Gulf Pravasi

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 150 ആയി

കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് അഞ്ച് മലയാളികൾ കൂടി മരിച്ചു.ഇന്ന് യു.എ.ഇയിലും സൗദിയിലുമാണ്‌ മരണം സംഭവിച്ചത്.

കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് അഞ്ച് മലയാളികൾ കൂടി മരിച്ചു. യു.എ.ഇയിലും സൗദിയിലുമാണ് ഇന്ന്‌ മരണം സംഭവിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 150 ആയി ഉയർന്നു.

കണ്ണൂർ തലശ്ശേരി കതിരൂർ സ്വദേശി ഷാനിദ് , തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ, മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുളളിയിൽ ഉമർ എന്നിവരാണ് സൗദിയിൽ മരിച്ചത്. മലപ്പുറം തിരൂർ സ്വദേശി കൊടാലിൽ അബ്ദുൽ കരീം, എടപ്പാൾ സ്വദേശി കുണ്ടുപറമ്പിൽ മൊയ്തുട്ടി എന്നിവരാണ് യു.എ.ഇയിൽ മരിച്ചത്. ഗൾഫിൽ കോവിഡ് മൂലം ഇന്നലെയും നാല് മലയാളികൾ മരിച്ചിരുന്നു. യു.എ.ഇയിലായിരുന്നു ഇതിൽ രണ്ടു മരണം.

അതേസമയം ഗൾഫിൽ മൊത്തം രോഗികളുടെ എണ്ണം രണ്ടു ലക്ഷവും കടന്നിരിക്കെ, ആശങ്ക ശക്തമാണ്. എന്നാൽ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി മുൻകരുതൽ നടപടികൾ ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് രാജ്യങ്ങൾ. നാലായിരത്തിലേറെ പേർക്ക് ഇന്നലെയും രോഗവിമുക്തി ലഭിച്ചിരുന്നു. ഇതോടെ മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം ലക്ഷം കടന്നു. ദുബൈക്കും സൗദിക്കും പിന്നാലെ ഒമാൻ ഉൾപ്പെടെ മറ്റു രാജ്യങ്ങളിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് നീക്കം.