മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ ജയറാമും വേഷമിടുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ജയറാമുമായി സംസാരിച്ചെന്നും കരാറില്‍ ഒപ്പിട്ടുവെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് സംവിധായകന്‍ മണിരത്നം ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ കുറിച്ചുള്ളതാണ് കൃതി. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, കാര്‍ത്തി, വിക്രം, ജയം രവി, കീര്‍ത്തി സുരേഷ്, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മഡോണ സെബാസ്റ്റിനും ചിത്രത്തില്‍ വേഷമിടുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി എം.ജി.ആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിച്ചു. മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയാണ് ഈ ചിത്രം. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോകുകയായിരുന്നു.
അരവിന്ദ് സ്വാമി, വിജയ് സേതുപതി, സിമ്പു, ജ്യോതിക, പ്രകാശ് രാജ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചെക്ക ചിവന്ത വാനമായിരുന്നു മണിരത്നത്തിന്റെ ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രം. 2018 സെപ്തംബറില്‍ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു.