Association Pravasi Switzerland

സ്വിറ്റസർലണ്ടിലെ ഇന്‍ഡോ സ്വിസ്സ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെയും,ലൈറ്റ് ഇൻ ലൈഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശാന്ത അമ്മാമ്മക്ക് പുതു ഭവനം .

മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വർഷമായിരുന്നു 2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. കുളിൽതെന്നലിന്റെ സുഖമുള്ള മഴയോർമകൾ മനസിൽ സൂക്ഷിച്ചിരുന്ന മലയാളി കണ്ടത് മഴയുടെ രൗദ്രഭാവമാണ് , നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം. കാലവർഷം പതിവിലുമധികം ശക്തി പ്രാപിക്കുന്നത് നാം കണ്ടു. കിട്ടിയതൊക്കെ കയ്യിലെടുത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് ഓടിയവർ, വീടിന്റെ രണ്ടാം നിലയിൽ അഭയം പ്രാപിച്ചവർ, ചത്തുപൊങ്ങിയ വളർത്തു മൃഗങ്ങൾ, ഒറ്റപ്പെട്ട് കുടുങ്ങിക്കിടക്കുന്നവർക്കായുള്ള ഉറ്റവരുടെ സഹായാഭ്യാർത്ഥനകൾ.

ഒരു മനുഷ്യായുസ്സിൽ മറക്കാൻ കഴിയാത്ത നടുക്കുന്ന ഓർമകളാണ് പ്രളയം മലയാളിക്ക് സമ്മാനിച്ചത്.മഹാപ്രളയത്തിൽ നിന്നും കരകയറുകയാണ് പതുക്കെ നമ്മുടെ കൊച്ചു കേരളം . ഓർത്തെടുക്കുമ്പോൾ ഭയപ്പെടുത്തുകയും ഒരു മലയാളിയായതിൽ അഭിമാനം തോന്നുകയും ചെയ്യുന്ന നിമിഷങ്ങളുണ്ട്.പ്രളയകാലം തിരിച്ചറിവുകളുടേത് കൂടിയായിരുന്നു. ജാതിയുടേയും  മതത്തിന്റെയും പണത്തിന്റെയും അതിർ വരമ്പുകൾ ഇല്ലാതായി. അമ്പലത്തിലും പള്ളികളിലും നിസ്കാര പായകൾ വിരിച്ചു. പാവപ്പെട്ടവനും പണക്കാരനും ഒരു പാത്രത്തിൽ നിന്ന് കഴിച്ചു. അന്യർക്ക് പ്രവേശനമില്ലെന്ന് എഴുതിയ ബോർഡുകൾ പ്രളയമെടുത്തു. വിശപ്പിനേക്കാൾ വലുതല്ല ദുരഭിമാനമെന്ന് തിരിച്ചറിഞ്ഞു…
ഈ പ്രളയക്കെടുതിയിൽ വളരെ പ്രശംസനീയമായ പ്രവർത്തനമാണ് പ്രവാസി മലയാളികളിൽ നിന്നുമുണ്ടായത് .സ്വിറ്റസർലണ്ടിലെ പ്രവാസി സമൂഹം ,സംഘടനകൾവഴിയും , അല്ലാതെയും കേരളത്തിന് അകമഴിഞ്ഞ സഹായമാണ് നൽകിയത് .സ്വിസ്സ് മലയാളീ കൂട്ടായ്മയുടെ പേരിൽ   സ്വിറ്റസർലണ്ടിലെ പ്രമുഖ സ്പോർട്സ് ക്ലബ് ആയ ഇൻഡോ സ്വിസ്സ് സ്‌പോർട് ക്ളബും  സ്വിറ്റസർലണ്ടിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫും സംയുക്തമായി മാള – കോടോത്തുംകുന്നിൽ  പ്രളയത്തിൽ  വീട് നഷ്ട്ടപെട്ട തെക്കുംപുറം ശാന്ത അമ്മാമ്മക്ക്   നിർമ്മിച്ചു നൽകുന്ന വീടിന്റെ പൂർത്തീകരണവും താക്കോൽദാനവും ഈ കഴിഞ്ഞ പതിനാറാം തിയതി നടന്നു ..സംഘാടകർക്കും ,ഇതിനു വേണ്ടി അകമഴിഞ്ഞ് സഹകരിച്ച എല്ലാവർക്കും ചാരിതാർഥ്യത്തിന്റെ നിമിഷങ്ങൾ ആയിരുന്നു ഈ മഹനീയ കർമ്മം നടന്ന ദിവസം .

പുതിയ ഭവനത്തിൽ വെച്ച് നടത്തിയ ചെറിയ ചടങ്ങിൽ ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ലബ്ബിനെ പ്രതിനിധീകരിച്ചു ടൈറ്റസ് / ലാലി നടുവത്തുമുറിയിൽ , ലൈറ്റ് ഇൻ ലൈഫിനെ പ്രതിനിധീകരിച്ചു മാത്യു തെക്കോട്ടിലും പങ്കെടുത്തു .സ്വിസ്സ് മലയാളികളുടെ മാളയിലെ ഈ ആദ്യ പേജെക്ടിനു ചുക്കാൻ പിടിച്ച സിസ്റ്റർ ലൈസക്കും  , ഈ ഭവനത്തിന്റെ പൂർത്തീകരണത്തിനായി ഒത്തിരി സഹായിച്ച മാളയിലെ പോളി നമ്പാടനും സ്വിസ്സ് മലയാളികളുടെ പാരിദോഷികവും ചടങ്ങിൽ കൈമാറി . മാള പഞ്ചായത് അധികൃതർ , ജന പ്രതിനിധികൾ , ഡേവിസ് എടാട്ടുകാരൻ തുടങ്ങി നിരവധി പേര് ചടങ്ങിൽ സംബന്ധിച്ചു .
രണ്ടു കിടപ്പുമുറിയടക്കം എല്ലാ സജ്ജീകരണങ്ങളോടും കൂടിയ വീടാണ് കൈമാറിയത് .ഈ കൂട്ടായ്മയിൽ ഞങ്ങളോടൊപ്പം ചേർന്ന് ഭവന നിർമാണത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത മാള soccorso കോൺവെന്റിനും , നിർമാണ പ്രവർത്തന ചുമതല ഏറ്റെടുത്ത Sr ലൈസ പുല്ലോക്കാരനും – ഈ പ്രോജെക്ടിലേക്കു ഞങ്ങളെ എത്തിച്ച ശ്രീ ലൂവിസ് ചക്കാലമാറ്റത്തിനും നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ശ്രീ പോളി നമ്പാടനും , ഭവന നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുവാൻ  സഹായിച്ച മാള പഞ്ചായത്തിനും മറ്റു എല്ലാ ജനപ്രധിനിധികൾക്കും  നന്ദിയറിയിച്ചു .തറക്കലിടൽമുതൽ ഒപ്പം  നിന്ന കൊടുങ്ങല്ലൂർ – മാള MLA ശ്രീ സുനിൽ കുമാറിനും, പൊതു പ്രവർത്തകനായ ശ്രീ വിനോദ് വിധയത്തിലിനും നല്ലവരായ നാട്ടുകാർക്കും . ഹൃദയം നിറഞ്ഞ നന്ദി ചടങ്ങിൽ സംസാരിച്ചുകൊണ്ടു ശ്രീ ടൈറ്റസ് നടുവത്തുമുറിയും ,മാത്യു തെക്കോട്ടിലും  അറിയിച്ചു  .

കഴിഞ്ഞ ഫെബ്രുവരി 4 നാണ് ഈ സ്വപ്നവീടിന്റെ തറക്കല്ലിടീൽ കർമ്മം നടന്നത് . Rev Fr മാർട്ടിൻ പയ്യപ്പിള്ളിയാണ് കർമ്മം നിർവഹിച്ചത് . ഈ സ്വപ്നപദ്ധതിയുടെ സൂത്രധാരനും വളരെ കുറഞ്ഞ സമയത്തിൽ ഈ പദ്ധതി പൂർത്തീകരിക്കുവാൻ മുൻകൈയെടുത്തു പ്രവർത്തിച്ച ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ലബ്ബിന്റെ ഈവന്റ് മാനേജരും സർവോപരി മാളക്കാരനുമായ ശ്രീ വർഗീസ് എടാട്ടുകാരനും സംഘടനാ ഭാരവാഹി ശ്രീ ജിമ്മി ശാസ്താംകുന്നേലും മുൻ ഭാരവാഹിയും ഇപ്പോൾ നാട്ടിൽ സ്ഥിര താമസക്കാരനുമായസെബി പഴയാറ്റിലും തറക്കല്ലിടീൽ കർമ്മത്തിൽ സന്നിഹിതരായിരുന്നു . .

ഈ പ്രൊജെക്റ്റിനുവേണ്ടി സഹകരിച്ച നല്ലവരായ എല്ലാ സംഘടനാ അംഗങ്ങളോടും ,അതിലുപരി അകമഴിഞ്ഞ സഹായങ്ങൾ നൽകിയ സ്വിറ്റസർലണ്ടിലെ മലയാളീ സമൂഹത്തിനോടുമുള്ള നിസീമമായ കടപ്പാട് ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ളബ് പ്രസിഡന്റ് ബെൻസൺ പഴയാറ്റിലും ലൈറ്റ് ഇൻ ലൈഫ് പ്രസിഡന്റ് ശ്രീ ഷാജി അടത്തലയും അറിയിച്ചു .