേതാവിനെ അവസാനമായി ഒന്ന് കാണുവാൻ ശ്രമിച്ചതിന്റെ കാരണവും.
ആശയപരമായി എതിർക്കുമ്പോഴും വ്യക്തിബണ്ഡങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ എന്നും കെ. എം. മാണി ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് അദേഹവുമായി പലപ്പോഴും ശക്തമായി കലഹിച്ചിരുന്ന പി. സി. ജോർജ് ഒരിക്കൽ പറഞ്ഞത് കെ. എം. മാണി നാളിതുവരെ എന്നെ ചീത്ത വിളിച്ചിട്ടില്ലായെന്ന്. ഇതാണ് കെ. എം. മാണിയുടെ വ്യക്തിത്വം.
ചിരിയെന്ന ആയുധം കൊണ്ട് എത് അസംതൃപ്തനെയും ,എതിരാളിയെയും കീഴടക്കാനുള്ള കഴിവായിരുന്നു മാണിസാറിന്റെ കൈയ്മുതൽ. രാഷ്ട്രീയ പ്രസംഗങ്ങളെ ജനം പുച്ഛിച്ച് തള്ളുന്ന ഇക്കാലത്തും മാണിസാറിന്റെ ഒരോ പ്രസംഗങ്ങളും ഒരോ പുസ്തകങ്ങൾ ആയിരുന്നു. ബുദ്ധി ജീവികൾക്ക് പോലും പoന വിഷയമാക്കാൻ തക്കവിധത്തിൽ ആഴത്തിലുള്ള ആശയങ്ങൾ അദേഹത്തിന്റെ പ്രസംഗങ്ങളിൽ ഉണ്ടായിരുന്നു.
അദേഹത്തിന്റെ അദ്ധ്വാന വർഗ്ഗ സിദ്ധാന്തം കമ്മ്യൂണിസ്റ്റ് ചിന്തകർ പോലും ഇന്ന് ആഴത്തിൽ പഠിക്കാറുണ്ടെന്നുള്ളതാണ് സത്യം.
എതായാലും കടന്നുപോയ ആ മഹാ നേതാവിന്റെ നഷ്ടം നികത്താൻ ഇനി ആർക്ക് കഴിയും എന്നത് ഒരു വലിയ ചോദ്യമാണ്. രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകിയ ആ പ്രിയ നേതാവ് ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം പൂർത്തീകരിക്കുന്നു. ആ പ്രിയ നേതാവിന്റെ പാവനസ്മരണയ്ക്ക് മുമ്പിൽ ശിരസ്സ് നമിക്കുന്നു.