India

കർണാടകയിലെ കൂടുതൽ കോളേജുകളിൽ ഹിജാബ് നിരോധിക്കാൻ നീക്കം

കർണാടകയിലെ കൂടുതൽ കോളേജുകളിൽ ഹിജാബ് നിരോധിക്കാൻ നീക്കം. കുന്താപുര്‍ ഗവ. പി.യു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ ഇന്നലെയും തടഞ്ഞു. കോളേജിൽ പ്രതിഷേധം ശക്തമാകുകയാണ്. പർദ്ദ ധരിച്ച വിദ്യാർഥികൾ കോളേജിൽ കയറാതിരിക്കാൻ പ്രിൻസിപ്പാളിന്‍റെ നേതൃത്വത്തിൽ വ്യാഴാഴ്ച പ്രധാന കവാടം അടച്ച് പൂട്ടിയ കുന്താപുര്‍ ഗവ. പി.യു കോളേജിൽ വെള്ളിയാഴ്ചയും വിദ്യാർഥിനികൾ ഹിജാബ് ധരിച്ചെത്തി. ഇവരെ അധികൃതർ ബലം പ്രയോഗിച്ച് കോളേജ് കോമ്പൗണ്ടിൽ നിന്നും പുറത്താക്കി. ഇതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. കോളേജ് കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തു. ഇതേസമയം കാവി ഷാൾ കഴുത്തിലിട്ട് ജയ് ശ്രീറാം മുദ്രാവാക്യവുമായി സംഘ്പരിവാർ സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രകടനം നടത്തി. പ്രകടനം പ്രധാന കവാടത്തിലെത്തിയത് സംഘർഷ അന്തരീക്ഷമുണ്ടാക്കി. ബൈന്തൂർ ഗവ. പി. യു കോളേജിലും സംഘ് പരിപാർ വിദ്യാർഥി സംഘടനാ പ്രവർത്തകർ ഹിജാബിനെതിരെ രംഗത്തെത്തി. കാവി ഷാൾ ധരിച്ച് ക്ലാസിലെത്തിയായിരുന്നു പ്രതിഷേധം. ഉഡുപ്പി ഗവ. പി.യു കോളേജിലായിരുന്നു ആദ്യമായി ഹിജാബ് നിരോധിച്ചത്. കര്‍ണാടകയിലെ കൂടുതൽ കോളേജുകളിൽ ഹിജാബിനെതിരെ രംഗത്തു വരാനാണ് സംഘ് പരിവാർ സംഘടനകളുടെ തീരുമാനം.