ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. അനന്ത പത്മനാഭൻ തോപ്പ് എന്ന പേരിലും ഈ ദ്വീപ് അറിയപ്പെടുന്നു. കൊച്ചിൻ ഭീംജി ദേവ്ജി ട്രസ്റ്റിൽ നിന്നും ഷെവലിയർ എസിഎം അന്ത്രാപ്പർ ദ്വീപ് സ്വന്തമാക്കി. എഴുപതുകളുടെ അവസാനം വരെ തൈമറ്റത്തിൽ കുടുംബത്തിന്റെ സ്വകാര്യ ഉടമസ്ഥതയിലായിരുന്നു പാതിരാമണൽ ദ്വീപ്.
1979-ൽ സംസ്ഥാനത്ത് ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയപ്പോൾ ദ്വീപ് സർക്കാർ ഏറ്റെടുത്തു. പിന്നീട് ടൂറിസം വകുപ്പിന് കൈമാറി. എഴുപതുകളുടെ അവസാനം വരെ 14 തൊഴിലാളി കുടുംബങ്ങൾ ഈ ദ്വീപിൽ താമസിച്ചിരുന്നു. അവരെ പിന്നീട് മുഹമ്മ പഞ്ചായത്തിലെ ഭൂപ്രദേശത്ത് മാറ്റി പാർപ്പിച്ചു. ഇപ്പോൾ ദ്വീപിൽ ജനവാസമില്ലെങ്കിലും ജൈവവൈവിധ്യമാര്‍ന്ന ഈ ചെറു ദ്വീപ് വിവധയിനം കൊക്കുകളുടേയും ദേശാടനപ്പക്ഷികളുടേയും പറുദീസയാണ്.
പാതിരാമണല്‍ ദ്വീപിന്റെ ഉത്ഭവത്തെ കുറിച്ച് ഒട്ടേറെ കെട്ടുകഥകള്‍ പ്രചാരത്തിലുണ്ട്.
ചെറുപ്പക്കാരനായ ഒരു ബ്രാഹ്മണൻ സന്ധ്യാനമസ്കാരത്തിനായി കായലിൽ ഇറങ്ങിയപ്പോൾ കായൽ വഴിമാറിക്കൊടുത്ത് കരയായി മാറിയതാണ് പ്രകൃതിരമണീയമായ ഈ ദ്വീപ് എന്നാണ് ഒരു ഐതിഹ്യം. കൂടാതെ ഇവിടെയെത്തുന്ന കമിതാക്കൾക്ക് പ്രണയ സാഫല്യമുണ്ടാകുമെന്നും മറ്റൊരു വിശ്വസമുണ്ട്. തണ്ണീര്മുക്കത്തിന്റേയും, കുമരകത്തിന്റേയും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിലേക്ക് ജലമാര്‍ഗ്ഗം മാത്രമേ എത്താന്‍ സാധിക്കുകയുള്ളു.
ആലപ്പുഴ പട്ടണത്തിൽ നിന്ന് മോട്ടോർ ബോട്ടിൽ ഒന്നര മണിക്കൂർ അല്ലെങ്കിൽ സ്പീഡ് ബോട്ടിൽ അരമണിക്കൂർ യാത്ര ചെയ്താൽ ദ്വീപിലെത്താം. മുഹമ്മ-കുമരകം ജലപാതയിൽ ഓടുന്ന ബോട്ടുകൾ പാതിരാമണൽ വഴിയാണ് പോകുന്നത്. കുമരകത്ത് നിന്ന് പാതിരാമണലിൽ എത്താൻ ഏകദേശം 40 മിനിറ്റ് എടുക്കും. വേമ്പനാട്ടു കായലിലൂടെയുള്ള ഈ യാത്ര വിസ്മയിപ്പിക്കുന്ന അനുഭവമാണ്. ആലപ്പുഴ – തണ്ണീർമുക്കം റോഡിൽ കായിപ്പുറം ജംഗ്ഷന് അടുത്തുള്ള കായിപ്പുറം ജെട്ടിയിൽ നിന്നും ബോട്ട് വാടകയ്ക്കെടുക്കുന്നതാണ് പാതിരാമണലിലെത്താനുള്ള ഏറ്റവും എളുപ്പമാർഗം.
കായൽക്കണ്ടൽ, കരക്കണ്ടൽ, ചക്കരക്കണ്ടൽ തുടങ്ങിയ കണ്ടൽച്ചെടികളാൽ ജൈവവൈവിധ്യങ്ങളുടെ കലവറയാണ് പാതിരാമണൽ. പലതരം പക്ഷികളുടെ സ്വസ്ഥവാസസ്ഥലം കൂടിയാണ് മനുഷ്യവാസമില്ലാത്ത ഈ ദ്വീപ്. ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 150 ഓളം ഇനത്തിൽപ്പെട്ട പക്ഷികൾ ഈ ദ്വീപിലും പരിസരത്തും ഉളളതായി പക്ഷി നിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാലന്എരണ്ട, എരണ്ട, പാതിരാകൊക്ക്, കിന്നരിനീര്‍കാക്ക, ചേരകൊക്ക്, നീര്‍കാക്ക, താമരക്കോഴി, പാത്തി കൊക്കന്, മീന്‍കൊത്തി, ചൂളന്‍എരണ്ട തുടങ്ങി ഒട്ടേറെ ഇനം പക്ഷികള്‍ ഈ മരതക ദ്വീപിനെ പക്ഷി നിരീക്ഷകരുടെ സ്വര്‍ഗ്ഗമാക്കി മാറ്റിയിരിക്കുന്നു.
പലതരം ഉദ്ഘാടന മാമാങ്കങ്ങൾ പലകുറി നടന്നിട്ടുണ്ടെങ്കിലും ഇതുവരെ ശിലാഫലകങ്ങളല്ലാതെ മറ്റൊന്നും ഈ ദ്വീപിൽ ഉയർന്നിട്ടില്ല. 1989-ൽ ഇന്ത്യൻ വൈസ് പ്രസിഡന്റായിരുന്ന ശങ്കർ ദയാൽ ശർമയാണ് പാതിരാമണൽ ടൂറിസം പദ്ധതിക്ക് ആദ്യമായി തറക്കല്ലിടുന്നത്. 2008 നവംബർ 10-ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ബയോപാർക്ക് നിർമ്മാണ ഉദ്ഘാടനം നടത്തി. ബയോപാർക്കിന്റെ ഉദ്ഘാടനഫലകം നോക്കുകുത്തിയായപ്പോൾ നാണക്കേടിൽനിന്നു രക്ഷനേടാൻ മുഹമ്മ പഞ്ചായത്ത് ഓഫീസ് അങ്കണത്തിലേക്ക് അധികൃതർ ഫലകം മാറ്റിസ്ഥാപിച്ച് തൽക്കാലം തടിതപ്പി. പ്രാഥമിക സൗകര്യം പോലുമില്ലെങ്കിലും പാതിരാമണലിന്റെ സൗന്ദര്യം ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമായ നൂറുകണക്കിനു വിനോദസഞ്ചാരികളാണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്.
ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമായ ദ്വീപിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ബാംബൂ കോർപ്പറേഷനുമായി പ്രാഥമിക ചർച്ചയൊക്കെ നടത്തിയെങ്കിലും ആ പദ്ധതികളെല്ലാം കുംഭകർണ്ണനേപ്പോലെ ഇപ്പോഴും കടലാസിലുറങ്ങുകയാണ്. സംസ്ഥാന ജലഗതാഗതവകുപ്പ് പാതിരാമണലിലേയ്ക്ക് വിനോദയാത്രാ ബോട്ട് സർവീസ് തുടങ്ങുമെന്ന പ്രഖ്യാപനവും വെള്ളത്തിൽ വരച്ച വരയായി തുടരുന്നു.
സസ്യ ജന്തു ജാലങ്ങൾ കൊണ്ട് സമ്പന്നവും പ്രകൃതി സൗന്ദര്യം നിറഞ്ഞതുമായ പാതിരാമണൽ ദ്വീപിനെ പ്രാദേശിക ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രഖ്യാപിച്ചതോടെ, ആലപ്പുഴയുടെ വിനോദ സഞ്ചാരമേഖലയ്ക്കും മുഹമ്മ ഗ്രാമത്തിനാകെയും വലിയ നേട്ടം കൈവരുമെന്നാണ് കരുതുന്നത്.
പാതിരാമണലിന്റെ പച്ചപ്പിൽ പൊതിഞ്ഞ മനോഹാരിത മനുഷ്യമനസ്സുകളെ മാത്രമല്ല ത്രസിപ്പിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവയിനം ദേശാടന പക്ഷികളേയും ഈ സുന്ദരി ദ്വീപ് മോഹിപ്പിക്കുന്നു. വേമ്പനാട്ടു കായലിലെ കുഞ്ഞോളങ്ങൾ കുത്തിയ പാതിരാമണലെന്ന പച്ചപ്പൊട്ടിൽ ദേശാടന പക്ഷികൾക്ക് സ്വസ്ഥമായി ചിറക് വിരിച്ച് ചേക്കേറാനും, വിനോദ സഞ്ചാരികൾക്ക് ദ്വീപിലെ പ്രകൃതിയുടെ അനുഭൂതിയിലൂടെ യഥേഷ്ടം നടക്കാനും സസ്യശ്യാമള കോമളയായി ഈ ദ്വീപ് എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ.