സംവിധാനങ്ങളുടെ അപര്യാപ്തതയും പ്രായോഗിക ബുദ്ധിമുട്ടുകളും ചേർന്ന് സൗദി ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര ഞായറാഴ്ച മുതൽ അസാധ്യമാക്കി മാറ്റും
കേരളത്തിലേക്ക് മടങ്ങുന്ന ഗള്‍ഫ് പ്രവാസികൾക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ബന്ധ ബുദ്ധി നാല് രാജ്യങ്ങളിലെ മലയാളികളെ കടുത്ത പ്രതിസന്ധിയിലാക്കി. സൌദി അറേബ്യ, ഒമാന്‍, ബഹറൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ മലയാളികള്‍ക്കാണ് തിരിച്ചടിയായത്. എന്നാല്‍ നിലവിലെ രീതി തുടരാന്‍ അനുവദിച്ചത്. യു.എ.ഇയിലെയും ഖത്തറിലെയും പ്രവാസികള്‍ക്ക് ആശ്വാസമായി.
സംവിധാനങ്ങളുടെ അപര്യാപ്തതയും പ്രായോഗിക ബുദ്ധിമുട്ടുകളും ചേർന്ന് സൗദി ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര ഞായറാഴ്ച മുതൽ അസാധ്യമാക്കി മാറ്റും. വ്യത്യസ്ത നിയമങ്ങളുള്ള ഈ രാജ്യങ്ങളിൽനിന്ന് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് സമ്പാദിച്ച് യാത്രനടത്തുക പ്രായോഗികമല്ല എന്നതു തന്നെ കാരണം.
യു.എ.ഇ വിമാനത്താവളങ്ങളിൽ മാത്രമാണ് റാപിഡ് പരിശോധനക്ക് അനുമതിയുള്ളത്. ഖത്തർ, സൗദി, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ഈ സംവിധാനം ഇല്ല. തെർമൽ ടെസ്റ്റിലൂടെ, പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങളില്ലാത്തവരെ യാത്രക്ക് അനുവദിക്കുകയാണ് ഇവിടങ്ങളിലെ രീതി. ഖത്തറിൽ ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്ന ഇഫ്തിറാസ് ആപ്പ് മതിയെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ പ്രവാസി സമൂഹം സ്വാഗതം ചെയ്തു.
കേന്ദ്ര ഇടപെടൽ മുഖേന എംബസികൾ മുൻകൈയെടുത്ത് ബദൽ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ സൗദി ഉൾപ്പെടെ നാലു രാജ്യങ്ങളിലെ പ്രവാസികളുടെ യാത്ര മുടങ്ങും. കൃത്യതയില്ലാത്ത റാപിഡ് ടെസ്റ്റ് ഈ രാജ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. സർട്ടിഫിക്കറ്റ് ലഭിക്കുക എന്നതും എളുപ്പമല്ല. സൗദിയിൽ മുപ്പതിനായിരം മുടക്കിയാലേ സ്വകാര്യ ലാബുകളിൽനിന്ന് സർട്ടിഫിക്കറ്റ് ലഭിക്കൂ. ചെലവ് കുറഞ്ഞ ട്രൂനാറ്റ് ടെസ്റ്റും ഗൾഫിൽ പലേടങ്ങളിലും ലഭ്യമല്ല. ബഹ്റൈനിൽ മാത്രമാണ് പി.സി.ആർ ടെസ്റ്റ് കുറഞ്ഞ ചെലവിൽ സ്വകാര്യ ആശുപത്രികൾ മുഖേന നടക്കാനുള്ള സാധ്യത.