Association Pravasi Switzerland

ബാംഗ്ലൂർ ഡേയ്‌സ്  5 -“ദുഷ്ടന്മാരെ, ഒരു ചായയും പരിപ്പുവടയും എനിക്കും താ””…പുഷ്പ ക്ലിനിക്ക് – ജോൺ കുറിഞ്ഞിരപ്പള്ളി

ഒരു നല്ല കലാപരിപാടി കാണാം എന്ന് വിചാരിച്ചു് ഓടിക്കൂടിയ നാട്ടുകാർ നിരാശരായി.ആരെങ്കിലും കൊല്ലപ്പെടുകയോ നല്ല രീതിയിലുള്ള അടിപിടി നടക്കുകയോ ചെയ്തില്ലെങ്കിൽ പിന്നെ കാണാൻ എന്തുരസമാണ് ഉള്ളത്?ഇതായിരുന്നു അവരുടെ മുഖഭാവങ്ങളിൽ നിന്നും എനിക്ക് മനസ്സിലായത്.

വെടിയേറ്റ് കുട്ടി മരിച്ചിട്ടുണ്ടാകും,ജോർജ്‌കുട്ടിയെ നാട്ടുകാർ തല്ലുന്നത് കാണാം എന്നെല്ലാം വിചാരിച്ചു് ഓടിവന്നവരായിരുന്നു അവർ.നിമിഷനേരംകൊണ്ട് വാർത്തയ്ക്ക് വലിയ പബ്ലിസിറ്റി കിട്ടുകയും ചെയ്തിരുന്നു.

സംഭവസ്ഥലം സന്ദർശിക്കാനായി ഓടിക്കൂടിയവർ വന്നപോലെ തിരിച്ചുപോയി.സൈക്കിൾ ചെയിനും കുറുവടിയുമായി വന്ന തമിഴന്മാർ നിരാശരായി പരസ്പരം നോക്കി.

ജോർജ് കുട്ടിയുടെ കിടപ്പുകണ്ട് പലരും ജോർജ് കുട്ടിക്കാണ് വെടി ഏറ്റത് എന്നും വിചാരിച്ചു.ആകെക്കൂടി എല്ലാവർക്കും ഒരു കൺഫ്യൂഷൻ.

ജോർജ് കുട്ടിയുടെ തോക്കിൻ്റെ കാഞ്ചി വലിച്ചു് വെടി പൊട്ടിച്ച പെൺകുട്ടി ബൊമ്മി ഭയന്നു വിറച്ചുപോയി.കുട്ടി പേടിച്ചു് എവിടെയോ പോയി ഒളിച്ചു..കൊച്ചുകുട്ടിയാണ്,കുട്ടിയുടെ ‘അമ്മ ബേജാറായി “ബൊമ്മീ, ബൊമ്മീ “എന്ന് വിളിച്ചു വീടിന് ചുറ്റും തേടി നടന്നു.

അവസാനം അന്വേഷിച്ചു നടന്നവർ ബൊമ്മിയെ ഒരു പഴയ അലമാരയുടെ ഉള്ളിൽ നിന്നും കണ്ടുപിടിച്ചു.

മകളെ കണ്ടുകിട്ടിക്കഴിഞ്ഞപ്പോൾ അക്ക ആ സന്തോഷം കൊണ്ട് കുറെ പരിപ്പുവടയും ഒരു ജഗ്ഗിൽ ചായയുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു.ചൂട് പരിപ്പുവടയുടെ സുഗന്ധം അവിടെ അന്തരീക്ഷത്തിൽ നിറഞ്ഞു. ഞങ്ങൾ പരിപ്പ് വടയിലും ചായയിലും ശ്രദ്ധിച്ചു.

“ദുഷ്ടന്മാരെ, ഒരു ചായയും പരിപ്പുവടയും എനിക്കും താ.”ബോധം കെട്ടുകിടന്നിരുന്ന ജോർജ്‌കുട്ടിയും ചാടി എഴുന്നേറ്റു

ആരോ ഒരു ഗ്ലാസ് ചായയും പരിപ്പ് വടയും ജോർജ്‌കുട്ടിയുടെ നേർക്ക് നീട്ടി.ഉയിർത്തെഴുന്നേറ്റ ജോർജ്‌കുട്ടിയും ടീ പാർട്ടിയിൽ സജ്ജീവമായി .ചായകുടിക്കുന്നതിനിടയിൽ നാടകീയമായി ഒരു ചോദ്യം.”എന്താ സംഭവിച്ചത്?”

“ഉലക്ക പുഴുങ്ങിയത് ,താൻ ഒന്നും അറിഞ്ഞില്ല അല്ലെ?”ഞാൻ ചോദിച്ചു.

ചൂട് പരിപ്പുവട തിന്നുന്നതിനിടക്ക് ജോർജ് കുട്ടി പറഞ്ഞു,

“നല്ല ചൂട് പരിപ്പുവടയുടെ മണം അടിച്ചാൽ ആരുടേയും ബോധക്കേടും മാറും.”

ഞങ്ങളുടെ അടുത്തേക്ക് ഒരു ഇലക്ട്രിക് വയറുമായി ഒരു തമിഴൻ വന്നു.”സാർ,ദാ വയർ കൊണ്ടുവന്നിട്ടുണ്ട്.”

“എന്തിനാ?”

“ഹാർട്ട് അറ്റാക്ക് വന്ന ജോർജ്‌കുട്ടിക്ക് ഷോക്ക് കൊടുക്കാനാണ്. “

സെൽവരാജൻ ഒന്നും പറയാതെ ഒരു കപ്പ് ചായയും ഒരു പരിപ്പ് വടയും അയാൾക്ക് കൊടുത്തു..

വെടിയേറ്റ കൊച്ചുമായി ‘കൊച്ചിൻ്റെ അമ്മയും ഞങ്ങളുടെ അടുത്തേക്ക് വന്നു.പരിപ്പുവട കടിച്ചുകൊണ്ട് അവർ ഹൗസ് ഓണറിൻറെ ഭാര്യയോട് പറഞ്ഞു, .”അക്ക, ബോൺസ് പൊട്ടിയിരിക്കും.”

കൊച്ചിൻ്റെ എല്ല് പൊട്ടിയിരിക്കും,എന്ന്.

ജോർജ് കുട്ടി ചാടി പറഞ്ഞു.”ശരിയാ ബോൺസ്‌ പൊട്ടിയിരിക്കും.ഡോക്ടറുടെ അടുത്തുപോകാം”.

അവർ സമ്മതിച്ചു.

ഞങ്ങൾ താമസ്സിക്കുന്നതിനടുത്തായി ഒരു പുതിയ ക്ലിനിക് ഒരു ഭാര്യയും ഭർത്താവും കൂടി തുടങ്ങിയിരുന്നു..

ഹൗസ് സർജൻസി കഴിഞ്ഞ ഉടനെ കാര്യമായ ക്ലിനിക്കൽ പരിചയമില്ലാത്ത ഒരു ഭാര്യയും ഭർത്താവും ഒന്നിച്ചു ആരംഭിച്ചതാണ്.അതിസുന്ദരിയായിരുന്നു ലേഡി ഡോക്ടർ. അവരെ കാണാൻപോകാനാണ് ഈ ഉത്സാഹം എന്ന് എല്ലാവർക്കും മനസ്സിലായി.

അവരുടെ ക്ലിനിക്കിൻ്റെ പ്രവർത്തനം നിരീക്ഷിക്കുക എന്നത് വളരെ രസകരമായിരുന്നു.ഭർത്താവിന് രോഗികൾക്ക് മരുന്നുകൊടുക്കാൻ പേടിയാണ് അയാൾ തൻ്റെ കൺസൾട്ടിങ് റൂമിൽ ഇരുന്ന് ഉറക്കെ വിളിച്ചു ചോദിക്കും,” ഉഷേ,ഈ ഉടുഗന് ജ്വര,,എന് മാട ബേക്കു?”

ഈ പയ്യന് കൂടിയ പനിയാണ് എന്ത് മരുന്നുകൊടുക്കണം? ,എന്നാണ് ചോദ്യം.

ലേഡി ഡോക്ടർ സ്മാർട്ടാണ്,.അവർ എന്തെകിലും മരുന്നിൻ്റെ പേര് നിർദേശിക്കും.

അങ്ങനെ രസകരമായ പല സീനുകൾ അവിടെ പോയാൽ കാണാം.

ചായകുടിച്ചു കഴിഞ്ഞു ഞങ്ങൾ ആഘോഷമായിട്ടു കൊച്ചിനെയുംകൂട്ടി ക്ലിനിക്കിലേക്ക് യാത്ര ആയി.

പോകുന്ന വഴി പിറകിൽ നിന്നും ഒരാൾ കൈകൊട്ടി വിളിക്കുന്നു. ഞങ്ങൾക്ക് ആരെന്ന് ഒരു പിടിയും കിട്ടിയില്ല.അച്ചായൻ പറഞ്ഞു,”അത് കവി പരുന്തും കൂട്ടിൽ ശശി ആണ്”

ഒരു മുപ്പത്തഞ്ചു് വയസ്സുതോന്നിക്കും,പൊക്കം കുറഞ്ഞു കഷണ്ടിയാണ്.ബ്രുക് ബോണ്ട് ഫാക്ടറിയിൽ സെക്യുരിറ്റി ഓഫിസർ ആണ്.

കവി എല്ലാം ചോദിച്ചു് മനസ്സിലാക്കി. ഒന്നാലോചിച്ചുകൊണ്ട് കഷണ്ടിത്തലയിൽ തലോടി.എന്നിട്ട് പറഞ്ഞു,”ഒരു കവിതക്ക് സ്കോപ്പ് കാണുന്നു.”

തുളകൾ വീണ ഇലകളാണ് നാം

അലകളില്ലാത്ത ജലകുഴികളാണിവിടെ

തുളകൾ വീണ ഭൂമിയിൽ ഉണങ്ങിയ

പൊടി മണ്ണിൽ ദാഹജലം എവിടെ?

ഈ നഗരത്തിന് ഭ്രാന്ത് പിടിച്ചിരിക്കുന്നു.അരിപ്പകളിലെ തുളകൾ പോലെ എല്ലാ വീട്ടിലും ഓരോ കുഴൽ കിണർ നിർമ്മിക്കുന്നു.പരുന്തും കൂട് ശശി വിശദീകരിക്കാൻ തുടങ്ങി.ഞങ്ങൾ പറഞ്ഞു,”,കുട്ടിക്ക് സീരിയസ് ആണ്,പിന്നെ കാണാം”..

കൂടുതൽ കേൾക്കാൻ നിൽക്കാതെ ഞങ്ങൾ ക്ലിനിക്കിലേക്ക് പോയി.

കേറിച്ചെന്ന ഉടനെ ഡോക്ടർ ഒരു ചോദ്യം” വാട്ട് ഹാപ്പെൻഡ്?”

ജോസഫ് ചാടി പറഞ്ഞു,”ജോർജ് കുട്ടി വെടി വച്ചതാ.ബോൺസ് പൊട്ടിയിരിക്കും”

.ഡോക്ടർ ഉടനെ “ഉഷേ, പോലീസിനെ വിളിക്ക് ,ഇവർ വെടി വെച്ച കേസ്സാ ഇത്.”

ഉഷ, ഡോക്ട്ടർ വേദിയിൽ മുഖം കാണിച്ചു.ഞങ്ങളെ മാറി മാറി നോക്കി.ഞങ്ങൾ എല്ലാവരും വിശദമായി എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവർ വെടിയേറ്റ കൊച്ചിനെ ഒന്ന് നോക്കുക പോലും ചെയ്തില്ല.

“നിമ്‌കെ വേറെ കളസ എനും ഇൽവ ?”അവർ ചോദിച്ചു.

“കളസ,എന്ന് പറഞ്ഞാൽ നിക്കർ എന്നല്ലേ അർഥം? അതെന്തിനാ?”ജോർജ്‌കുട്ടി എന്നോട് ചോദിച്ചു.

“കളസ എന്ന് പറഞ്ഞാൽ ജോലി,നിങ്ങൾക്കെല്ലാം വേറെ പണിയില്ലേ?എന്നാണ് അവർ പറഞ്ഞത്.”അച്ചായൻ വിശദീകരിച്ചു.

“വെടിയേറ്റ് എല്ലുപൊട്ടിയ കൊച്ചിനെയും കൊണ്ട്.വന്നിരിക്കുന്നു.ഇത് വല്ല കൊതുകും കുത്തിയതായിരിക്കും”.അവർ വീണ്ടും എന്തൊക്കെയോ പറഞ്ഞു.ഒന്നും മനസ്സിലാകാത്തതുകൊണ്ട് ഞങ്ങൾ വെറുതെ തല കുലുക്കുകയും ചിരിക്കുകയും ചെയ്തു.

കൊച്ചിൻ്റെ കയ്യിൽ കൊതുക് കുത്തിയപോലെ ഒരു ചെറിയ പാട് കാണാം.

“കൊതുക് കുത്തിയതല്ല.വെടി ഏറ്റതാണ് ,പരിപ്പുവട തിന്നപ്പോൾ സുഖമായി.എന്നാലും ഒന്ന് ചെക്കപ്പ് ചെയ്തേക്കാം എന്നുകരുതി കൊണ്ടുവന്നതാണ്.”ഞങ്ങൾ വിശദീകരിച്ചു.

അപ്പോഴാണ് സെൽവരാജൻ ഒരു ചോദ്യം,” സാർ നിങ്ങളുടെ ഭാര്യയുടെ പേര് ഉഷ,നിങ്ങൾ ക്ലിനിക്കിന് ഇട്ടിരിക്കുന്ന പേര് പുഷ്പ ക്ലിനിക്..അതെന്താ?”

ജോർജ് കുട്ടി പറഞ്ഞു,”അത് ഇയാളുടെ ആദ്യത്തെ ലവറിൻ്റെ പേര് ,പുഷ്പ.നമ്മളുടെ ഭാഷയിൽ പറഞ്ഞാൽ പഴയ കുറ്റി.ഇനി കുറച്ചു കഴിയുമ്പോൾ ഇയാൾ ആ പേര് മാറ്റും”ലേഡി ഡോക്ടർ ഭർത്താവിൻ്റെ നേരെ നോക്കി.

അവർക്ക് ഞങ്ങൾ പറഞ്ഞത് മലയാളം അറിയില്ലെങ്കിലും ഏതാണ്ട് പിടികിട്ടി.

പിന്നെ എന്ത് സംഭവിച്ചു?

എൻ്റെ കാര്യം മാത്രം പറയാം.ഞാൻ നിമിഷനേരം കൊണ്ട് വീട്ടിൽ എത്തി.

ഇറങ്ങി ഓടുന്നതിനിടയിൽ വെടിയേറ്റ കുട്ടി അവന് ഐസ് ക്രീം വാങ്ങി കൊടുക്കാൻ പറയുന്നത് കേട്ടു.അവിടെ റോഡരുകിൽ ജോയ് ഐസ് ക്രീമിൻ്റെ ഒരു പടുകൂറ്റൻ പരസ്യബോർഡ് കണ്ട് കൊതിയായി പറയുന്നതാണ്.

കുറച്ചു സമയം കഴിഞ്ഞു ജോർജ്‌കുട്ടി വീട്ടിലേക്ക് വന്നു.

“എന്നാലും താനെന്തുപണിയാണ് കാണിച്ചത്?അച്ചായൻ ഉണ്ടായിരുന്നതുകൊണ്ട് രക്ഷപെട്ടു.”

“എന്തു പറ്റി?”

” അവർക്ക് അമ്മയ്ക്കും മകനും ഐസ് ക്രീം വാങ്ങികൊടുത്തിൻ്റെ കാശുകൊടുക്കണ്ടേ?”

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ജോർജ്‌കുട്ടി വേഗം വാതിലടച്ചു.

“ശ്,മിണ്ടരുത്,ആ കവി പരുന്തുംകൂട് കവിത ചൊല്ലാൻ വരുന്നുണ്ട്.”

പക്ഷെ താമസിച്ചുപോയി.അയാൾ ഞങ്ങളെ കണ്ടു കഴിഞ്ഞു.

“തുളകൾ വീണ കുഴികളാണ് …………”

“ഇതെന്താ,ഉഴുന്നുവടയെക്കുറിച്ചാണല്ലോ ഇന്നത്തെ കവിത.”ഞാൻ പറഞ്ഞു.

“കലാ ബോധം ഇല്ലാത്ത വെറും കൂശ്മാണ്ടങ്ങൾ “.കവി പരുന്തുംകൂട് പറഞ്ഞു.

ഞങ്ങൾ വാതിൽ തുറന്നു.അതെ സമയം വാതിൽക്കൽ ഒരു പോലീസ്‌കാരൻ നിൽക്കുന്നു.അയാൾ ചോദിച്ചു,”ആരാണ് ഈ വീട് വാടകക്ക് എടുത്തിരിക്കുന്നത്?”

“ഞാൻ “.അയാൾ എന്നെ അടിമുടി നോക്കി.ഒന്നും പിടികിട്ടാതെ ഞങ്ങൾ സ്തംഭിച്ചു നിന്നു.

(അനുബന്ധം:ഇന്ന് പുഷ്പ ക്ലിനിക്ക് വളർന്നു പുഷപ ഹോസ്പിറ്റൽ ആയി വൈറ്റെഫീൽഡിൽ കാണാം)

ബാംഗ്ലൂർ ഡേയ്‌സ്  4 -ഹോസ്‌കോട്ടയിലെ കിളികളും ജോർജ് കുട്ടിയുടെ എയർ ഗണ്ണും

ശനിയാഴ്ച കാലത്തുണ്ടായ പ്രശനങ്ങൾമൂലം നായാട്ടിന് പോകാനുള്ള എല്ലാവരുടെയും മൂഡ് പോയിരുന്നു. അങ്ങനെ നായാട്ട്  അടുത്തദിവസത്തേക്ക് മാറ്റിവച്ചു. സെൽവരാജൻ  ജോസെഫിനേയും കൂട്ടി ഞായറാഴ്‌ച  കാലത്തുതന്നെ വരാമെന്നും പറഞ്ഞു സ്ഥലം വിട്ടു.

ഏതായാലും എല്ലാവരുടെയും ഉത്സാഹം നഷ്ടപ്പെട്ടിരുന്നു.

ജോസഫിനെ എല്ലാവരും അച്ചായൻ എന്നാണ് വിളിക്കുന്നത്.സെൽവരാജൻ  മലയാളി ആണെങ്കിലും പാലക്കാട് രീതിയിൽ തമിഴും   മലയാളവും ചേർത്ത് സംസാരിക്കുന്നതുകൊണ്ട് പാണ്ടി, എന്ന് അവൻ കേൾക്കാതെ വിളിക്കും.അച്ചായൻ ചങ്ങനാശ്ശേരിക്കാരൻ ആണ്.ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ പെട്ടതാണെങ്കിലും ഇംഗ്ലീഷ് കമ്മിയാണ്.ജോലി കഴിഞ്ഞാൽ പ്രധാന ഹോബി ചീട്ടു കളിയാണ്.

നായാട്ട് അല്ലെങ്കിൽ ചീട്ടുകളി എന്ന ഐഡിയയുമായി അവർ ഞായറാഴ്ച്ച കാലത്തുതന്നെ വന്നു. 

ജോർജ് കുട്ടി ഉറങ്ങിക്കിടന്നിരുന്ന എന്നെ വിളിച്ചു എഴുന്നേൽപ്പിച്ചു.

എല്ലാവരും പോകാൻ റെഡി ആയി വന്നപ്പോൾ ജോർജ്‌കുട്ടി  ഞങ്ങൾ എല്ലാവരോടുമായിട്ട് ഒരു ചോദ്യം ,”നിങ്ങളുടെ തൊപ്പി എവിടെ?”

“തൊപ്പി?അതെന്തിനാ?”.

“നായാട്ടിനുപോകാൻ ചില ചട്ടവട്ടങ്ങളുണ്ട്.എല്ലാവരും തൊപ്പി ധരിക്കണം.അത് വെള്ള കളറുള്ളതായിരിക്കണം.തൊപ്പി നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ ഞാൻ തരാം “

പെട്ടിതുറന്നു നാലു വെള്ള നിറത്തിലുള്ള  തൊപ്പികൾ പുറത്തെടുത്തു.

സെൽവരാജൻ  പറഞ്ഞു,”ശരിയാ,വെള്ളത്തൊപ്പി തന്നെ വേണം.നമ്മൾ വെടി  വയ്ക്കുന്ന കൊക്കിൻ്റെ  നിറവും ആയി മാച്ചു് ചെയ്യണം.”

“അപ്പോൾ കറുത്ത കൊക്ക് ഇല്ല അല്ലെ?”അച്ചായന് സംശയം.

“അപ്പോൾ കാക്ക കുളിച്ചാൽ കൊക്ക് ആകും എന്ന് പറയുന്നതോ?”

“ആര് പറഞ്ഞു?൨ജോർജ്‌കുട്ടി.

“കൊക്കുകൾ വെളുത്തിട്ടാണ്,കറുത്തത് കാക്കയാണ്.”സെൽവരാജൻ  പറഞ്ഞു. 

” അപ്പോൾ വെടി  വയ്ക്കുന്ന ആൾ കൊക്കാണ് എന്ന് വിചാരിച്ചിട്ട് നമ്മളുടെ തൊപ്പിക്കിട്ട് വെടി  വച്ചാലോ?”അതാണ് അച്ചായൻ്റെ സംശയം.

“എങ്കിൽ വിധി എന്ന് സമാധാനിക്കുക.”ജോർജ് കുട്ടി പറഞ്ഞു.

“അപ്പോൾ തൊപ്പിക്ക് അകത്തു് തലവെക്കാതിരുന്നാൽ മതിയല്ലോ.”സെൽവരാജൻ പോംവഴി കണ്ടുപിടിച്ചു.

“ഇനി ഇറങ്ങുന്നതിനുമുമ്പ് നായാട്ടുകാരെ സംരക്ഷിക്കുന്ന ഒരു ദേവനുണ്ട്. അദ്ദേഹത്തെ വണങ്ങണം.”.

ബാലരമയിലെ ശിക്കാരി ശംഭുവിൻറെ ഒരു പടം എൻലാർജ് ചെയ്തു വച്ചിരുന്നതിൻ്റെ  മുൻപിൽ പോയി ജോർജ്‌കുട്ടി തല കുനിച്ചു നിന്നു.

.ജോർജ്‌കുട്ടിയോടൊപ്പം ഞങ്ങളും ശംബുവിനെ  വണങ്ങി,ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി.

“വൈറ്റെഫീൽഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും നാലുകിലോമീറ്റർ ഹോസ്‌കോട്ടെ ഡയറക്ഷനിൽ   ഉള്ളിലേക്കുപോയാൽ  നെൽപ്പാടങ്ങൾ കാണാം”..

“ബാംഗ്ലൂരിൽ നെൽപാടങ്ങളോ ?”

“താൻ എൻ്റെ കൂടെ വാ ,കാണിച്ചുതരാം “.ഞങ്ങൾക്ക് വിശ്വാസമായില്ല

“അവിടെ ഇപ്പോൾ കൊയ്തുകഴിഞ്ഞിരിക്കുകയാണ്.കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ  ധാരാളം കൊക്കുകൾ കാണും.നമ്മൾ പോകുന്നു,വെടിവയ്ക്കുന്നു,എടുത്തുകൊണ്ട് വരുന്നു,.ഫ്രൈ ചെയ്യുന്നു.കാര്യം നിസ്സാരം.”

കേട്ടപ്പോൾ ഞങ്ങൾ എല്ലാവർക്കും  രസം പിടിച്ചു.ബാംഗ്ലൂരിൽ ഒരു തുള്ളി വെള്ളം കിട്ടണമെങ്കിൽ പണിയാണ്.അപ്പോഴാണ് നെൽകൃഷി.?അതായിരുന്നു എൻ്റെ മനസ്സിൽ.

എങ്കിലും ഞാനും കൂടെ പോകാൻ  സമ്മതിച്ചു.ഒന്നും കഴിഞ്ഞില്ലെങ്കിൽ നെൽപ്പാടം എങ്കിലും കാണാമല്ലോ.

ജോർജ് കുട്ടി  തോക്കെടുത്തു.എല്ലാം ചെക്ക് ചെയ്തു.ഒരു .3 പെല്ലറ്റ് (പോയിൻറ് ത്രീ)എടുത്തു തോക്കു മടക്കി ചവിട്ടികൂട്ടി അതിൽ നിറച്ചു വെള്ള തൊപ്പിയെടുത്തു തലയിൽ വച്ച് സൈക്കിൾ എടുത്തു റെഡി ആയി.

ഞങ്ങളും കൂടെ ഇറങ്ങി..

“കമോൺ   ബോയ്‌സ്,നമ്മൾ പുറപ്പെടുകയായി.”ജോർജ്‌കുട്ടി പറഞ്ഞു.

ഞങ്ങൾ നാലുപേരും ശിക്കാരി ശംബുവിനെ  സ്‌മരിച്ചു് അവരവരുടെ സൈക്കിളിൽ കയറാൻ തുടങ്ങുമ്പോൾ ഹൌസ് ഓണറിൻ്റെ ഭാര്യ,ഞങ്ങൾ സ്നേഹപൂർവ്വം അക്ക എന്ന് വിളിക്കുന്ന സ്ത്രീയും  അവരുടെ ഇളയകുട്ടിയും അവിടേക്കുവന്നു.

“എവിടെ പോകുന്നു?”അവർ വെറുതെ ലോഗ്യം ചോദിച്ചു.ഞങ്ങൾ വെറുതെ ചിരിച്ചു.ഹൌസ് ഓണറിൻ്റെ ഇളയകുട്ടി ബൊമ്മി ഒരു തനി കുസൃതികുട്ടിയാണ്.ആറ് വയസ്സ് കാണും.അവൾ ഞങ്ങളുടെ അടുത്തുവന്ന് അടിമുടി നോക്കി.

“ഇതെന്നാ  അണ്ണാ?”

തോക്ക് കണ്ട് അവൾ ചോദിച്ചു.

“തോക്ക്,തുപ്പാക്കി.”ജോർജ്‌കുട്ടി.

“നിജമാ? ,അങ്കിൾ എങ്കെ പോറെ ?”

“നായാട്ട്.”

“അതെന്ന?”

ജോർജ്കുട്ടി ആംഗ്യം കാണിച്ചു പറഞ്ഞു.”ദാ ,ഈ തോക്കെടുത്തു് ഇങ്ങനെ പിടിച്ചു് ഉന്നം പിടിക്കും.എന്നിട്ട് ഇവടെ ഞെക്കും.കൊക്ക് വെടി കൊണ്ട് ചാകും .പിന്നെ ഫ്രൈ.”

മലയാളം വളച്ചൊടിച്ചു തമിൾ ആക്കി സംസാരിക്കുകയാണ്.

കൊച്ചിന് രസം പിടിച്ചു.അത്ഭുതഭാവത്തിൽ അവൾ തോക്കിലേക്കും  ജോർജ്‌കുട്ടിയുടെ മുഖത്തേക്കും മാറി മാറി നോക്കി.

“ശരി വരുമ്പോൾ കാണാം.കാമോൺ ബോയ്‌സ് ,സ്റ്റാർട്ട്.”

ജോർജ് കുട്ടി സൈക്കിളിലേക്ക് കയറുന്ന സമയം പെൺകുട്ടി പതുക്കെ പതുങ്ങി ചെന്ന് ജോർജുകുട്ടിയുടെ കയ്യിലിരുന്ന എയർ ഗണ്ണിൻ്റെ ട്രിഗർ വലിച്ചു.

തോക്കിൽ നിന്നും വെടി പൊട്ടി .

സൈക്കിളിൽ കയറാൻ തുടങ്ങുകയായിരുന്നു സെൽവരാജൻ “എന്റമ്മോ” എന്ന ഒരു നിലവിളിയോടെ മറിഞ്ഞുവീണു. .ഞങ്ങൾ നോക്കിയപ്പോൾ സെൽവാരാജന്റെ  തൊപ്പി ആകാശത്തുകൂടി പറന്നു പോകുന്നു.

“അച്ചായാ ഒന്ന് നോക്കിക്കേ, എൻ്റെ  തലയിൽ തുള വീണിട്ടുണ്ടോന്ന്.”

സെൽവരാജനെ അടിമുടി വിറക്കുന്നുണ്ട് .അച്ചായൻ ഓടിച്ചെന്ന് നോക്കിയിട്ട് പറഞ്ഞു,”ഹേയ് കുഴപ്പമൊന്നും പറ്റിയിട്ടില്ല. തലയിൽ തുള വീണിട്ടില്ല .എല്ലാം ഓക്കേ.”

ഞങ്ങൾ ചിരിക്കണമോ കരയണമോ  എന്ന് സംശയിക്കാൻ തുടങ്ങുമ്പോൾ അയൽവക്കത്തെ വീട്ടുമുറ്റത്തുനിന്നും നിലവിളി ഉയർന്നു.

ഹൌസ് ഓണറിൻ്റെ അനുജൻ്റെ നാലു വയസ്സുള്ള കുട്ടിക്ക് വലതുകൈയുടെ ഷോൾഡറിൽ വെടിയേറ്റു.

അവിടെ നിന്ന്  കൂട്ട നിലവിളി ഉയർന്നു.

ഞങ്ങൾ നാലുപേരും ശിക്കാരി ശംബുവിൻ്റെ എൻലാർജ് ചെയ്‍ത പടത്തിലേക്ക് ദയനീയമായി നോക്കി.

ശംബു ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ ഒരേ നിൽപ്പാണ്.

“മലയാളത്താൻ തമിൾ കുളന്തൈ വെടിവച്ചു……”

“മലയാളികൾ തമിഴ് കുട്ടിയെ വെടി  വച്ചു .”

ആളുകൾ ഓടിക്കൂടി.എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അമ്പരന്നു.രണ്ടുപേർ ക്രിക്കറ്റ് ബാറ്റുമായി ജോർജ്‌കുട്ടിയുടെ നേരെ പാഞ്ഞു ചെന്നു.ആളുകൾ തൻ്റെ  നേരെ പാഞ്ഞു വരുന്നതുകണ്ട ജോർജ് കുട്ടിയും സൈക്കിളും മറിഞ്ഞു വീണു.

ബോധം മറഞ്ഞു ജോർജ് കുട്ടി അവിടെ പൊടി മണ്ണിൽ കിടന്നു.

അടിക്കാനായി  ഓടി വന്നവർ ബ്രേക്ക് ഇട്ടതുപോലെ നിന്നുപോയി.

“ജോർജ്‌കുട്ടി ഇരെന്തുപോച്ചു “സെൽവരാജൻ പറഞ്ഞു.ജോർജ്‌കുട്ടി മരിച്ചുപോയി എന്ന് ചുരുക്കം.

“മൊസ്റ്റലി ,ഇറ്റ് ഈസ് ഹാർട്ട് അറ്റാക്ക്”.കാഴ്ചക്കാരിൽ ഒരാൾ വിശദീകരിച്ചു.

“വേഗം ആസ്പത്രിക്ക് കൊണ്ടുപോകണം,ഹാർട്ട് അറ്റാക്ക് ആയിരിക്കും”അച്ചായൻ പറഞ്ഞു.

“എൻ്റെ കുട്ടിക്ക് വെടിയേറ്റു,അവനെയുംകൊണ്ടുപോകണം”അയൽപക്കത്തെ കുട്ടിയുടെ അമ്മ പറഞ്ഞു.

“ജോർജ്‌കുട്ടി ഉങ്കളുടെ കുട്ടിയ?”ജനക്കൂട്ടത്തിൽ നിന്നും ആരോ സംശയം ചോദിച്ചു.

“രണ്ടുകുട്ടികളേയും കൊണ്ടുപോകാം”ഞങ്ങൾ തീരുമാനിച്ചു.

ശരിക്കും വെടിയേറ്റകുട്ടിയും അതിൻ്റെ അമ്മയും  അടുത്ത വീട്ടിൽ കിടന്നു കരയുന്നു.

അയൽപക്കത്തെ പ്രായമായ ഒരു  സ്ത്രീ  അവരെ വഴക്കു പറയുകയാണ്,”കൊളന്തക്ക് പാൽ കോടടി “.

കേട്ട് നിന്ന ഒരു പയ്യൻ ചോദിച്ചു ,”ഏതു പാലാണ്  കൊടുക്കുന്നത്?”..

തള്ള ഒരു തടിക്കഷണവുമായി അവൻ്റെ  പിറകെ ഓടി.

“അവൻ പാല് കൊടുക്കുന്നത് കാണാൻ വന്നിരിക്കുന്നു.”

ജോർജ് കുട്ടിയുടെ തോക്കിൻ്റെ  കാഞ്ചി വലിച്ച ബൊമ്മിയെ കാണാനില്ല.

ഹൌസ് ഓണറിൻ്റെ ഭാര്യ അക്ക അവളെ തേടി നടന്നു .

ജോർജ്‌കുട്ടിയും സൈക്കിളും നിലത്തു് പൊടിമണ്ണിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് കാഴ്ചക്കാരിൽ ഒരാൾ പറഞ്ഞു,”ഹാർട്ട് അറ്റാക്ക് ആണെങ്കിൽ ഷോക്ക് കൊടുത്താൽ മതി,രക്ഷപെടും.”

“അതിനെന്താ,ഞാൻ പവർ സപ്ലൈ കൊടുക്കാൻ വയർ എടുത്തുകൊണ്ടുവരാം.”എന്ന് പറഞ്ഞു ഒരാൾ   എവിടേക്കോ ഓടി.

ബാംഗ്ളൂർ ഡേയ്‌സ് – 3 – “”എടോ  മത്തായി,നമ്മൾ ഇന്ന് നായാട്ടിനുപോകാം എന്ന്  കഴിഞ്ഞ ആഴ്ചതന്നെ തീരുമാനിച്ചതല്ലേ?

നഗരത്തിൽ ഒരു നായാട്ട് 

വലിയ പ്രശനങ്ങളൊന്നുമില്ലാതെ ഞങ്ങളുടെ വാടകവീട്ടിലെ  താമസം രണ്ടാഴ്ച കഴിഞ്ഞു പോയി. വലിയ  രീതിയിലുള്ള  അഭ്യാസങ്ങൾക്കൊന്നും സമയം  കിട്ടിയില്ല.ജോലിസ്ഥലത്തു് ഞങ്ങൾ രണ്ടുപേർക്കും വളരെ തിരക്കുള്ള സമയം ആയിരുന്നു.എങ്കിലും ഈ സമയംകൊണ്ട് ഞങ്ങൾ കുറെ അധികം പേരെ പരിചയപ്പെട്ടു.

എപ്പോഴും  ചിരിച്ചുകൊണ്ട് സംസാരിക്കുന്ന തലശ്ശേരിക്കാരൻ ബാലേട്ടൻ , പലചരക്കുകട നടത്തുന്ന മീരാസാഹിബ്ബ് സൈക്കിൾ റിപ്പയറിങ് ഷോപ് നടത്തുന്ന രാജാ എന്ന് വിളിക്കുന്ന പീറ്റർ ജോൺ  അങ്ങനെ കുറേപേർ.ഞങ്ങളുടെ സൗഹൃദവലയത്തിൽ ഉൾപ്പെട്ടു എന്നു  പറയാം. 

ബാലേട്ടൻ്റെ ബ്രദേർസ് ബേക്കറി സാമാന്യം നല്ല ബിസിസിനസ്സുള്ള ഒരു സ്ഥാപനം ആണ്..ബാലേട്ടൻ്റെ കടയിൽ തലശ്ശേരിക്കാരായ ഒരുപറ്റം ചെറുപ്പക്കാർ ജോലിക്കാരായി ഉണ്ട്.എല്ലാവരും ആയി നല്ല പരിചയത്തിലായി.

രണ്ടാഴ്ച സമയം കൊണ്ട് ഞങ്ങളുടെ അയൽവാസികളും ഹൗസ് ഓണറിൻ്റെ  കുടുംബവും ആയി  നല്ല അടുപ്പത്തിലായി.അവരുടെ കാഴ്ച്ചയിൽ  ഞങ്ങൾ രണ്ടുപേരും നല്ല ഡീസൻറ് ചെറുപ്പക്കാരായിരുന്നു. .

അതുകൊണ്ട് അത്യാവശ്യം  സഹായങ്ങളും അവർ ചെയ്തു തന്നു.

ബാംഗ്ലൂരിൽ റേഷൻ ആയികിട്ടുന്ന വെള്ളം അവർ  ഞങ്ങൾക്കുവേണ്ടി  സംഭരിച്ചു വയ്ക്കും,വീടിൻ്റെ  പരിസരങ്ങൾ വൃത്തിയാക്കും.അത്യാവശ്യം  സാധനങ്ങൾ വാങ്ങികൊണ്ടുവരും. അങ്ങനെ ചില്ലറ സഹായങ്ങൾ ചെയ്തുതരുന്നത് ഞങ്ങൾക്കും ഉപകാരമായിത്തീർന്നു.

ഇടക്കിടക്ക് ഹൌസ് ഓണർ  ഞങ്ങളുടെ ക്ഷേമമം  തിരക്കും.ഒരു പടി കടന്ന് ഞങ്ങൾ  അക്ക,എന്ന് വിളിക്കുന്ന ഹൌസ് ഓണറുടെ ഭാര്യ  ഞങ്ങൾക്ക് പരിപ്പുവടയും  ഉഴുന്നുവടയും നാലുമണി കാപ്പിക്ക് കുട്ടികളുടെ കയ്യിൽ കൊടുത്തയക്കും.

ആകെ ഒരു ചെറിയ പ്രശനം  ഉണ്ടായിരുന്നത് മുഷിഞ്ഞ ഡ്രസ്സുകൾ അലക്കുന്നതായിരുന്നു.അതുകൊണ്ട് പ്രശനപരിഹാരത്തിന് ഞങ്ങൾ ഒരു പ്രാദേശിക ധോബിയെ കണ്ടുപിടിച്ചു.

സുമുഖനായ ഒരു യുവാവ് TVS 50 യിൽ വന്ന് തുണികൾ ശേഖരിക്കും.നാല് അഞ്ചു  ദിവസം കഴിയുമ്പോൾ അലക്കി വൃത്തിയാക്കി തേച്ചു് കൊണ്ടുവരും.

നല്ല ടിപ്പ് ടോപ് വസ്ത്രങ്ങൾ ധരിച്ചു TVS 50 യിൽ വരുന്ന ഈ ചെറുപ്പക്കാരൻ എൻ്റെ ഡബിൾ ബുൾ ഷർട്ട്  ധരിച്ചു് ഒരു ദിവസം റോഡിൽകൂടി നടന്നുപോകുന്നു.അയാളുടെ ചെത്ത് വേഷത്തിൻറെ  രഹസ്യം  ഞങ്ങൾക്ക് മനസ്സിലായി എന്ന് കണ്ടപ്പോൾ അയാൾ വരവ് നിറുത്തി.

“ഇനി മുതൽ നമ്മളുടെ ഡ്രസ്സ് നമ്മൾ തന്നെ വാഷ് ചെയ്യും.”ജോർജ്‌കുട്ടി പ്രഖ്യാപിച്ചു.

ശനിയാഴ്ച  കാലത്തു് ജോർജ്  കുട്ടി എഴുന്നേറ്റു . ഒരു വലിയ ബക്കറ്റിൽ ജോർജ്‌കുട്ടി അയാളുടെ ഡ്രസ്സുകൾ സോപ്പ് വെള്ളത്തിൽ കുതിർത്തു വച്ചു.കൂടെ ഒരു ഉപദേശവും,”കണ്ടു പഠിച്ചോ.”

ഇതുതന്നെ പറ്റിയ സമയം.ജോർജ്‌കുട്ടി മാറിയ സമയത്തു് എൻ്റെ വാഷ്‌ചെയ്യാനുള്ള ഡ്രസ്സുകൾ ജോർജ്‌കുട്ടിയുടെ ഡ്രസ്സിനടിയിൽ തിരുകിവച്ചു.

പാവം ജോർജ്ജ്‌കുട്ടി “ങ്ഹാ,ഞാൻ അറിയാതെ തൻ്റെ ഡ്രസ്സ് എടുത്തു വെള്ളത്തിലിട്ടു.സോറി,ഞാൻ വാഷ് ചെയ്തേക്കാം”എന്ന് പറഞ്ഞു എല്ലാം അലക്കി ഉങ്ങാനിട്ടു.

എനിക്ക് സന്തോഷംകൊണ്ട് ഇരിക്കാൻ വയ്യ,ചിരി കടിച്ചുപിടിച്ചു നിയന്ത്രിച്ചു ഞാൻ ഇരിക്കുകയാണ്.,.

“ആരെങ്കിലും ഡ്രസ്സുകൾ വാഷ് ചെയ്തുതന്നാൽ നല്ല രസമാ അല്ലെ?”ജോർജ്ജ്‌കുട്ടി ചോദിച്ചു.

“ശരിയാ,പക്ഷെ,ആര് അലക്കി തരും?”

“അതിന് ഒരു പണിയുണ്ട്.അടുത്ത ആഴ്ച താൻ എൻ്റെ  ഡ്രസ്സുകൾ അലക്കി തരും”

“ഞാനോ?”

“അതെ.”

“ഞാൻ?വൈ?”

“തൻ്റെ  ഡ്രസ്സുകൾ നടന്നുവന്നതാണോ എൻ്റെ ബക്കറ്റിൽ?”എല്ലാം ജോർജ്‌കുട്ടിക്ക് മനസ്സിലായിരിക്കുന്നു.

“ഇന്ന് നമ്മൾക്ക് ഒരു പണിയുണ്ട് .അതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു.”ജോർജ്കുട്ടിപറഞ്ഞു.

“എന്തുപണി?”

“നമ്മൾക്ക് പോകണ്ടേ? ഇങ്ങനെ കാലത്തെ വെറുതെ ഇരുന്നാൽ മതിയോ?” 

“എവിടെ?എന്താ കാര്യം?”

“എടോ  മത്തായി,നമ്മൾ ഇന്ന് നായാട്ടിനുപോകാം എന്ന്  കഴിഞ്ഞ ആഴ്ചതന്നെ തീരുമാനിച്ചതല്ലേ?””

“നായാട്ട്?”

“അത് നമ്മൾ തീരുമാനിച്ചിരുന്നതല്ലേ?”

“അത് വേണോ?അച്ചായനും സെൽവരാജനും സമയമുണ്ടോ എന്നറിയില്ല”ഞാൻ ഉഴപ്പാൻ നോക്കി…

“അതെ, നമ്മൾ പോകുന്നത് കൊക്കിനെ വെടിവയ്ക്കാനാണ്.പക്ഷെ കൊക്കുവെടി എന്ന് ആളുകൾ പറയാറില്ല.തന്നെയുമല്ല നായാട്ട്  എന്ന് പറഞ്ഞില്ലെങ്കിൽ അതിനു ഒരു വെയിറ്റ് ഇല്ല.”

“ബാംഗ്ലൂർ നഗരത്തിൽ നമ്മൾ നായാട്ടിനു പോകുന്നു എന്ന് പറഞ്ഞാൽ കേൾക്കുന്നവർ ചിരിക്കും”

“തനിക്ക് ബാംഗ്ലൂർ നനഗരത്തിൻ്റെ  ഭൂമിശാസ്ത്രം അറിയില്ല.

ഇമ്മടിഹള്ളി  റോഡിൽക്കൂടി നാല് കിലോമീറ്റർ പോയാൽ പിന്നെ വയലും കൃഷിയും ഒക്കെ കാണാം.കോഴിഫാമുകളുമുണ്ട്.മലയാളികളുടെ കോഴിഫാമിൽ പോയാൽ ഓസിൽ  രണ്ടു ഡസൻ മുട്ടയും വാങ്ങി വരാം.”

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അച്ചായനും സെൽവരാജനും ഞങ്ങളുടെ  വീട്ടിലേക്ക് വന്നു.

 ഞങ്ങൾ സംസാരം നിർത്തി.

അവർ അടുത്ത് വന്നു.”നിങ്ങൾ എന്താ പെട്ടന്ന് സംസാരം നിറുത്തികളഞ്ഞത്?”.

ഏതായാലും ജോർജ് കുട്ടി നായാട്ടിൻറെ  കാര്യം മറന്നു പോകും എന്ന് കരുതിയിരിക്കുംപോൾ വീണ്ടും അതെ വിഷയം എടുത്തിട്ടു.

“ഞങ്ങൾ നായാട്ടിനു പോകുന്ന കാര്യം സംസാരിക്കുകയായിരുന്നു..നിങ്ങളും വരുന്നോ?”

“അതിനു ഞങ്ങൾക്ക് തോക്കില്ല”.

“നന്നായിട്ടു പഠിച്ചാൽ തോക്കില്ല”

“ആ തോക്കല്ല വെടി വയ്ക്കുന്ന തോക്ക്”

“നിങ്ങൾ വരുന്നു എങ്കിൽ വാ.”ജോർജ് കുട്ടി അകത്തുപോയി എയർ ഗൺ എടുത്തുകൊണ്ടു വന്നു.സെൽവരാജൻ  പറഞ്ഞു.,”അടിപൊളി,ഞങ്ങളും വരുന്നു.പക്ഷെ ഈ തോക്ക് മതിയോ?”

“ഇത് ഡ്യൂപ്ലിക്കേറ്റ് അല്ല പൊട്ടുന്നതാണ് എന്ന് സെൽവരാജന്  മനസ്സിലായതാണല്ലോ.”

“അന്ന് നിങ്ങൾ എന്നെ പേടിപ്പിച്ചുകളഞ്ഞു.പക്ഷെ,യഥാർത്തിൽ  അത് പൊട്ടുന്നതാണോ?”

സ്വന്തം തോക്കിനെ അപമാനിച്ചാൽ  ആർക്കും ദേഷ്യം വരും .ജോർജ് കുട്ടി പോയിൻറ് ത്രീ  യുടെ ഒരു പെല്ലറ്റ് എടുത്തു തോക്കു മടക്കി ചുരുട്ടിക്കൂട്ടി അത് നിറച്ചു.മുറ്റത്തിറങ്ങിനിന്നു  

“ദാ,കണ്ടോളു,ഇനി കണ്ടില്ല എന്ന് പറയരുത്.എൻ്റെ തോക്കിന് ഈ അപമാനം സഹിക്കാൻ കഴിയില്ല.”

എന്നിട്ട് ആകാശത്തിലേക്കു ഉയർത്തിപ്പിടിച്ചു് കാഞ്ചി വലിച്ചു..സൈനികർ ആചാരവെടി വെക്കുന്നതുപോലെ.

“കൊള്ളാം”.  സെൽവരാജനും അച്ചായനും ഒന്നിച്ചുപറഞ്ഞു.

നല്ല ശബ്ദത്തോടെ അത് പൊട്ടി.

അല്പം കഴിഞ്ഞു “ഘിണിം .ഘിണിം”എന്ന ശബ്ദത്തോടെ അടുത്തുണ്ടായിരുന്ന സ്ട്രീറ്റ് ലൈറ്റ് പൊട്ടി താഴേക്ക് വീണു.വീണത് ഇലക്ട്രിക്പോസ്റ്റിൻ്റെ സ്റ്റേ വയറിൽക്കൂടി ഊർന്ന്  അടുത്തുള്ള വീട്ടുകാരുടെ വീടിൻ്റെ മുകളിലേക്ക്..

ആ വീഴ്ചയിൽ എട്ടുകാലി വല പോലെ അവരുടെ വീടിനുമുകളിൽ പിടിപ്പിച്ചിരുന്ന ടി വി.ആൻറിന മറിഞ്ഞുവീണു.സാമാന്യം  നല്ല ശബ്ദം ഉണ്ടായിരുന്നതുകൊണ്ട് ആളുകൾ ഓടിക്കൂടി.

“എന്താ,എന്തുപറ്റി?”

“ശത്രുക്കൾ നമ്മളുടെ രാജ്യത്തെ ആക്രമിച്ചോ?”

“പാക്കിസ്ഥാൻ ബോംബിട്ടു”

“വെടി  പൊട്ടുന്നത് ഞാൻകേട്ടതാണ്.”

“ഇനി ഭീകരർ വലതും ആണോ?”

ചർച്ചകൾ പുരോഗമിച്ചു.കാര്യം മനസ്സിലാക്കിയ  

 വീട്ടടമസ്ഥൻ  പറഞ്ഞു,”ഓ കുഴപ്പമില്ല,അത് തിരിച്ചു് ഫിറ്റ് ചെയ്യാനുള്ള  കാശു തന്നാൽ മതി”

ജോർജ് കുട്ടി ഉടനെ സമ്മതിച്ചു.”എത്ര രൂപ തരണം?”

“ഇരുന്നൂറ്”. 

“അമ്പത് രൂപക്ക് ഒരു ദിവസം ജോലിക്ക് ആളെക്കിട്ടും അപ്പോൾ ഇരുന്നൂറുരൂപ തരാൻ  പറ്റില്ല ?”

കേട്ടുനിന്ന ഒരാൾ മധ്യസ്ഥനായി.”ഇരുന്നൂറു രൂപ കൂടുതലാ,നമ്മളുടെ സാറമ്മാര് അല്ലെ?നൂറു കൊടുക്ക്”.

“അതൊന്നും പറ്റില്ല.”

“ശരി,അൻപതു രൂപ തന്നാൽ പ്രശനം തീർന്നു.”വീട്ടുടമസ്ഥൻ പറഞ്ഞു..

മധ്യസ്ഥൻ പറഞ്ഞു ,”അത് ന്യായം”

“ഞാൻ ഇരുപത്തഞ്ചു രൂപതരും”.ജോർജ് കുട്ടി

വീട്ടുടമസ്ഥൻ  പറഞ്ഞു,”ശരി,പോട്ടെ,നമ്മടെ സാറല്ലേ.?. സാർ, ഇരുപത്തഞ്ചു രൂപ തരൂ.”

ജോർജ് കുട്ടി എന്നെ നോക്കി,”ഒരു ഇരുപത്തഞ്ചു രൂപ കൊടുക്ക്.”

“ഞാൻ എന്തിനു കൊടുക്കണം? താൻ കൊടുക്ക്”.

“വാടകയ്ക്ക് വീടെടുത്തത് താനല്ലേ?അപ്പോൾ അതിനോടനുബന്ധിച്ചുണ്ടാകുന്ന ചിലവുകൾ താൻ  എടുക്കണം.തനിക്ക് ഒരു നഷ്ടവും  ഇല്ല.അവർ ആദ്യം ചോദിച്ചത് എത്രയാണ്?”

“ഇരുന്നൂറ്.”

“ഇപ്പോൾ കൊടുക്കുന്നത് എത്രയാണ്?”

“ഇരുപത്തഞ്ച്”.

“അപ്പോൾ ഇരുന്നൂറ് കൊടുക്കണ്ട സ്ഥാനത്തു  നൂറ്റി എഴുപത്തഞ്ചു രൂപ  കുറച്ചു ഇരുപത്തഞ്ചു രൂപ കൊടുത്താൽ ലാഭം എത്രയാ?”

“നൂറ്റി എഴുപത്തഞ്ചു.”

“ഇത്രയുംലാഭം കിട്ടിയിട്ടും തനിക്ക് ഇരുപത്തഞ്ചു രൂപ കൊടുക്കാൻ പറ്റില്ല അല്ലെ?”

അവൻ്റെ കയ്യിൽ കാശുകാണില്ല.ഞാൻ ഇരുപത്തഞ്ചു രൂപ കൊടുത്തു പ്രശനം ഒഴിവാക്കി.അരിശം സഹിക്ക വയ്യാതെ ഞാൻ അകത്തുപോയി ഒരു കസേരയിൽ ഇരുന്നു.

ജോർജ് കുട്ടി അകത്തു വന്ന് എന്നെ നോക്കി  അൽപനേരം നിന്നു .

പെട്ടന്ന് അവൻ്റെ പോക്കറ്റിൽ നിന്നും ഇരുപത്തഞ്ചു രൂപ  എടുത്തു എൻ്റെ പോക്കറ്റിൽ തിരുകി വച്ചു.

അവൻ പറഞ്ഞു,” നീ ഇതറിയണം .ചെറുപ്പത്തിലേ അച്ഛൻ മരിച്ചു.’അമ്മ മാനസികരോഗി.,ചേട്ടൻ ഉത്തരവാദിത്വമില്ലാതെ കഞ്ചാവടിച്ചു നടക്കുന്നു.കല്യാണം കഴിപ്പിക്കാറായ രണ്ടനുജത്തിമാർ.ഈ പ്രാരാബ്ധങ്ങളെല്ലാം വന്നാൽ ഒരു മനുഷ്യൻ എന്ത് ചെയ്യും?”

ഓടിക്കളിച്ചു തമാശ  പറഞ്ഞു നടക്കുന്ന ജോർജ് കുട്ടിയുടെ ചരിത്രം, എനിക്ക് അറിഞ്ഞുകൂടായിരുന്നു.ഇത്രയും ദയനീയമാണ് അവൻ്റെ ചുറ്റുപാടുകൾ എന്ന് അവൻ എന്നോട് ഒരിക്കലും പറഞ്ഞിരുന്നില്ല.

സങ്കടം സഹിക്ക വയ്യാതെ ഞാൻ എഴുന്നേറ്റു.

ആ ഇരുപത്തഞ്ചു രൂപ അവൻ്റെ  പോക്കറ്റിൽ ഇട്ടു കൊടുത്തു.

കണ്ണീരടക്കി ഞാൻ പറഞ്ഞു,”ജോർജ് കുട്ടി ക്ഷമിക്കണം,ഞാനറിഞ്ഞില്ല നിനക്ക് ഇങ്ങനെ ഒരു ചരിത്രം ഉണ്ട് എന്ന്.”

“എന്ത് ചരിത്രം?”

നീ ഇപ്പോൾ പറഞ്ഞില്ലേ,നിൻറെ കുടുംബത്തിൻറെ കഷ്ടപ്പാടുകൾ.”

“നീ എന്താ ഈ പറയുന്നത്?ഞാൻ കഴിഞ്ഞ ആഴ്ച കണ്ട  സിനിമയുടെ കഥ പറഞ്ഞതല്ലേ? നീ ഒരു മത്തായി തന്നെ.”

ബാംഗ്ളൂർ ഡേയ്‌സ് – 2 – “താനെന്താ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ?കമോൺ,കൂൾ.ഇതൊരു കോഴിയാണ് ——————-

രണ്ട് അതിഥികൾ

ജോർജ്ജ്‌കുട്ടി തുറന്നുവച്ച ആ പാക്കറ്റിലേക്ക് നോക്കി ഞാൻ അമ്പരന്ന് നിന്നുപോയി.ജോർജ്ജ്‌കുട്ടി എന്നോട് വീണ്ടും അതേ ചോദ്യം ആവർത്തിച്ചു.
“താനെന്താ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ?കമോൺ,കൂൾ.ഇതൊരു കോഴിയാണ് .”
അത് ഒരു ചത്ത കോഴിയെ പാക്ക് ചെയ്തത് ആയിരുന്നു.
“ഇതെന്താ ഒരു ചത്ത കോഴിയെ പൊതിഞ്ഞുകൊണ്ടു വന്നിരിക്കുന്നത്?”
“ഇത് കോൾഡ് സ്റ്റോറേജിൽ നിന്നും വാങ്ങിയതാണ്.അതിന് ജീവൻ കാണില്ല.”
“ഇതെന്ത് ചെയ്യാൻ പോകുന്നു.?”
“താൻ ഏതു നാട്ടുകാരനാടോ?കോഴിയെന്തിനാ? താൻ ഒരു മത്തായി തന്നെ.”
“ഇതെങ്ങനെ ജോർജ് കുട്ടി എന്നെ കൂട്ടുകാർ മത്തായി എന്ന് വിളിക്കുന്നത് അറിഞ്ഞു?.ഞാൻ എല്ലാവരോടും മാത്യു എന്നു മാത്രമേ എൻ്റെ പേര് പറഞ്ഞിട്ടുള്ളൂ.”
” ഓ അതോ?.പൊതുവെ മണ്ടന്മാർ എല്ലാം മത്തായിമാർ ആയിരിക്കും.അല്ലെങ്കിൽ മത്തായിമാർ മണ്ടന്മാർ ആണ് എന്നും പറയയാം.തൻ്റെ മുഖത്ത് എഴുതി വച്ചിട്ടുണ്ട് ,താൻ ഒരു മത്തായി ആണ് എന്ന്.”
ജോർജ് കുട്ടി നമ്മുടെ ഗോൾപോസ്റ്റിലേക്ക് ഗോൾ അടിക്കാൻ നോക്കുന്നു.ഇവനെ ഒതുക്കണം.
ഞാൻ മനസ്സിൽകണ്ടത് അയാൾ മാനത്തു കണ്ടു,
“വെറുതെ പറഞ്ഞതാടോ,താൻ കാര്യമാക്കണ്ട. നമ്മൾ ഇവനെ ഇപ്പോൾ ശരിയാക്കി, പിന്നെ അല്പം….”
“അല്പം……? അതൊന്നും ഇവിടെ നടക്കില്ല.”
“വേണ്ടെങ്കിൽ വേണ്ട ,ഞാൻ തനിയെ കഴിച്ചോളാം.താൻ ഒരു കാര്യം ചെയ്യ്,ദാ അപ്പുറത്തു ഒരു ബാർ ഉണ്ട്.ശ്രീ വിനായക ബാർ. അവിടെ ഭക്ഷണവും കിട്ടും .ഒരു മലയാളിയാണ് മാനേജർ, കോശി ,എൻ്റെ നാട്ടുകാരനാ,ചെങ്ങന്നൂർ.അവിടെ പോയി ഭക്ഷണം കഴിച്ചിട്ട് വാ.അപ്പോഴേക്കും ഞാൻ ഇവനെ ശരിയാക്കി പിന്നെ അല്പം അടിച്ചു റെഡിയായി ഇരിക്കാം”
“എന്തിന് ? “
“ഇന്ന് ശനിയാഴ്ച അല്ലെ?നമ്മൾക്ക് കവിത ചൊല്ലാം. പാട്ടു പാടാം.ഞാൻ ഗിറ്റാർ വായിച്ചു കേൾപ്പിക്കാം.”
“ഓഹോ ,ജോർജ് കുട്ടിക്ക് ഗിറ്റാർ വായിക്കാനറിയാം?”
“താൻ പോയിട്ടുവാടോ.”
“അങ്ങനെ വേണ്ട.നമ്മുക്ക് ഒന്നിച്ചു ഭക്ഷണം കഴിക്കാം.”
“അങ്ങനെ വഴിക്കുവാ.വെറുതെ ജാഡ കാണിക്കാതെ. “
വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ജോർജ്‌കുട്ടി പറഞ്ഞു,”നാശം,ഇതാരാ ഈ സമയത്തു് മനുഷ്യനെബുദ്ധിമുട്ടിക്കാൻ വരുന്നത്?താനൊരുകാര്യം ചെയ്യ്,ഈ കോഴിയെ ശരിയാക്കി മുറിച്ചുവയ്ക്ക്.ഞാൻ അത് ആരാണ് എന്ന് നോക്കിയിട്ടുവരാം.”
“വേണ്ട,ജോർജ്‌കുട്ടിക്ക് അത് വിഷമമാകും.ഞാൻ പോയി നോക്കാം”
ജോർജ്ജ്‌കുട്ടി ഒരു പുളിച്ച ചിരിയോടെ അയാളുടെ ജോലി തുടർന്നു.
ഞാൻ വാതിൽ തുറന്നു,രണ്ടുചെറുപ്പക്കാർ മുറ്റത്തു് നിൽക്കുന്നു..
“എന്താ?ആരാ?”
ഒരാൾ പറഞ്ഞു,”ഞാൻ ജോസഫ്,നാട്ടുകാർ അച്ചായൻ എന്നുവിളിക്കും.ഇത് സെൽവരാജൻ.”
“സെൽവരാജനെ വിളിക്കുന്ന പേര് ?”
“അത് സെൽവരാജൻ തന്നെ.നിങ്ങൾ മലയാളികളാണ് അല്ലേ?ഇനി മലയാളത്തിൽ സംസാരിക്കാം.”
“അപ്പോൾ ഇത്രയും സമയം ഏതു ഭാഷയിലാണ് സംസാരിച്ചത്?”
ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് ജോർജ്ജ്‌കുട്ടി പുറത്തേക്ക് വന്നു.കോഴിയെ മുറിച്ചുകൊണ്ടിരുന്ന കത്തിയും കയ്യിലുണ്ട്.
കത്തി കണ്ടപ്പോൾ രണ്ടുപേരും ഒന്ന് പരുങ്ങി.അവരുടെ ഭാവമാറ്റം കണ്ട് ജോർജ്ജ്‌കുട്ടി പറഞ്ഞു,”പേടിക്കണ്ട,ഞാനൊരു കോഴിയെ പാകം ചെയാനുള്ള തയാറെടുപ്പിലാണ്.”
അവർ രണ്ടുപേരും ഞങ്ങളുടെ വീടിനടുത്തു തന്നെയാണ് താമസിക്കുന്നത്.ആരോ അവരോടു പറഞ്ഞു രണ്ടു മലയാളികൾ അയൽവക്കത്തു താമസത്തിന് വന്നിട്ടുണ്ട് എന്ന്.അങ്ങനെ പരിചയപ്പെടാൻ വന്നതാണ്.
“ഞങ്ങളെപ്പോലെ പ്രശസ്‌തരായ ആളുകളെ ഞങ്ങൾ പറയാതെ തന്നെ നിങ്ങൾ തിരിച്ചറിഞ്ഞല്ലോ.ഞാൻ ജോർജ്‌കുട്ടി,ഇത് എൻ്റെ സുഹൃത്ത് മത്തായി,സോറി മാത്യു.കയറി വരൂ.”
അവർ രണ്ടുപേരും അകത്തേക്ക് കയറി.
“നിങ്ങൾ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഇവിടെനിന്നു കഴിക്കാം.താൻ എന്ത് പണിയാണ് നമ്മളുടെ സന്ദർശകരോട് കാണിച്ചത്?അവരെ മുറ്റത്തുതന്നെ നിർത്തി സംസാരിക്കുന്നത് മോശമല്ലേ?.”
അവർ അകത്തുകയറിക്കഴിഞ്ഞപ്പോൾ ജോർജ്ജ്‌കുട്ടി പറഞ്ഞു,”എനിക്ക് ഒരു സഹവാസിയുണ്ട് ,പത്തുപൈസയുടെ പണി അറിയില്ല. ചപ്പാത്തിയും കറിയുമുണ്ടാക്കാനാറിയാത്ത ഒരു മത്തായി”:
അച്ചായൻ പറഞ്ഞു”,സെൽവരാജാൻ എക്സ്പെർട്ട് കുക്കാണ്.നിമിഷനേരംകൊണ്ട് ചപ്പാത്തി ഉണ്ടാക്കും.”
സെൽവരാജൻ പറഞ്ഞു, “അച്ചായൻ കോഴി കറിവയ്ക്കാൻ സമർഥനാണ്.
നല്ല ചങ്ങനാശേരി മോഡൽ കറിവയ്ക്കും .”
ജോർജ്‌കുട്ടിയുടെ അഭ്യാസം ഏറ്റു.
സെൽവരാജൻ ചപ്പാത്തി ഉണ്ടാക്കുന്ന ജോലിയും അച്ചായൻകോഴി കറിവയ്ക്കുന്ന പണിയും ഏറ്റെടുത്തു.
“കറിക്ക് ഉപ്പ് കൂടിപ്പോകാതെ ശ്രദ്ധിക്കണം,എനിക്ക് ചപ്പാത്തി കരിഞ്ഞത് കാണുന്നത് ഇഷ്ടമല്ല.”
ഇങ്ങനെ കുക്കിങ്ങിന് നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് ജോർജ്പ്കുട്ടി ഗിത്താർ കയ്യിലെടുത്തു.
ജോർജ് കുട്ടി വളരെ വേഗത്തിൽ ഗിറ്റാർ പഠിച്ചത്, എയർ ഗണ്ണുമായി നായാട്ടിന് പോകുന്നത്, അങ്ങനെ തൻ്റെ വീര കഥകൾ എല്ലാം വിവരിക്കുകയും ചെയ്തു. അതിനിടയിൽ പാട്ടുപാടുകയും കവിതകൾ ചൊല്ലുകയും ചെയ്തുകൊണ്ടിരുന്നു.
എല്ലാം ഞങ്ങൾ സഹിച്ചു,എന്ന് പറയുന്നതാണ് ശരി.
ചപ്പാത്തിയും കറിയും തയ്യാറായിക്കഴിഞ്ഞപ്പോൾ ജോർജ് കുട്ടി മാക്ഡോവെൽസിൻറെ ഒരു ഹാഫ് ബോട്ടിൽ വിസ്‌ക്കി എടുത്തുകൊണ്ടുവന്നു.
“നമ്മൾ ക്രിസ്ത്യാനികൾ മദ്യപിക്കുമ്പോൾ ചുരുങ്ങിയത് നാലുപേർ ഉണ്ടായിരിക്കണം എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്.നാലുപേർ ഇല്ലെങ്കിൽ അത് പാപമാണ്.ഭാഗ്യം ഇപ്പോൾ നമ്മൾ നാലുപേർ ഉണ്ടല്ലോ..ബൈബിളിൽ അത് കൃത്യമായി പറയുന്നുണ്ട്.”ജോർജ് കുട്ടി പറഞ്ഞു.
“ബൈബിൾ?ഏതു ബൈബിൾ ?ഞാൻ കേട്ടിട്ടില്ലല്ലോ “.
“തനിക്കു വിവരമില്ല.ആട്ടെ താൻ ദിവസവും ബൈബിൾ വായിക്കാറുണ്ടോ?”
“ഇല്ല” ,ഞാൻ പറഞ്ഞു.
“വായിച്ചാൽ വിവരം വയ്ക്കും.ഇല്ലങ്കിൽ ഇങ്ങനെ ഇരിക്കേണ്ടിവരും.എൻ്റെ നാമത്തിൽ നാലുപേർ ഒന്നിച്ചുകൂടുമ്പോൾ അവരുടെ മദ്യത്തിൽ ഞാനുണ്ട്,എന്ന് ബൈബിളിൽ പറയുന്നുണ്ട്.നമ്മൾ നാലുപേർ ഉണ്ടല്ലോ.അതുകൊണ്ട് ദൈവസാന്നിധ്യം ഇവിടെയുണ്ട്..”
.എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
“അതുകൊണ്ടാണ് ക്രിസ്തുമസ്സിനും ഈസ്റ്ററിനും ഒക്കെ ക്രിസ്ത്യാനികൾ കൂട്ടം കൂടി മദ്യപിക്കുന്നത്.”
ഞാൻ പറഞ്ഞു,” ജോർജ് കുട്ടി ഒരു ബൈബിൾ പണ്ഡിതനാണ് എന്നു തോന്നുന്നു.”.
“ഭക്ഷണം റെഡി.നമ്മുക്ക് പ്രാർത്ഥിച്ചിട്ട് തുടങ്ങാം.”
സെൽവരാജനും അച്ചായനും പരസ്പരം നോക്കിയിരുന്നു.
അയാൾ ബൈബിൾ കയ്യിലെടുത്തു. എനിക്ക് ജോർജ് കുട്ടിയുടെ ഈ ബൈബിൾ വായന തീരെ പിടിക്കുന്നുണ്ടായിരുന്നില്ല.
“താൻ ആ ബൈബിൾ താഴെ വയ്ക്ക്.”ഞാൻ പറഞ്ഞു.
“അത് പറ്റില്ല.കുറച്ചൊക്കെ ദൈവ വിശ്വാസവും വേണം.”
ജോർജ് കുട്ടി ബൈബിൾ എടുത്തു,വായിച്ചു.
“നിങ്ങൾ പോയി നിങ്ങളുടെ അപ്പം സന്തോഷത്തോടെ ഭക്ഷിക്കുക , ഉല്ലാസപൂർണ്ണമായ ഹൃദയത്തോടെ നിങ്ങളുടെ വീഞ്ഞ് കുടിക്കുക, കാരണം നിങ്ങൾ ചെയ്യുന്നതിനെ ദൈവം ഇതിനകം അംഗീകരിച്ചു,ഏഴ് യെശയ്യാവു അഞ്ചാം അദ്ധ്യായം. “
ഞാൻ മിണ്ടാതെയിരുന്നു.
“കണ്ടോ,നമ്മൾ ചെയ്യാൻപോകുന്നതിനെ ദൈവം അംഗീകരിച്ചു എന്ന്. അതുകൊണ്ട് നമ്മൾക്ക് വൈൻ ഉണ്ടാക്കണം.തനിക്കറിയാവോ വല്ലതും?”
ഞാൻ പറഞ്ഞു,” ഇല്ല.”
“സാരമില്ല,ഞാൻ പഠിപ്പിക്കാം.ജനറൽ നോളജ്ജ് കുറവാണല്ലേ?ഒരു ഹാഫ് ബോട്ടിൽ വിസ്‌കി.നമ്മൾ നാലുപേർക്ക് ഒന്നും ആകില്ല.ഒരു ഹാഫും കൂടി വാങ്ങിയാലോ?ഞാൻ പോകുമായിരുന്നു പക്ഷേ,കോഴിയൊക്കെ മുറിച്ചതുകൊണ്ട് കുളിക്കാതെ എങ്ങനെ പുറത്തുപോകും?”
“ഞാൻ വാങ്ങിക്കൊണ്ടുവരാം”സെൽവരാജൻ പറഞ്ഞു.
“എങ്കിൽ സമയം കളയണ്ട,വേഗം പോയി വാങ്ങി വാ.”
സെൽവരാജൻ അച്ചായനെ നോക്കി.
അച്ചായൻ കറിയുടെ ഫിനിഷിങ് ജോലിയിലാണ്.ജോർജ്ജ്‌കുട്ടി ഗിത്താർ തല്ലിപൊളിക്കുന്നു.ഞാൻ അങ്ങകലെ ആകാശത്തിലെ നക്ഷത്രങ്ങൾ കണ്ടുരസിക്കുകയാണ്.
സെൽവരാജൻ അച്ചായാനെ ദയനീയമായി നോക്കി.
“ഇതെന്താ താൻ പോയില്ലേ?”ജോർജ്ജ്‌കുട്ടി.
സെൽവരാജൻ തലയിൽ ചൊറിഞ്ഞുകൊണ്ട് നിൽക്കുകയാണ്.
“അച്ചായാ കാശുകൊട് ,ഞാൻ ഗിത്താർ വായിക്കുന്നത് നിർത്തണോ?”
ഒന്നും മിണ്ടാതെ പോക്കറ്റിൽ നിന്നും പൈസ എടുത്തുകൊടുത്തു അച്ചായൻ.
“നിങ്ങൾ ഒരു കൈകൊണ്ടു കൊടുക്കുന്നത് മറ്റേ കൈ അറിയരുത്.”.
ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു,എന്തുചെയ്യുന്നതിനും ജോർജ് കുട്ടി ഒരു ബൈബിൾ വാക്യത്തെ കണ്ടുപിടിച്ചു വച്ചിരിക്കും.
ജോർജ് കുട്ടിക്ക് നന്നായി ഭക്ഷണം ഉണ്ടാക്കാനറിയാം.എനിക്ക് അറിഞ്ഞുകൂടാത്തതും അതാണ്.
സെൽവരാജൻ കാശ് വാങ്ങി ബാറിലേക്ക് ഓടി.
ആവേശം കൂടി വന്നപ്പോൾ ജോർജ് കുട്ടീ ഗിറ്റാർ വായന ഉച്ചത്തിലാക്കി..ആദ്യം സ്ട്രിംഗിൽ തൊട്ടപ്പോഴേ ഒരു കാര്യം എനിക്ക് മനസ്സിലായിരുന്നു .ജോർജ് കുട്ടിക്ക് ഗിറ്റാറ് വായിക്കാൻ അറിയില്ല.
ഞാൻ ചോദിച്ചു,”ജോർജ് കുട്ടി എവിടുന്നാ ഗിറ്റാർ പഠിച്ചത്?”
“എടോ ഇതൊന്നും ആരും പഠിപ്പിക്കേണ്ട ,ഇങ്ങനെ എടുത്ത് ഈ സ്ട്രിങ്ങിൽ തട്ടിയാൽ മതി”
സെൽവരാജൻ അരക്കുപ്പി മാക്‌ഡോവൽസ് വാങ്ങി ഓടി വന്നു.
സെൽവരാജനും ജോസഫ് അച്ചായനും അവരുടെ ചരിത്രം വിളമ്പി.സെൽവരാജൻ പാലക്കാടുകാരനാണ്.സംസാരത്തിൽ ഒരു പാലക്കടൻ ശൈലി എപ്പോഴും ഉണ്ട്.അല്പം ഇരുണ്ട നിറവും ഉരുണ്ട ശരീരവും ആണ്.ഒരു ഗുസ്തിക്കാരനാണ് എന്ന് തോന്നും കാഴ്ചക്ക്.
അച്ചായൻ തനി ചങ്ങനാശ്ശേരിക്കാൻ.പൊക്കം കുറഞ്ഞു ക്ലീൻ ഷേവ് ചെയ്‌തു താനൊരു സുന്ദരനാണ് എന്ന ഭാവത്തിലാണ് സംസാരവും പെരുമാറ്റവും.സംസാരം തുടങ്ങിയാൽ നിറുത്തില്ല.
ഭക്ഷണം കഴിഞ്ഞു പാത്രങ്ങളെല്ലാം കഴുകിവച്ചു അച്ചായനും സെൽവരാജനും .
നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് ജോർജ്‌കുട്ടി കൂടെ നിന്നു.
അകത്തെ മുറിയിൽ ഭിത്തിയിൽ ചാരിവച്ചിരിക്കുന്ന എയർ ഗൺ കണ്ട് സെൽവരാജൻ ചോദിച്ചു,”അതെന്താ,തോക്ക് ആണോ ?”
“യെസ്,തോക്ക് അല്ലങ്കിൽ തുപ്പാക്കി.”
“പൊട്ടുമോ?”.
“എന്താ സംശയം?കാണണോ?”
“വേണ്ട,ഇതുരാത്രി സമയമാ.ശബ്ദം കേട്ട് വല്ലവരും ഓടി വരും”ഞാൻ പറഞ്ഞു.
അപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് ജോർജ് കുട്ടി പറഞ്ഞു,”അടുത്ത ആഴ്ച നമ്മൾ നായാട്ടിനുപോകുന്നു.കുറച്ചുകാലമായി നായാട്ടിന് പോയിട്ട്.”
ബാംഗ്ലൂർ പോലെയുള്ള നഗരത്തിൽ നായാട്ട്?.
“ഞങ്ങളും വരുന്നു”.അച്ചായനുംസെൽവരാജനും ഒന്നിച്ചുപറഞ്ഞു.
“നായാട്ട് എന്നുപറയുമ്പോൾ വേട്ട പട്ടികളും കാണും അല്ലെ? പ്രത്യകം ട്രെയിനിങ് കൊടുത്ത നായ്ക്കൾ വേണ്ടിവരും ഇതുപോലെയുള്ള ഒരു നഗരത്തിൽ നായാട്ടു നടത്താൻ.തൻ്റെ വേട്ട നായ്ക്കൾ എവിടെ?”
ഞാൻ വെറുതെ കളിയായിചോദിച്ചു.
“വേട്ട നായ്ക്കൾ ഇല്ല.അതിനുപകരം നമ്മുക്ക് ഹൗസ് ഓണറുടെ പിള്ളേരെ കൂട്ടാം.”
താമസം തുടങ്ങിയില്ല അപ്പോഴേക്കും ഐഡിയകൾ വന്നു തുടങ്ങി.ഇവനെ അങ്ങനെ കേറി മേയാൻ വിട്ടുകൂട.ഞാൻ തീരുമാനിച്ചു.
“ഒരു വിഡ്ഢിയുടെ അധരങ്ങൾ വഴക്കു വിലക്ക് വാങ്ങുന്നു. അടി ക്ഷണിച്ചു വരുത്തുന്നു,പ്രോവെർബ് പതിനെട്ട് അദ്ധ്യായം ആറ്.,ഇതല്ലേ മത്തായി നീ മനസ്സിൽ വിചാരിക്കുന്നത്? .”
ഞാൻ ഫ്ലാറ്റ്.
“ഇനി ഹൌസ് ഓണറുടെ പിള്ളേരെ കൊണ്ടുപോകാൻ മടിയുണ്ടെങ്കിൽ വേണ്ടന്ന് വയ്ക്കാം.അച്ചായനും സെൽവരാജനും ഉണ്ടല്ലോ.”
ജോർജ്‌കുട്ടി എയർ ഗൺ എടുത്തുകൊണ്ടുവന്നു.പോയിൻറ് ത്രീയുടെ ഒരു പെല്ലറ്റ് എങ്ങനെയാണ് ലോഡ് ചെയ്യുന്നത് എന്ന് വിശദീകരിച്ചുകൊടുത്തു. സെൽവരാജനും അച്ചായനും അതിൻറെ പ്രവർത്തനം ജോർജ്‌കുട്ടി വിശദമായി വിവരിച്ചുകൊടുത്തെങ്കിലും അത്ര വിശ്വാസം വരുന്നില്ല..
“ഇത് വച്ച് ശരിക്കും വെടി വയ്ക്കാൻ പറ്റുമോ”അവർക്ക് രണ്ടുപേർക്കും സംശയം തീരുന്നില്ല.
“ഏതു മൃഗമാണ് ഈ തോക്കുകൊണ്ട് വെടിവച്ചാൽ ചാകുക?”അച്ചായൻ എരിവ് കൂട്ടുകയാണ്.
“നിങ്ങൾക്ക് എന്നെ അപമാനിക്കാം.പക്ഷേ എൻ്റെ തോക്കിനെ അപമാനിക്കരുത്.”
ജോർജ്‌കുട്ടി എഴുന്നേറ്റു.
ഞാൻ ചോദിച്ചു,”താൻ എങ്ങോട്ടാ ഈ തോക്കുമായി,ഈ രാത്രിയിൽ?”
വാശിക്ക് എന്ത് ഗുലുമാലാണ് ജോർജ്‌കുട്ടി കാണിക്കാൻ പോകുന്നത് എന്ന് ഞാൻ ശരിക്കും ഭയപ്പെട്ടു.
“ഛെ,ഇത് നല്ല തമാശ. എനിക്ക് ഒന്ന് ടോയിലറ്റിൽ പോകാൻ നിങ്ങളുടെ അനുവാദം വാങ്ങണോ?”
“ടോയിലറ്റിൽ തോക്കും കൊണ്ടാണോ പോകുന്നത്?”അച്ചായനും സെൽവരാജനും അതാണ് സംശയം.
“എങ്കിൽ താൻ ഇത് പിടിക്ക്”,എന്നുപറഞ്ഞു ജോർജ്‌കുട്ടി സെൽവരാജൻറെ കയ്യിലേക്ക് എയർ ഗൺ കൊടുത്തു.
സെൽവരാജൻ അത് വാങ്ങുന്ന സമയം ജോർജ്‌കുട്ടി ഞങ്ങളെ നോക്കി സെൽവരാജൻ കാണാതെ ഒരു സിഗ്നൽ തന്നു.സെൽവരാജൻ തോക്ക് കയ്യിൽ വാങ്ങിയ സമയം ഞങ്ങൾ മൂന്നുപേരും ,”ഠോ “,എന്ന് ഉച്ചത്തിൽ ഒരു ശബ്ദം ഉണ്ടാക്കിയതും സെൽവരാജൻ ബോധംകെട്ട് വീണതും ഒന്നിച്ചായിരുന്നു..
(തുടരും)

ബാഗ്ലൂർ ഡേയ്‌സ് ഒന്നാം ഭാഗം – മറുനാട്ടിലെ മലയാളികളുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം – ജോൺ കുറിഞ്ഞിരപ്പള്ളി

(ബാംഗ്ലൂർ ഡേയ്‌സ് -സൂചന
മൊബൈൽ ഫോണുകളില്ലാത്ത ഡിജിറ്റൽ എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്ത കംപ്യൂട്ടറുകൾ ഡോസ് ഉപയോഗിച്ച് ജോലി ചെയ്തിരുന്ന എൺപതുകളിൽ ആരംഭിക്കുന്നു ഈ കഥ..
മറുനാട്ടിലെ മലയാളികളുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം,അത്രമാത്രം.ഇത് കഥയാണോ ജീവിതമാണോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല..

പട്ടണപ്രവേശം

ബാംഗ്ലൂരിലെ പ്രധാന റെയിൽവേ സ്റ്റേഷൻ,മജെസ്റ്റിക് സ്റ്റേഷൻ എന്നാണ് ഒരു കാലത്തു് അറിയപ്പെട്ടിരുന്നത്.ഇതെന്താ ഇങ്ങനെ ഒരു പേര് എന്ന് ആശ്ചര്യപ്പെടേണ്ടതില്ല.റെയിൽവേ സ്റ്റേഷനടുത്തു് മജെസ്റ്റിക് എന്ന പേരിൽ ഒരു സിനിമാ തീയേറ്റർ ഉണ്ടായിരുന്നു. ബാംഗളൂരിൽ പല റെയിൽവേ സ്റ്റേഷനുകൾ ഉള്ളതുകൊണ്ട് തിരിച്ചറിയാനായി ആളുകൾ സിനിമ തീയേറ്ററിൻ്റെ പേര് ചേർത്ത് വിളിച്ചു, അങ്ങനെ ആ പേര് കിട്ടി എന്നുമാത്രം.

മജെസ്റ്റിക് സ്റ്റേഷനിൽ ഞാൻ ആദ്യമായി വരികയാണ്.അതുകൊണ്ട് ട്രെയിനിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ മനസ്സിൽ അൽപം ഭയവും പരിഭ്രമവും ഉണ്ടായിരുന്നു..
കാത്തു് നിൽക്കാം എന്ന് പറഞ്ഞ സുഹൃത്ത് വന്നില്ലെങ്കിൽ എന്ത് ചെയ്യും?അല്ലെങ്കിൽ ട്രെയിൻ മൂന്നു നാലു മണിക്കൂർ താമസിച്ചാണ് സ്റ്റേഷനിൽ എത്തുന്നതെങ്കിൽ സുഹൃത്ത് മടങ്ങിപ്പോയേക്കാം.,അപ്പോൾ എന്ത് ചെയ്യും?

ജോലിക്കുള്ള അപ്പോയിൻറ് ഓർഡർ കയ്യിൽ ഉണ്ടെങ്കിലും ” ഓ സോറി നിങ്ങൾക്കയച്ചതല്ല ആള് മാറിപ്പോയി” , എന്നുപറഞ്ഞാൽ എന്ത് ചെയ്യും?.അങ്ങനെ ഒരു പാട് ചിന്തകൾ പരിഭ്രമിക്കാനായി കണ്ടു പിടിച്ചുകൊണ്ടായിരുന്നു ഞാൻ ട്രെയിനിൽ നിന്നും ഇറങ്ങിയത്.

നാട്ടിൽ നിന്നും ആദ്യമായി പുറത്തുപോകുന്നതാണ്.അതാണ് ഈ പരിഭ്രമത്തിൻറെയെല്ലാം കാരണം.
എന്നാൽ ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല.സുഹൃത്ത് പറഞ്ഞതുപോലെ റെയിൽവേ സ്റ്റേഷനിൽ വന്നു.പുതിയ ജോലിസ്ഥലം അവൻ കൊണ്ടുപോയി കാണിച്ചുതന്നു.അത്യാവശ്യം വേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു.

അവൻ്റെ താമസസ്ഥലത്തു നിന്നും വളരെ ദൂരമുണ്ട് എൻ്റെ ജോലി സ്ഥലത്തേക്ക്.അതുകൊണ്ട് ഒന്നിച്ചു താമസിക്കാൻ കഴിയില്ല. ഒരു വീട് വാടകക്ക് കിട്ടുമോ എന്ന് ഉടനെ കണ്ടുപിടിക്കണം..
വലിയ അധ്വാനമില്ലാതെ കിട്ടിയതാണ്,ഈ ജോലി.സ്ഥലവും ആളുകളും ഭാഷയും എല്ലാം വ്യത്യസ്തമാണ്.അതുകൊണ്ട് ജോയിൻ ചെയ്യാൻ അല്പം മടിയും പരിഭ്രമവും ഭയവും ഉള്ളിലുണ്ടായിരുന്നു.എല്ലാവരും പ്രോത്സാഹിപ്പിച്ചപ്പോൾ സമ്മതിച്ചു.”എന്നും അടുക്കളയിൽ ഒതുങ്ങിക്കൂടാനാണോ നിൻറെ ഭാവം?”കൂട്ടുകാർ കളിയാക്കി.
അങ്ങനെ ഇറങ്ങി തിരിച്ചതാണ്.

ഇപ്പോൾ താമസിക്കുന്ന ഹോട്ടലിൽ സ്ഥിരമായി താമസിക്കാൻ പറ്റില്ല.അത്യാവശ്യമായി ജോലിസ്ഥലത്തിനടുത്തു എവിടെയെങ്കിലും ഒരു വീട് കണ്ടുപിടിക്കണം.ആരോടെങ്കിലും ചോദിച്ചു ഒരു വീട് കണ്ടുപിടിക്കാം എന്ന ചിന്തയായിരുന്നു മനസ്സിൽ.ഒന്ന് രണ്ടു സഹപ്രവർത്തകരോട് പറഞ്ഞപ്പോൾ അവർക്കും ഏതാണ്ട് അതേ പ്രശനം തന്നെയാണ്..

ഒപ്പം ജോലിചെയ്യുന്ന ഒരാൾ പറഞ്ഞു,”ഇവിടെ സെക്യുരിറ്റിയിൽ ജോലി ചെയ്യുന്ന ആളുകൾ ഈ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് അവരോട് ചോദിച്ചു നോക്ക്”.
പ്രാദേശിക പത്രങ്ങളിൽ ക്ലാസിഫൈഡ് കോളങ്ങളിൽ പരസ്യം കൊടുത്തിരുന്നെങ്കിലും ഒരു മറുപടിയും കിട്ടിയില്ല.ഏതായാലും അന്വേഷിച്ചപ്പോൾ സെക്യുരിറ്റിയിൽ ജോലിചെയ്യുന്ന ഒരാൾ പറഞ്ഞു,അയാളുടെ വീടിനടുത്തുള്ള ഒരു തമിഴൻറെ വീട് ഒഴിഞ്ഞുകിടപ്പുണ്ട്.പക്ഷെ,ബാച്ചലേഴ്‌സിന് കൊടുക്കുമോ എന്ന് സംശയമാണ്.

ഏതായാലും അയാളെ നന്നായി സോപ്പിട്ടപ്പോൾ അയാൾ ഉത്സാഹിച്ചു, വീടുകിട്ടി.രണ്ടുമുറിയും ഒരു ഹാളും കിച്ചണും ഉണ്ട്.തരക്കേടില്ല.വാടക അല്പം കൂടുതലാണെങ്കിലും സാരമില്ല എന്നുവെച്ചു.ഹൗസ് ഓണർ താമസിക്കുന്നതും അടുത്ത് തന്നെ.ആൾ എക്സ്ട്രാ ഡീസൻറ്. നല്ല മനുഷ്യൻ,എപ്പോൾ വേണമെങ്കിലും എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചോളൂ എന്ന് അയാൾ ധൈര്യവും തന്നു.
സ്വാഭാവികമായും ഒരു പുതിയ സ്ഥലത്തു് ചെല്ലുമ്പോൾ എല്ലാവർക്കും ഉള്ളതുപോലെ ഉള്ളിൽ അൽപം ഭയവും ടെൻഷനും ഉണ്ട്.പക്ഷെ അത് പുറത്തുകാണിക്കാൻ പറ്റില്ലല്ലോ.
വീടുകിട്ടി.ഇനി ഫർണിച്ചർ വാങ്ങണം .കുറെ അതുമിതും വാങ്ങി ഒരു പിക്കപ്പിൽ വീട്ടിലെത്തിച്ചു.ഡ്രൈവർ എല്ലാം ഇറക്കിവയ്ക്കാൻ സഹായിച്ചു.

അടുത്തത് എല്ലാം ഒന്ന് സെറ്റ് ചെയ്യണം.ആരും സഹായിക്കാനില്ല.എല്ലാം സാവകാശം ചെയ്യാം.ഓടിനടന്ന് നല്ല ക്ഷീണവും ഉണ്ട്.ഇനി എല്ലാം നാളെ എന്ന് തീരുമാനിച്ചു.അല്പം വിശ്രമിച്ചിട്ട് പുറത്തുപോയി ഭക്ഷണം കഴിക്കാൻ ഒരു നല്ല ഹോട്ടൽ ക്ണ്ടുപിടിക്കണം.
വീടിൻ്റെ മുൻവശത്തെ വാതിലിൽ ആരോ മുട്ടുന്നു.
ഇതാരാണ് ?,എനിക്ക് ഇവിടെ ഒറ്റ പരിചയക്കാരുപോലും ഇല്ല.പോയി നോക്കിയപ്പോൾ ഒരു ചെറുപ്പക്കക്കാരൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു..
“എന്താ?
“ഞാൻ ജോർജുകുട്ടി.”
“അതിനു?”
“എടോ തൻ്റെ കൂടെ താമസിക്കാൻ വന്നതാ.”
“എൻ്റെ കൂടെ?”
“അതെ താൻ ഒറ്റക്കല്ലേ “?”
“അതെ”.
“ഞാനും ഒറ്റക്കാണ് .അപ്പോൾ നമുക്ക് ഒന്നിച്ചു താമസിക്കാം,അല്ലെ?”
“അതിന് നിങ്ങൾ ആരാണെന്നു എനിക്കറിയില്ല “.
“സാരമില്ല.നിങ്ങൾ ആരാണെന്നു എനിക്കറിയാം.ഇനി ഞാൻ ആരാണെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ അത് എൻ്റെ തെറ്റല്ല.”
“അങ്ങനെ താൻ ഇപ്പോൾ എൻ്റെ കൂടെ ഇവിടെ താമസിക്കണ്ട”.
“എന്ന് പറഞ്ഞാൽ പറ്റില്ല. എന്നെ എൻ്റെ താമസ സ്ഥലത്തുനിന്നും ഇറക്കി വിട്ടതാ,വാടക കൊടുക്കാത്തതുകൊണ്ട്.ഇനി അന്വേഷിച്ചു നടക്കാൻ പറ്റില്ല.ദാ ഞാൻ എൻ്റെ കട്ടിലും സാധനങ്ങളും ഇവിടെ കൊണ്ടുവന്നിട്ടുണ്ട്.തൻ്റെ കൂടെ താമസിക്കുകയാണെങ്കിൽ എനിക്ക് വാടകയും ലാഭിക്കാം.ഏതായാലും താൻ വാടക കൊടുക്കണം.അപ്പോൾ ഞാൻ സേഫ് ആയി.”അയാൾ പറയുന്നത് എന്താണ് എന്ന് എനിക്കുമനസ്സിലാക്കാൻ സമയം പോലും തരാതെ ജോർജ്‌കുട്ടി അകത്തേക്ക് കയറി.
“ആഹാ,ഈ സാധനങ്ങളെല്ലാം ഇങ്ങനെ വലിച്ചുവാരി ഇട്ടാൽ ഞാൻ എവിടെ കിടക്കും? വാ നമുക്ക് ഇതെല്ലം ഒന്ന് അടുക്കിപെറുക്കി വയ്ക്കാം”.

അയാൾ എല്ലാം അടുക്കി പെറുക്കാൻ തുടങ്ങി.ഏതായാലും അയാളുടെ സഹായം തൽക്കാലം നല്ലതു തന്നെ.
“എവിടെയാണ് ജോലി ചെയ്യുന്നത്?””നമ്മൾ ഒരേ സ്ഥലത്തുതന്നെ .ഞാൻ സ്റ്റോറിൽ ക്ലർക്കാണ്.സെക്യുരിറ്റിക്കാരൻ പറഞ്ഞു,നിങ്ങൾക്ക് ഒരു വീട് കിട്ടിയെന്ന്.”അപ്പോൾ അതാണ് കാര്യം.എല്ലാം ഒന്ന് ഒതുക്കിയ ശേഷം ജോർജ്‌കുട്ടി അയാളുടെ സാധനങ്ങൾ എടുത്തുകൊണ്ടുവന്നു.ആദ്യം ഒരു പെട്ടി തുറന്ന് ഒരു ഗിറ്റാർ എടുത്തു വച്ചു.വയ്ക്കുന്നതിന് മുൻപായി രണ്ടു മൂന്നു തവണ അതിൻ്റെ സ്ട്രിങ്ങിൽ തട്ടി ശബ്ദം കേൾപ്പിച്ചു.അടുത്ത പാക്കറ്റ് തുറന്നു.ഒരു വലിയ എയർ ഗൺ ആയിരുന്നു അത്.അതിൽ തിര തള്ളിക്കയറ്റി അയാൾ പൊട്ടിച്ചുകാണിക്കുമോ എന്ന ഒരു ഭയം മനസ്സിൽ തോന്നാതിരുന്നില്ല.ഒന്നും ചെയ്തില്ല.
അടുത്ത പാക്കറ്റ് തുറന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ പ്രാർത്ഥിച്ചു,കുഴപ്പം ഉള്ളതൊന്നും ആയിരിക്കരുതേ.അത് ഒരു ഇമ്മിണി വല്യപാക്കറ്റ് ആയിരുന്നു.ഒരു റൂമിൽ മുഴുവനും ആയി നിറഞ്ഞുനിൽക്കുന്ന ഒരു കശുമാവ്.കാണാൻ നല്ല ഭംഗിയുണ്ട്.,”സുഹൃത്ത് സിംഗപ്പൂരിൽ നിന്നും കൊണ്ടുവന്നതാണ്.”

അത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല,”ഒരു റൂം മുഴുവനും അതിനുവേണ്ടി……..”
“താൻ ബഹളം ഉണ്ടാക്കാതെ.അതിൻ്റെ തണലിൽ ചുവട്ടിൽ കിടന്നുറങ്ങാമല്ലോ.”നിമിഷനേരംകൊണ്ട് ജോർജ്‌കുട്ടി കശുമാവ് അസംബിൾ ചെയ്തു.ഒരു റൂം മുഴുവൻ നിറഞ്ഞു നിൽക്കുന്നു,ആ മരം.
വീണ്ടും മറ്റൊരു പാക്കറ്റ് അഴിച്ചു ഒരു പത്തുപന്ത്രണ്ടു ബെഡ് ഷീറ്റുകൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി വച്ചിരിക്കുന്നു.അത് ഓരോന്നായി എടുത്ത് കട്ടിലിൽ ഒന്നിനുമുകളി ഒന്നായി വിരിക്കുകയാണ്.
“ഇതെന്തിനാണ് ഒന്നിനുമുകളിൽ ഒന്നായി ഇത്രയധികം ബെഡ് ഷീറ്റുകൾ വിരിക്കുന്നത്?”.
“അത്, ഞാൻ ബെഡ് ഷീറ്റുകൾ അലക്കാറില്ല. ഒന്ന് മുഷിയുമ്പോൾ അതിൻ്റെ മുകളിൽ വേറൊന്ന് വാങ്ങിച്ചു വിരിക്കും.”
എനിക്ക് തലകറങ്ങാൻ തുടങ്ങി.
അയാൾ അടുത്ത പാക്കറ്റിൻറെ കെട്ടഴിച്ചു.
എൻ്റെ നെഞ്ചിൽ തീ ആളിപ്പടർന്നു.
അത് ഒരു പുസ്തകം ആയിരുന്നു,അത് തുറന്നു,എന്നിട്ടു പറഞ്ഞു.”ഞാൻ എന്നും ഉറങ്ങുന്നതിനുമുമ്പ് ഇതിൽ നിന്നും ഒരു അദ്ധ്യായം എടുത്തു വായിക്കും.അത് എൻ്റെ ഒരു പതിവാണ്.അത് ഒരു ബൈബിൾ ആയിരുന്നു.
“ഈ പുസ്തകത്തിലെ തുറക്കുമ്പോൾ കിട്ടുന്ന പേജ് വായിക്കും.അത് കിറു കൃത്യം ആയിരിക്കും.ഏതായാലും പുസ്തകം കയ്യിൽ എടുത്തതല്ലേ,ഒന്ന് നോക്കിക്കളയാം,”ജോർജ്‌കുട്ടി പറഞ്ഞു.
അങ്ങിനെ പറഞ്ഞെങ്കിലും അയാൾ പുസ്തകത്തിൽ അടയാളം വച്ച ഒരു പേജാണ് വായിക്കാൻ തുടങ്ങുന്നത് എന്ന് എനിക്ക് മനസ്സിലായി. എങ്കിലുംഞാൻ അറിയാത്ത ഭാവത്തിൽ ഇരുന്നു.
പുസ്തകം തുറന്ന് ജോർജ് കുട്ടി വായിച്ചു,”ഭയപ്പെടേണ്ട,ഞാൻ നിങ്ങളോടുകൂടിയുണ്ട്.”
എന്നിട്ടു എന്നെ ഏറുകണ്ണിട്ടു നോക്കി.
ഞാൻ പറഞ്ഞു,”വളരെ ശരിയാണ്.താൻ വന്നില്ലായിരുന്നെങ്കിൽ ഞാൻ ഭയപ്പെട്ടു വിഷമിച്ചു പോകുമായിരുന്നു.ഇനി ആ പുസ്തകം എനിക്ക് ഒന്ന് തരൂ,ഞാനും ഒന്നു നോക്കട്ടെ.”
ഞാൻ പുസ്തകം തുറന്നു.

“മൂഢനുമായി അധികം സംസാരിക്കുകയോ ബുദ്ധി സ്ഥിരത ഇല്ലാത്തവനെ സന്ദർശ്ശിക്കുകയോ അരുത്‌ അവനിൽ നിന്നും അകന്നു നിൽക്കുക.അവൻ നിന്നെ കുഴപ്പത്തിൽ ആക്കും.തന്നെ കുടഞ്ഞു അവൻ നിന്റ്റെ മേൽ ചെളി തെറിപ്പിക്കും.അവനെ ഒഴിവാക്കുക.നിനക്ക് സ്വസ്ഥത ലഭിക്കും.അവൻ്റെ ഭോഷത്തം നിന്നെ വിഷമിപ്പിക്കുകയും ഇല്ല.ഇത് പ്രഭാഷകൻ അധ്യായം ഇരുപത്തിരണ്ടിൽ പതിമൂന്നിൽ പറയുന്നതാണ്. ,ഇപ്പോൾ എന്ത് തോന്നുന്നു?”
ജോർജ് കുട്ടി എഴുന്നേറ്റു.ആ കളിയും ചിരിയും എല്ലാം നിന്നുപോയി.
“ശരി ഞാൻ പോയേക്കാം.”
ഞാൻ പറഞ്ഞു,”താൻ ഇപ്പോൾ പോകുന്നില്ല.”
ജോർജ് കുട്ടി വീണ്ടും ബൈബിൾ എടുത്തു തുറന്നു.”ഞാൻ വെളിച്ചവും ജീവനും ആകുന്നു.എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുന്നില്ല.”
“വാടക കൊടുക്കാതെ കൂടെ താമസിക്കാൻ ശ്രമിക്കുന്നവനെ സൂക്ഷിക്കണം എന്നും ബൈബിളിൽ പറയുന്നുണ്ട്.”
“ബൈബിളിൽ എവിടെ പറയുന്നു?”
“കുരിയാക്കോസ് എഴുതിയ ലേഖനത്തിൽ അങ്ങനെ പറയുന്നുണ്ട്”
“കുരിയാക്കോസ്,അത് ആരാ?യേശുവിന് അങ്ങനെ ഒരു ശിഷ്യനുണ്ടോ?”
“കുരിയാക്കോസ് എൻ്റെ അയൽക്കരനായിരുന്നു.അയാൾ മകന് അയക്കാനായി എഴുതിയ കത്ത് പോസ്റ്റ് ചെയ്യാൻ മറക്കാതിരിക്കാൻ ബൈബിളിൽ വച്ചു.അതിൽ എഴുതിയിരുന്നതാണ്.”
“ഓ,തമാശക്കാരനാണല്ലോ .ഇനിയുംവല്ലതും ഉണ്ടോ ഈ മോഡൽ?”
ജോർജ് കുട്ടിയുടെ പ്രകടനങ്ങൾ എന്നെ തീർത്തും അമ്പരപ്പിച്ചുകളഞ്ഞു.അയാൾ ഓരോ പാക്കറ്റുകൾ തുറക്കുമ്പോഴും ഇനി എന്ത് അപകടമാണ് വരാൻ പോകുന്നത് എന്ന ഉത്കണ്ഠയായിരുന്നു മനസ്സിൽ.
പലപല പാക്കറ്റുകളിലായി ജോർജ് കുട്ടി അയാളുടെ സാധനങ്ങൾ പാക്ക് ചെയ്ത് വച്ചിരിക്കുകയാണ്.
സമയം സന്ധ്യ ആകുന്നു.ഇരുട്ടിൻറെ നിഴലുകൾ പതുക്കെ ഞങ്ങളെ പൊതിഞ്ഞു തുടങ്ങിയപ്പോൾ ജോർജ് കുട്ടി പറഞ്ഞു.

“ഇനി നാളെ ബാക്കിതുറക്കാം.”എന്നിട്ട് ഒരു പാക്കറ്റ് കയ്യിലെടുത്തു.
“ഇനി ഞാൻ തുറക്കാൻപോകുന്നത് വളരെ ഇമ്പോർട്ടൻറായ ഒരു പാക്കറ്റ് ആണ് .അതോടുകൂടി ഇന്നത്തെ പ്രോഗ്രാം അവസാനിക്കുന്നു”.പാക്കറ്റ് തുറന്നു.ഞാൻ അമ്പരന്ന് ആ പാക്കറ്റിലേക്ക് നോക്കുന്നത് കണ്ട് ജോർജ്‌കുട്ടി ചോദിച്ചു,”എന്താ താൻ ഇങ്ങനെ തുറിച്ചുനോക്കുന്നത്?”

(തുടരും)