Association Pravasi Switzerland

മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനാഘോഷങ്ങൾക്ക് തിളക്കമേകിക്കൊണ്ട് സ്വിറ്റസർലണ്ടിലെ ഭാരതീയ കലോത്സവത്തിൽ ‘മഹാത്മാ’ അരങ്ങേറി.

സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം ഒരുക്കിയ “ഭാരതീയ കലോത്സവം 2020 ′ ന് വർണാഭമായ പരിസമാപ്‌തി. 2020 ജനുവരി 4 ന് സുറിച്ചിലെ, ഊസ്റ്റെർ സ്റ്റാഡ്ത് ഹോഫ് ഹാളിൽ വൈകിട്ട് നാലിന് ആരംഭിച്ച ഭാരതീയ കലാലയത്തിന്റെ വാർഷികത്തിൽ, വിവിധ കലാ സാംസ്‌കാരിക പരിപാടികൾക്ക് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് കലാസ്വാദകർ എത്തിച്ചേരുകയുണ്ടായി .

ഭാരത മണ്ണിൽ പതിഞ്ഞ രാഷ്ട്രപിതാവിന്റെ കാൽപ്പാടുകൾ, പ്രവാസി ഇന്ത്യക്കാരുടെ മക്കൾ സ്വന്തം ഹൃദയത്തിൽ ഏറ്റുവാങ്ങുന്നതാണ് വാര്ഷികാഘോഷങ്ങൾക്കു തിലകച്ചാർത്തണിയിച്ച മഹാത്മാ എന്ന സ്കിറ്റിന്റെ ഇതിവൃത്തം. നൂറോളം ആർട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ട് ജാക്സൺ പുല്ലേലി രചനയും സംവിധാനവും നിർവഹിച്ച ഈ രംഗാവതരണം പ്രമേയം കൊണ്ടും പുതുമയാർന്ന ദൃശ്യാവിഷ്‌കാരം കൊണ്ടും മികച്ച പ്രേക്ഷക പ്രീതി നേടി.

ഇന്ത്യൻ എംബസി പ്രതിനിധി യായ സെക്കന്റ് സെക്രട്ടറി റോഷ്‌നി അഭിലാഷ് ഐ.എഫ്.എസ്. , ഭാരതീയ കലാലയം ചെയർപേഴ്സൺ മേഴ്‌സി പറാച്ചേരി തുടങ്ങിയവർ സംവിധായകനെയും ടീമംഗങ്ങളെയും പ്രത്യേകം അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു.

സ്വിസ് മലയാളിയായ ജിമ്മി ശാസ്താംകുന്നേൽ ആണ് മഹാത്‌മാഗാന്ധിയെ അവിസ്മരണീയമായി അരങ്ങിലെത്തിച്ചത്. ഡാൻസ് കൊറിയോഗ്രാഫി നിർവഹിച്ച മേഘാ മാടൻ, സാങ്കേതിക പിന്തുണ നൽകിയ ഉദയൻ, കുമാർ, മനോജ് ചൊവ്വൂക്കാരൻ, അഗസ്റ്റിൻ മാളിയേക്കൽ, സെബാസ്റ്റ്യൻ കാവുങ്ങ, റോബിൻ തുരുത്തിപ്പിള്ളിൽ, ദീപു ഉള്ളാട്ടിൽ, സിജി തോമസ്, ബ്രൂണോ, ബാബു പുല്ലേലി, ജോബിൻസൺ, അന്നമ്മ അറക്കൽ,

ജോസ് പുലിക്കോട്ടിൽ തുടങ്ങിയവരുടെയും കോർഡിനേഷൻ നിർവഹിച്ച ജോസ് വാഴക്കാല, അഞ്ചേല ഗോപുരത്തിങ്കൽ, രോഹൻ തോമസ് തുടങ്ങിയ നിരവധി പേരുടെയും, പ്രതിഭാധനരായ നർത്തകീ നർത്തകരുടെയും, മികവുറ്റ അഭിനേതാക്കളുടെയും, സംവിധാനം നിർവഹിച്ച ജാക്സൺ പുല്ലേലി യുടെയും കൂട്ടായ പരിശ്രമം വലിയ വിജയം നേടിയതിന്റെ ആവേശത്തിലാണ് സ്വിസ്സിലെ കലാസ്വാദകർ.

സൂറിച്ചിലെ ഊസ്റ്റർ പബ്ലിക് ഹാളിലാണ് വിവിധ മത്സരങ്ങളും പൊതുസമ്മേളനത്തോടനുബന്ധിച്ച് സംഗീത നിശയും ,സ്‌കിറ്റും അരങ്ങേറിയത്. കിഡ്‌സ് ,സബ് ജൂണിയർ , ജൂണിയർ , സീനിയർ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ അരങ്ങേറി.

ഈ വർഷം ഇരുപത്തിയൊന്നാം വാർഷികം ആഘോഷിച്ച സംഘടന പുതുമയും നിലവാരവും പുലർത്തിയ ഒരു വിരുന്നാണ് ഒരുക്കിയത്. ഒരു ദിനം മുഴുവൻ നീണ്ടു നിന്ന കലോത്സവദിനത്തിന് രാത്രി 11 ഓടെ പരിസമാപ്തിയായി. അച്ചടക്കവും കൃത്യനിഷ്‌ഠയും പുലർത്തിയ മത്സരങ്ങൾ മൂന്നു മണിയോടെ സമാപിച്ചു. തുടർന്ന് പൊതുസമ്മേളനവും നിറപ്പകിട്ടാർന്ന കലാസന്ധ്യയും നടന്നു.

കലാസാംസ്കാരിക പ്രവർത്തനത്തിന് പുറമെ അഭിനന്ദനാർഹമായ രീതിയിൽ കാരുണ്യ പ്രവർത്തനവും നടത്തുന്ന ഭാരതീയ കലാലയം പ്രവർത്തകർ മഹാപ്രളയ കാലത്ത് നേരിട്ട് കേരളത്തിൽ സന്നദ്ധസേവന പ്രവർത്തനം നടത്തിയിരുന്നു. കലാസായാഹ്നത്തിൽ നിന്നും ലഭിച്ച വരുമാനം മുഴുവനും പ്രളയാനന്തര കേരളത്തിലെ പുനർനിർമ്മാണപ്രക്രിയയിൽ വിനിയോഗിച്ചിരുന്നു .

ജോജി മൂഞ്ഞേലി പകർത്തിയ ഫോട്ടോസ് കാണുവാൻ താഴെ ക്ലിക് ചെയ്യുക …

CLICK HERE